കൊലപാതകം അപലപനീയം; കേരള പൊലിസിന്റെ അലംഭാവം ഒരിക്കല്‍കൂടി വ്യക്തമാവുകയാണ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ക്കന്‍ ധീരജിന്റെ കൊലപാതകം അപലപനീയമാണെന്നും കൊലപാതക രാഷ്ടീയം കെ.എസ് യു. ശൈലി അല്ലെന്നും രമേശ് ചെന്നിത്തല.
ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സിപിഎമ്മും എസ്എഫ്‌ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സിപിഎമ്മിന്റെ തനിനിറം തുറന്ന് കാട്ടുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടികള്‍ നിങ്ങള്‍ക്ക് പിഴുതെറിയാം. എന്നാല്‍, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തില്‍നിന്ന് പിഴുതെറിയാന്‍ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്നലെ ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം തികച്ചും അപലപനീയമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു കുറ്റകൃത്യം. പൊലിഞ്ഞുപോയ ആ പിഞ്ചുമകന് എൻ്റെ ആദരാഞ്ജലികൾ. ധീരജിൻ്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എൻ്റെ അനുശോചനം അറിയിച്ചുകൊള്ളുന്നു.
കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് കെഎസ്‌യു പ്രവർത്തകർ ആണ്. തിരിച്ചടിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടല്ല കെഎസ്‌യു പ്രവർത്തകർ അങ്ങനെ ചെയ്യാത്തത്. ഞാൻ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന സമയത്തും അതിന് മുമ്പും പിമ്പും കൈക്കൊണ്ടിരുന്ന നിലപാട് ഗാന്ധിജിയുടെ അക്രമരഹിത മാർഗങ്ങൾ മുറുകെപ്പിടിക്കുന്നതായിരുന്നു. ഈ നിലപാട് തുടരുന്നതുകൊണ്ടാണ് കെഎസ്‌യു പ്രവർത്തകർ തിരിച്ച് അക്രമങ്ങൾ അഴിച്ചു വിടാത്തത്. മറ്റു പാർട്ടിപ്രവർത്തകരെ കൊല ചെയ്യുവാനോ ആക്രമിക്കുവാനോ തയ്യാറാവാത്തത്.
ഇടുക്കിയിൽ നടന്ന സംഭവത്തിൻ്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിൻ്റെ തനിനിറം തുറന്ന് കാട്ടുകയാണ്. കോൺഗ്രസ് പാർട്ടിയുടെ കൊടികൾ നിങ്ങൾക്ക് പിഴുതെറിയാം. എന്നാൽ, ഇതെല്ലാം കണ്ടിരിക്കുന്ന ജനം നിങ്ങളെ കേരളത്തിൽനിന്ന് പിഴുതെറിയാൻ കാത്തിരിക്കുകയാണ്. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമണങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."