മതനിരാസത്തിലേക്കുള്ള ക്ഷണങ്ങളെ കരുതിയിരിക്കുക
പുത്തൂർ റഹ്മാൻ
കമ്യൂണിസവും ഒരു മതമാണ്. കാറൽമാർക്‌സിന്റെയും സമകാലികരുടെയും സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ശേഷമുണ്ടായ കൂട്ടിച്ചേർക്കലും അടിസ്ഥാന തത്വമായ മതം. കമ്യൂണിസത്തെ ലക്ഷ്യമായും ആ ലക്ഷ്യത്തിലേക്കുള്ള സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ചരിത്രവിശകലനങ്ങളും ഉൾപ്പെട്ട മാർഗരേഖയെ മാർക്‌സിസമെന്നും മനസിലാക്കാം. മതങ്ങളെ സംബന്ധിച്ച മാർക്‌സിസ്റ്റ് വീക്ഷണം ലഹരിവസ്തുവായ കറുപ്പ് മയക്കം നൽകുന്നതുപോലെ മതങ്ങൾ മനുഷ്യരെ മയക്കിക്കിടത്തുന്നു എന്നതാണ്. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവോ നിയന്താവോ ഉണ്ടെന്നത് കമ്യൂണിസ്റ്റുകൾക്കു സമ്മതിക്കാനാവില്ല. കാരണം മാർക്‌സിസ്റ്റ് ദർശനം അടിസ്ഥാനപരമായി ദൈവത്തെയോ മതത്തെയോ അംഗീകരിക്കുന്നില്ല. പ്രപഞ്ചാതീതമായ ശക്തിയോ മരണാനന്തരമുള്ള ജീവിതമോ മാർക്‌സിസ്റ്റുകളുടെ ചിന്താപരിധിയിലില്ല. മെറ്റീരിയലിസ്റ്റുകളാണവർ, അഥവാ ഭൗതികവാദികൾ. മാർക്‌സ്‌നെയും എംഗൽസിനെയും ലെനിനെയും ഉദ്ധരിച്ചുകൊണ്ട് കേരള കമ്യൂണിസ്റ്റുകളുടെ പഴയ പാഠപുസ്തകങ്ങളിലെല്ലാമുള്ള വാദം പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെയോ വ്യക്തിയുടെയോ സൃഷ്ടിയല്ല എന്നാണ്. മാർക്‌സിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണമാണിത്. അതുകൊണ്ടാണ് കേരളത്തിലടക്കം മാർക്‌സിസ്റ്റുകളും യുക്തിവാദികളും വളരെക്കാലം സഹയാത്രികരായിരുന്നത്.
മതന്യൂനപക്ഷങ്ങളുടെ വോട്ട് ഒരു പ്രധാനപ്പെട്ട ആവശ്യമായപ്പോൾ മാത്രമാണ് മാർക്‌സിസ്റ്റു പാർട്ടികൾ യുക്തിവാദികളുമായുള്ള പരസ്യബാന്ധവം അവസാനിപ്പിച്ചത്. ദൈവത്തെയും മതത്തെയും നേരിട്ടാക്രമിച്ച് വിശ്വാസികളുടെ വിരോധം വരാതിരിക്കാൻ ശ്രദ്ധിക്കുമ്പോഴും യുക്തിവാദത്തെ ഇതുവരേയവർ തള്ളിപ്പറഞ്ഞിട്ടില്ല. അവർ മതത്തെ നിരന്തരം തള്ളിപ്പറയാറുമുണ്ട്. യുക്തിവാദികളുമായി പണ്ടുണ്ടായിരുന്ന പരസ്യമായ സഹകരണം ഇപ്പോഴില്ല എന്നതു മാത്രമാണൊരു മാറ്റം. 'സോഷ്യലിസ്റ്റ് വിപ്ലവത്തിന് വേണ്ടിയുള്ള സമരം വിജയിപ്പിക്കുന്നതിന്ന്, ജാതിമതാദി സാമൂഹിക വ്യവസ്ഥകൾക്കും അവയുടേതായ ആശയശക്തികൾക്കും എതിരായി രൂക്ഷമായ സമരം നടത്തേണ്ടതുണ്ട്. മാർക്‌സിസ്റ്റുകളും സമരോത്സുകരായ ഭൗതികവാദികളും തമ്മിലുള്ള ഐക്യമുന്നണി എന്ന ആശയം ലെനിന്റേതാണ്' എന്നാണ് പതിറ്റാണ്ടുകൾക്ക് മുമ്പേ, കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് നമ്പൂതിരിപ്പാട് (ചിന്ത വാരിക, 29 ജൂലൈ 1983) തുറന്നെഴുതിയത്. സമരോത്സുകരായ ഭൗതികവാദികൾ എന്ന് അന്ന് ഇ.എം.എസ് വിശേഷിപ്പിച്ചതാരെയാണോ, അവരുടെ പിൻഗാമികളാണ് ഇപ്പോഴത്തെ മതവിരോധികളും ദൈവനിഷേധികളും എന്നത് ഇരുട്ടിലും വ്യക്തതയുള്ള സത്യമാണ്.
