കൊവിഡ് കുതിച്ചുചാട്ടം: വിവാഹ- മരണ ചടങ്ങുകളിൽ 50 പേർ മാത്രം
ഓഫിസുകൾ പരമാവധി
ഓൺലൈനിലേക്ക് മാറണം
തിരുവനന്തപുരം
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വിവാഹ- മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ 50 പേർക്ക് മാത്രം അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകൾ ഉടൻ അടയ്‌ക്കില്ല. എന്നാൽ, നിയന്ത്രണങ്ങൾ കൊണ്ടുവരും. രാത്രികാല കർഫ്യൂ വേണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി.
പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട നിയന്ത്രണം കർശനമാക്കും. ഓഫിസുകൾ പരമാവധി ഓൺലൈൻ ആക്കാനും നിർദേശമുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികൾ അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. 15 വയസിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ഈ ആഴ്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വാക്‌സിനേഷൻ നൽകുന്നകാര്യം പരിശോധിക്കുമെന്ന് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരികഅകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ മൂന്നിരട്ടിവരെ ആവുകയും ഒമിക്രോൺ കേസുകൾ കൂടുതലാവുകയും ചെയ്തതോടെയാണ് അവലോകനയോഗം ചേർന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."