കോഴിക്കോട് നിന്നും സഊദിയിലേക്ക് സഊദിയയും ഇൻഡിഗോയും ഷെഡ്യൂളുകൾ പ്രസിദ്ധീകരിച്ചു
റിയാദ്: സഊദിയിലേക്കുള്ള പ്രവേശന വിലക്ക് പൂർണമായും നീക്കുകയും വ്യോമ നിരോധനം ഒഴിവാക്കുകയും ചെയ്യന്ന മാർച്ച് 31 നു ശേഷം വിമാന സർവ്വീസ് പുനഃരാരംഭിക്കാൻ സജ്ജമാണെന്ന് സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തേക്കും വിവിധ രാജ്യങ്ങളിലേക്കും സർവ്വീസ് നടത്താനുള്ള ഒരുക്കങ്ങളാണ് സഊദിയ ഇപ്പോൾ തന്നെ തുടങ്ങിയത്. സാധാരണ രീതിയിലേത് പോലെ തന്നെ സഊദിയിലേക്കുള്ള സർവ്വീസ് പൂർണ്ണ തോതിൽ പുനഃരാരംഭിക്കാനാണ് സഊദിയയുടെ നീക്കം. സഊദി സിവിൽ ഏവിയേഷ അതോറിറ്റി, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് മാർച്ച് 31 ന് ശേഷം സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന് സഊദി എയർലൈൻസ് സിഇഒ ഇബ്‌റാഹീം അൽ കിശി അറിയിച്ചു.
സഊദിയക്ക് പുറമെ മറ്റു വിദേശ വിമാന കമ്പനികളും ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് സർവ്വീസുകൾ പുനഃരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് വിദേശ വിമാനങ്ങൾ സർവ്വീസുകൾ നടത്തുന്നതിനാൽ സഊദിയിലേക്കുള്ള കണക്ഷൻ സംവിധാനം മാത്രം ഇവർക്ക് ഒരുക്കിയാൽ മതിയാകും.
സഊദി എയർലൈൻസ് ഏപ്രിൽ മുതൽ കോഴിക്കോട് നിന്നും റിയാദിലേക്ക് വിമാനം ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. യാത്രക്കാർക്ക് ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യവും സഊദിയ ഒരുക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിലേക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തുന്നവയിൽ സഊദിയക്ക് പുറമെ ഇൻഡിഗോ വിമാന കമ്പനി മാത്രമാണ് അവരുടെ വെബ്‌സൈറ്റിൽ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എയർ ഇന്ത്യയും എക്‌സ്‌പ്രസും സഊദിയിലേക്കുള്ള ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ ഇവരും ഷെഡ്യൂളുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കൂടാതെ, കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും വിവിധ സഊദി വിമാനത്താവളങ്ങളിലേക്ക് നേരത്തെ സർവ്വീസ് നടത്തിയിരുന്ന എമിറേറ്റ്സ്, ഗൾഫ് എയർ, ഒമാൻ എയർ തുടങ്ങിയ വിമാനക്കമ്പനികളും അവരുടെ വെബ്‌സൈറ്റുകളിൽ സഊദിയിലേക്ക് ഏപ്രിൽ മുതലുള്ള യാത്രാ ഷെഡ്യൂളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തർ പ്രതിസന്ധി അവസാനിച്ചതോടെ ഖത്തർ എയർവെയ്‌സും കേരളത്തിൽ നിന്നും സഊദി ഷെഡ്യുളുകൾ പ്രഖ്യാപിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."