ദൈവവിശ്വാസത്തെയും മതജീവിതത്തെയും നിരസിക്കുന്ന യുക്തിചിന്തകളാണ് കമ്യൂണിസത്തിന്റെയും മാർക്‌സിസത്തിന്റെയും അടിസ്ഥാനം. പാർട്ടി ക്ലാസുകൾ മുതൽ പ്രസിദ്ധീകരണങ്ങളും പോഷകസംഘടനകളും യുക്തിവാദത്തെയും ശാസ്ത്രവാദത്തെയുമാണ് മുന്നോട്ടുവച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള ഇടതുസംഘങ്ങളുടെ ഒരു കാലത്തെ പ്രധാന പ്രവർത്തനമേഖല ശാസ്ത്ര പ്രചാരണത്തിന്റെ പേരിലുള്ള ദൈവവിമർശനവും മതനിഷേധവുമായിരുന്നു. ഇതിനൊരു മാറ്റമുണ്ടായത്, റഷ്യയിലും ചൈനയിലും മാർക്‌സിസം ഒരു ദർശനം എന്ന നിലയിലും രാഷ്ട്രീയ പ്രയോഗം എന്ന നിലയിലും പരാജയപ്പെട്ടതോടെയാണ്. കേരളത്തിൽ ഇസ്‌ലാംമത വിമർശനവും അവഹേളനവും പതിവാക്കിയിരുന്ന ഒട്ടേറെ പേനയുന്തികളും ഒച്ചപ്പാടുകാരും പണിനിർത്തിപ്പോയത് അതോടെയാണ്.
അതിനുശേഷമുണ്ടായ ഒരു പുതിയ വെളിപാടായിരുന്നു ഇസ്‌ലാം ഒരു ദർശനം എന്ന നിലയിൽ കമ്യൂണിസത്തിന്റെ ആദർശങ്ങളെ കൂടി ഉൾക്കൊള്ളുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സുഖിപ്പിക്കലുകൾ. മുതലാളിത്ത ചൂഷണവും ലാഭം കുന്നുകൂടുന്നതും സമ്പത്ത് ചില വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികവും സാമൂഹികവുമായ നീതിയുടെ ആശയങ്ങളെ ഉദ്ധരിച്ചുമായിരുന്നു ആ പ്രശംസകൾ. അതും ഫലിക്കുന്നില്ലെന്നു മനസിലായ ശേഷമാണ് പുതിയ കാലത്തെ ലിബറൽ കാഴ്ചപ്പാടുകളുടെയും ജീവിതരീതികളുടെയും മറവിലൂടെയുള്ള മതനിരാസപദ്ധതികളുടെ ചീട്ടുകളിറക്കിത്തുടങ്ങിയത്. മതനിരപേക്ഷതയെ പൊലിപ്പിച്ചു പൊലിപ്പിച്ചു മതനിരാസത്തിലേക്കെത്തിക്കാൻ മുസ്‌ലിം നാമധാരികളായ ഒട്ടേറെ സഖാക്കളെ സോഷ്യൽ മീഡിയയിലും മറ്റും നിയമിച്ചതുപോലുള്ള പ്രവർത്തനം ഒരു ഭാഗത്തു നടക്കുമ്പോൾ വിശ്വാസികളുടെ മതജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും അകത്തളങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ വേറെയും നടക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ മുസ്‌ലിം വോട്ട് ലാക്കാക്കി മാത്രമാണ് ഈ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് കരുതാനാവില്ല. മതപരമായ ബോധ്യവും ജീവിതാവബോധവും നിർമാർജ്ജനം ചെയ്യുക എന്നത് മാർക്‌സിസ്റ്റുകളുടെ പ്രധാന കാര്യപരിപാടിയാണ്. സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞ സമൂഹങ്ങളിലും പ്രദേശങ്ങളിലും അവരതു ചെയ്തിട്ടുണ്ട്. ഉദാഹരണങ്ങൾ എടുത്തുപറയേണ്ട ആവശ്യമില്ലാത്തവിധം ധാരാളമാണ്. 