പഞ്ചാബിൽ കർഷകർ കണക്കു തീർക്കുമോ?
ചണ്ഡിഗഢ്
കർഷക സമരത്തിന്റെ ഐതിഹാസിക വിജയത്തിനു പിന്നാലെയാണ് ഇത്തവണ പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരിച്ചടി ഭയന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും മോദി സർക്കാർ തയാറായെങ്കിലും കർഷക രോഷത്തിന്റെ ചൂടണഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഫിറോസ്പൂരിൽ പ്രധാനമന്ത്രി മോദി കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പെരുവഴിയിലാവുകയും നിശ്ചയിച്ചുറപ്പിച്ച പരിപാടി റദ്ദാക്കി തിരികെ പോകുകയും ചെയ്തിരുന്നു. ഇതു രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിച്ച ബി.ജെ.പി പരാജയപ്പെട്ട മട്ടാണ്. 117 സീറ്റുകളിലേക്കാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി ഇതര വോട്ടുകളിൽ കണ്ണുവച്ച് ആം ആദ്മി പാർട്ടി ശക്തമായി മത്സര രംഗത്തുണ്ട്. എ.എ.പിയുടെ സംസ്ഥാനത്തെ രാഷ്ട്രീയ വളർച്ച അതിവേഗത്തിലാണ്. കർഷക സമരത്തിൽ പങ്കെടുത്ത 22 സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമാജ് മോർച്ചയും ഇത്തവണ മത്സരത്തിന് ഇറങ്ങുമെന്നതിനാൽ കർഷക വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയുണ്ട്. കർഷക സമാജ് മോർച്ച ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. 60 സീറ്റുകളാണ് അവർ ചോദിച്ചതെങ്കിലും 10 സീറ്റ് നൽകാൻ എ.എ.പി തയാറായിട്ടുണ്ട്. ബൽബീർ സിങ് നേതൃത്വം നൽകുന്ന കർഷക മുന്നണിയാണ് സംയുക്ത സമാജ് മോർച്ച (എസ്.എസ്.എം). ഗുർണം സിങ് ചാദുനിയുടെ സംയുക്ത സംഘർഷ് പാർട്ടി (എസ്.എസ്.പി)യും മത്സര രംഗത്തുണ്ട്. ഇവർ എസ്.എസ്.എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കർഷക പാർട്ടികളുടെ വോട്ടുകൾ എ.എ.പി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഈ രണ്ടു കർഷക പാർട്ടികളും എല്ലാ മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
109 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്ന എ.എ.പി കഴിഞ്ഞ ദിവസം ഒൻപതാമത്തെ സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. 2017 ലെ തെരഞ്ഞെടുപ്പിൽ എ.എ.പിയായിരുന്നു പഞ്ചാബിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷി. 20 സീറ്റാണ് എ.എ.പി നേടിയത്. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ശിരോമണി അകാലിദൾ 14 സീറ്റാണ് നേടിയത്. കോൺഗ്രസ് 77 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ബി.ജെ.പിക്ക് നാലു സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.
ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി തിരിച്ചടി ഭയക്കുന്നുണ്ട്. പടലപ്പിണക്കം ഉണ്ടായി പാർട്ടി ഉലഞ്ഞ സംഭവം ഉണ്ടായതോടെ ഇവിടെ ഭരണം നിലനിർത്തുക എന്നത് കോൺഗ്രസിന്റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് പഞ്ചാബ്.
കേവല ഭൂരിപക്ഷം നേടാൻ 59 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ പഞ്ചാബിൽ പാർട്ടിയെ ഒറ്റയ്ക്ക് തോളിലേറ്റി വിജയിപ്പിച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി രൂപീകരിച്ച് കോൺഗ്രസിനെതിരേ മത്സരരംഗത്തുണ്ടെന്നത് തിരിച്ചടിയാകുമോയെന്ന ഭയം അവർക്കുണ്ട്. അമരീന്ദറിനേക്കാൾ ശക്തമായ നേതൃത്വമാണ് ഇപ്പോൾ പഞ്ചാബിലുള്ളതെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
പാർട്ടിയെ നവ്ജ്യോത് സിങ് സിദ്ദുവും സർക്കാരിനെ ചരൺജിത് സിങ് ചന്നിയും നയിക്കുന്നു. അമരീന്ദർ സിങ്ങിന്റെ പാർട്ടി ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ പാർട്ടിക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാനാകുമെന്ന് ഇനിയും വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."