എട്ടാം തവണയും കര്‍ഷക ചര്‍ച്ച പരാജയം
ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകളും പിന്‍വലിക്കല്‍ സാധ്യമല്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാരും ഉറച്ചു നിന്നതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള എട്ടാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച 15ന് നടക്കും.
നിയമത്തിലെ ഓരോ വകുപ്പുകള്‍ എടുത്തു ചര്‍ച്ച ചെയ്യുകയും ആവശ്യമെങ്കില്‍ ഭേദഗതി കൊണ്ടുവരികയും ചെയ്യുകയെന്ന നിര്‍ദേശം ഇന്നലെ നടന്ന യോഗത്തിലും സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും സമരക്കാര്‍ തള്ളി.
നിയമങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിക്കാനാവില്ലെന്നും നിയമത്തെ അനുകൂലിക്കുന്ന കര്‍ഷകരും രാജ്യത്തുണ്ടെന്നുമുള്ള നിലപാടാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ യോഗത്തില്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ പൊതുതാല്‍പര്യം പരിഗണിക്കണമെന്നും തോമര്‍ ആവശ്യപ്പെട്ടു.
നിയമം പിന്‍വലിക്കാതെ തങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും സമരം തുടരുമെന്നും ഇതിനു മറുപടിയായി സമരക്കാര്‍ അറിയിച്ചു. മൂന്നര മണിക്കൂറോളം ചര്‍ച്ച നീണ്ടുവെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ഏഴ് തവണ നടത്തിയ ചര്‍ച്ചയിലും സ്വീകരിച്ച നിലപാട് തന്നെ കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.
നിയമം പിന്‍വലിക്കുന്നതല്ലാത്ത എന്തു നിര്‍ദേശം കര്‍ഷകര്‍ മുന്നോട്ടുവച്ചാലും ചര്‍ച്ചയാവാമെന്ന് കര്‍ഷകരെ അറിയിച്ചതായി യോഗത്തിനു ശേഷം നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു നിര്‍ദേശം കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചില്ല.
ഈ സാഹചര്യത്തില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നുവെന്ന് തോമര്‍ പറഞ്ഞു.
കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറെക്കൂടാതെ ഭക്ഷ്യ- വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മന്ത്രിമാരുമായി നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."