1922ലെ ബോൾഷെവിക് വിപ്ലവത്തിനു മുമ്പ് റഷ്യയിൽ 26000 മുസ്‌ലിം പള്ളികൾ ഉണ്ടായിരുന്നെങ്കിൽ പിന്നീടവയെല്ലാം പള്ളികളല്ലാതാവുകയോ തുടച്ചുനീക്കപ്പെടുകയോ ചെയ്തു. ഇതാണ് ഇസ്‌ലാം മതത്തോടുള്ള മാർക്‌സിസത്തിന്റെ സഹിഷ്ണുത! ആഗോള മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, മാർക്‌സിസത്തിന് ഇരയായ മുസ്‌ലിംകൾക്കും മാർക്‌സിസത്തിന് ഒപ്പം കൂടിയ മുസ്‌ലിംകൾക്കും തങ്ങളുടെ സാംസ്‌കാരിക സ്വത്വവും പാരമ്പര്യവും ആധ്യാത്മികസ്വത്തുക്കളും കൈമോശം വന്നതായാണനുഭവം. അതുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ മാർക്‌സിസം തെറ്റായ ദർശനമാണെന്നും വിശ്വാസികൾക്ക് ആശ്രയിക്കാവുന്ന ആശയലോകമല്ല അതിനുള്ളതെന്നും വ്യക്തമാക്കുകയും കേരളത്തിലെ മുസ്‌ലിം സമുദായത്തെ ബോധവൽക്കരിക്കുകയും ചെയ്തുപോന്നിട്ടുണ്ട് ഇവിടുത്തെ മതനേതൃത്വം. മമ്പുറം തങ്ങളുടെ പ്രശസ്തമായ നാലുവരിക്കവിതകളിലൊന്നിൽ കമ്യൂണിസത്തെ കുറിച്ചാണ് മുന്നറിയിപ്പ്. ശിഷ്യനായ ഔക്കോയ മുസ്‌ലിയാരോട് ആ കാര്യം പള്ളി മിഹ്‌റാബിൽ കൊത്തിവയ്ക്കാനാണ് തങ്ങൾ കവിതയിൽ ആവശ്യപ്പെട്ടത്. മതനിരാസത്തിലേക്കും ദൈവനിന്ദയിലേക്കും നയിക്കുന്ന ഒരാശയവുമായി വിശ്വാസികൾ അടുത്തുപെരുമാറിക്കൂടാ എന്ന സൂക്ഷ്മതയാണ് പണ്ഡിതവര്യന്മാർ ഒന്നൊഴിയാതെ പുലർത്തിയത്.
സമത്വസുന്ദരമായ ഒരു ലോകത്തെ കുറിച്ചുള്ള വിചാരമല്ലാതെ, ധാർമ്മികമായ ഒരു മൂല്യവ്യവസ്ഥ മുന്നോട്ടുവയ്ക്കാത്ത കമ്യൂണിസം മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമോ മാർഗമോ തിരിച്ചറിയുന്നില്ല എന്നതും മാർക്‌സിസ്റ്റ് ആശയലോകവുമായുള്ള കൂട്ടുകെട്ടും സമവായങ്ങളും വിശ്വാസികളുടെ ഹൃദയത്തിലുണ്ടാവേണ്ട അടിസ്ഥാന മതതത്വങ്ങളെ അപായപ്പെടുത്തും എന്നതുമാണ് ഇസ്‌ലാമിക പണ്ഡിതരുടെ എക്കാലത്തെയും സുചിന്തിതമായ തീരുമാനം. ഉള്ളവനും ഇല്ലാത്തവനും എന്നതിലപ്പുറവും മനുഷ്യർക്കു പലനിലകളും വിതാനങ്ങളുമുണ്ടെന്നും ജീവിതമോക്ഷം എന്നത് ഐഹിക ക്ഷേമം കൊണ്ടുമാത്രം സിദ്ധിക്കുന്ന ഒന്നല്ലെന്നുമുള്ള ഇസ്‌ലാം മത തത്വത്തിൽ വിശ്വസിക്കുന്നവർക്ക് കമ്യൂണിസത്തേക്കാൾ ഉന്നതമായൊരു പ്രത്യയശാസ്ത്രമായി ഇസ്‌ലാ മിന്റെ ദർശനം സ്വന്തമായുണ്ടെന്നും അതാണ് നമ്മുടെ ജീവിത ദർശനമെന്നും കേരള മുസ്‌ലിംകളെ പണ്ഡിതരാണ് ബോധവൽക്കരിച്ചത്.
ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം റദ്ദാക്കി ഏക സിവിൽകോഡ് ഏർപ്പെടുത്തണമെന്നതാണ് സി.പി.എമ്മിന്റെ എല്ലാകാലത്തെയും അഭിപ്രായം. നരേന്ദ്രമോദി അധികാരത്തിലേറി അത്തരം നീക്കങ്ങൾ ആരംഭിച്ചപ്പോഴാണ് പ്രത്യക്ഷത്തിൽ സി.പി.എം അതിൽനിന്ന് പിന്മാറിയത് എന്നതും ചിന്തനീയമാണ്. 1986ൽ കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ശരീഅത്തിനെതിരേ നടത്തിയ കടന്നാക്രമണം ഇന്നും ആരും മറന്നിട്ടില്ല.
കേരള മുസ്‌ലിംകളെ മതനിരപേക്ഷതയുടെ പേരില്‍ മതനിരാസത്തിലേക്കു നയിക്കുക എന്ന അജൻഡ നടപ്പിലാക്കനെന്ന പോലെയാണ് കമ്യൂണിസ്റ്റ് യുവജന പ്രസ്ഥാനവും വിദ്യാര്‍ഥി പ്രസ്ഥാനവും ഇയ്യിടെ പെരുമാറുന്നത്. അതേസമയം മറ്റൊരു അപരാധവും അവര്‍ ചെയ്തുകൂട്ടുന്നുണ്ട്. മൂന്ന് എം.പിമാര്‍ ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇന്ത്യ ഭരിക്കാനുള്ള ആദ്യത്തെ അവസരമൊരുക്കിക്കൊടുത്തത് ഇടതുപാര്‍ട്ടികളായിരുന്നല്ലോ. സമാനസാഹചര്യം സംഘ്പരിവാറിന് ഒരുക്കിനല്‍കുന്ന വിധത്തിലാണ് കേരളത്തിലെ സി.പി.എമ്മിന്റെ ഭരണമിപ്പോള്‍. ഒരുവശത്ത് ലീഗിനെ ഒറ്റപ്പെടുത്തിയും തീവ്രവാദമുദ്ര ചാര്‍ത്തിയും നടത്തുന്ന പൊറാട്ടുനാടകങ്ങള്‍ ഗുണം ചെയ്യുന്നത് കേരളത്തില്‍ ഇനിയും പിടുത്തം കിട്ടാത്ത സംഘ്പരിവാരത്തിനാണ്. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ തീവ്രവാദവും പച്ചപിടിക്കാത്ത രാഷ്ട്രീയ ഭൂമികയായി കേരളത്തെ നിലനിർത്തുന്നതിൽ മുസ്‌ലിം ലീഗ് വഹിക്കുന്ന പങ്ക് അറിയാത്തുകൊണ്ടല്ല അത്. മുസ്‌ലിം സമുദായത്തിന്റെ സംഘശക്തിയെ ദുർബലപ്പെടുത്തുകയാണവരുടെ ഉന്നം. രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യയെ പൂർണമായി വിഴുങ്ങുന്ന കാലത്ത് ആ മഹാവിപത്തിനെതിരേ മതനിരപേക്ഷ, ജനാധിപത്യ, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽ ഒരു ചെറുവിരലനക്കാതെ അധികാര താൽപര്യങ്ങളിൽ അഭിരമിക്കുന്ന കേരളത്തിൽ മാത്രം ബാക്കിയുള്ള കമ്യൂണിസം രാഷ്ട്രീയമായി മുസ്‌ലിംകളെ രക്ഷിക്കുമെന്നുള്ള അന്ധവിശ്വാസം ഇന്നാർക്കുമില്ല.എന്നാൽ കമ്യൂണിസ്റ്റ് ബാന്ധവം മതപരമായി മുസ്‌ലിംകളെ അപായപ്പെടുത്തുമെന്ന അനുഭവം എവിടെയുമുണ്ടുതാനും. അതുകൊണ്ട് മതനിരാസത്തിലേക്കുള്ള കമ്യൂണിസ്റ്റ് ക്ഷണങ്ങൾ നാം കരുതിയിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."