എലത്തൂരില്‍ 'ഗതാഗത തടസം' എ.കെ ശശീന്ദ്രന്റെ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കും; റിയാസിന് സാധ്യത
കോഴിക്കോട്: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ സിറ്റിങ് സീറ്റായ എലത്തൂര്‍ സി.പി.എം ഏറ്റെടുത്തേക്കും. കോഴിക്കോട് ജില്ലയില്‍ എല്‍.ഡി.എഫിന് ഏറ്റവും ശക്തിയുള്ള മണ്ഡലമാണ് എലത്തൂര്‍. കഴിഞ്ഞ തവണ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനെയാണ് ഇവിടേക്ക് സി.പി.എം പരിഗണിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍.സി.പി എല്‍.ഡി.എഫ് വിടാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പിളര്‍ത്തി മുന്നണിയില്‍ ഉറച്ചുനില്‍ക്കാനാണ് എ.കെ ശശീന്ദ്രന്റെ തീരുമാനം. സിറ്റിങ് സീറ്റില്‍ ഒരുതവണ കൂടി അവസരം നല്‍കണമെന്ന ആവശ്യം ശശീന്ദ്രന്‍ സി.പി.എം നേതൃത്വത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. എന്നാല്‍ ശശീന്ദ്രന് എലത്തൂര്‍ നല്‍കാനാവില്ലെന്നും പകരം മറ്റേതെങ്കിലും മണ്ഡലം നല്‍കാമെന്നുമാണ് സി.പി.എം നിലപാട്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സിറ്റിങ് സീറ്റായ കണ്ണൂരില്‍ മത്സരിക്കാമെന്ന് ചില സി.പി.എം നേതാക്കള്‍ ശശീന്ദ്രനോട് സൂചിപ്പിച്ചിട്ടുണ്ട്. കടന്നപ്പള്ളി മത്സരരംഗത്തുനിന്ന് മാറിനില്‍ക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് ജയിച്ച മണ്ഡലമാണെങ്കിലും യു.ഡി.എഫിന് മുന്‍തൂക്കമുള്ള കണ്ണൂരില്‍ മത്സരിക്കാന്‍ ശശീന്ദ്രന് താല്‍പര്യമില്ല. 2011ല്‍ നിലവില്‍ വന്ന എലത്തൂരിനെ രണ്ടുതവണയായി എ.കെ ശശീന്ദ്രനാണ് പ്രതിനിധീകരിക്കുന്നത്. 2006ല്‍ ബാലുശ്ശേരിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മണ്ഡലപുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ബാലുശ്ശേരി സംവരണ മണ്ഡലമായതോടെയാണ് പുതുതായി രൂപംകൊണ്ട എലത്തൂര്‍ ശശീന്ദ്രന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."