എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വരാന്‍ സാധ്യത കുറവ്; ഇന്ത്യയില്‍ നിന്നു സഊദിയിലേക്കുള്ള വിമാന സര്‍വീസ് എപ്രില്‍ മുതല്‍
ജിദ്ദ: ഇന്ത്യയില്‍ നിന്നു സഊദിയിലേക്കുള്ള വിമാന സര്‍വീസ് എപ്രില്‍ മുതല്‍ പുനരാരംഭിക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ നിറുത്തി വച്ച അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ആണ് ഇത്.
അതേ സമയം എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍നിന്ന് സഊദിയിലേക്ക് ചാര്‍ട്ടേഡിന് അനുമതിയുണ്ടാകുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. മാര്‍ച്ച് 31 ന് വിമാന വിലക്ക് പൂര്‍ണമായും പിന്‍വലിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ബബ്ള്‍ കരാര്‍ നിലവില്‍ വരാന്‍ സാധ്യത കുറവാണ്.
നിലവില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സഊദിയിലേക്ക് ദിനേന വിമാനങ്ങളെത്തുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് രൂക്ഷതയില്‍ കാര്യമായ കുറവ് വരാത്തതായിരിക്കാം എയര്‍ ബബ്ള്‍ കരാറിന് തടസ്സമാകുന്നതെന്നതാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനങ്ങള്‍ സൗദിയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും തിരിച്ച് സര്‍വീസിന് അനുമതിയില്ല. എപ്രില്‍ മുമ്പെ സഊദിയിലെത്തണമെന്നുള്ളവര്‍ ദുബായ്, മാലിദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍ 14 ദിവസം കഴിയേണ്ടിവരും.
മാര്‍ച്ച് 31 ഓടെ ഒന്നാം ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം പൂര്‍ണമാകുമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റും അപ്പോഴേക്കും വാക്‌സിന്‍ നല്‍കിയിരിക്കുമെന്നുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ വിലയിരുത്തലിന് ശേഷമാണ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ പൂര്‍ണമായും തുറന്നിടുന്നത് സംബന്ധിച്ച് സഊദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയത്. എന്നാല്‍ അതിര്‍ത്തികള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അറിയിപ്പ് വന്നിട്ടില്ല.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് സഊദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."