HOME
DETAILS

വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങൾ: ഇന്ത്യയുടെ വഴി എങ്ങോട്ട്?

  
backup
January 11 2022 | 19:01 PM

54632-456230-jan-2022

പ്രൊഫ. റോണി കെ. ബേബി

മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങൾക്കാണ് കഴിഞ്ഞ വാരങ്ങളിൽ രാജ്യം സാക്ഷ്യംവഹിച്ചത്. ഈ സംഭവങ്ങൾ വെറും ഒറ്റപ്പെട്ടതാണെന്ന് ചിത്രീകരിക്കുന്നതിന് പകരം ഇവ നൽകുന്ന സൂചനകളും പിന്നിലെ ബോധപൂർവമായ അജൻഡകളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇനിയും നിസംഗത തുടരാനാണ് ഭാവമെങ്കിൽ ഭാവിയിൽ കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. രാജ്യത്തെ മതേതരബോധത്തിനും മതസൗഹാർദത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഗുരുതരമായ പോറലേൽപ്പിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുക എന്ന സംഘ്പരിവാറിന്റെ തന്ത്രം തന്നെയാണ് ക്രിസ്മസ് ദിനത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ക്രിസ്തുമത വിശ്വാസികളടക്കമുള്ള മത ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ പിന്നിലുള്ളത്.


ക്രിസ്മസ് ദിനത്തിൽ ഇന്ത്യ ഇതിനുമുൻപ് കണ്ടിട്ടില്ലാത്തവിധത്തിലുള്ള അക്രമസംഭവങ്ങളാണ് ക്രൈസ്തവർക്കെതിരേയുണ്ടായത്. പലയിടത്തും ചർച്ചുകൾക്ക് നേരെ അക്രമമുണ്ടായി. ആഘോഷങ്ങൾ തടസപ്പെടുത്തി. ഈ സംഭവങ്ങളെ കേവലം ഒറ്റപ്പെട്ടതായും യാദൃച്ഛികമായും കരുതാനാവില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇവയെന്നത് ശ്രദ്ധേയമാണ്. ഹരിയാനയിലെ അംബാലയിൽ സംഘ്പരിവാറുകാർ പ്രശസ്തമായ ഹോളി റിഡീമർ ചർച്ച് അക്രമിച്ച് യേശുക്രിസ്തുവിന്റ പ്രതിമ തകർത്തു. ഇത്തരം സംഭവങ്ങൾ വ്യാപകമായുണ്ടായിട്ടും ഇതുവരെ ഒരു പ്രതികരണം പോലും രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ സർക്കാരുകളുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത് അത്യന്തം പ്രതിഷേധകരമാണ്.


വംശഹത്യക്ക് ആഹ്വാനം


ഇതിനിടയിലാണ് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ഹിന്ദുത്വ സമ്മേളനത്തിൽ ന്യൂനപക്ഷ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷപ്രസംഗം നടന്ന വാർത്തകൾ പുറത്തുവന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല നടത്താൻ ആയുധമെടുക്കണമെന്നായിരുന്നു ഡിസംബർ 17-19 വരെ നടന്ന ധർമ സൻസദിലെ ആഹ്വാനം. വിദ്വേഷപ്രസംഗം നടത്തിയവരെല്ലാം രാജ്യം ഭരിക്കുന്ന ബി.ജെ.പിയോട് ചേർന്നുനിൽക്കുന്നവരാണ്. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് ശേഷവും വംശഹത്യക്ക് ആഹ്വാനം ചെയ്തവർക്കെതിരേ കേസെടുക്കാൻ പൊലിസ് മുതിർന്നിരുന്നില്ല. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് കേസെടുക്കാൻ പൊലിസ് തയാറായത്.


എന്നാൽ ന്യൂനപക്ഷ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത വളരെ ഗുരുതരമായ സംഭവമായിട്ടുകൂടി കേസിൽ യു.എ.പി.എ ചുമത്താതെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാരുകൾ ചെയ്യുന്നത്. വിദ്വേഷ പ്രസംഗവും കൊലവിളിയുമുയർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് 76 അഭിഭാഷകർ കത്ത് നൽകുന്ന സാഹചര്യം ഉണ്ടായിട്ടുപോലും പൊലിസ് നിഷ്‌ക്രിയത്വം തുടരുകയാണ്. നമ്മുടെ രാജ്യത്തെ നിയമവാഴ്ചയുടെ അന്തഃസത്തയെപ്പോലും ചോദ്യം ചെയ്യുന്നവിധമുള്ള നിഷ്‌ക്രിയത്വമാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.


ഭീഷണി ഉയർത്തുന്ന
മതപരിവർത്തന നിരോധന നിയമം


മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുകൊണ്ട് കടുത്ത മതപരിവർത്തന നിരോധന നിയമം കർണാടകയിലെ ബി.ജെ.പി സർക്കാർ നടപ്പാക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമം നേരത്തെ നടപ്പാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയിലെ ബി.ജെ.പി സർക്കാരും സമാന നിയമവുമായി മുന്നോട്ടുവരുന്നത്.
നിർബന്ധിത മതപരിവർത്തനം പരിശോധിക്കാനെന്ന പേരിൽ കർണാടകയിലെ ചർച്ചുകളെയും മിഷനറിമാരെയും കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 'നിയമപരവും നിയമവിരുദ്ധവുമായി' പ്രവർത്തിക്കുന്ന ചർച്ചുകൾ കണ്ടെത്താനുള്ള നീക്കമെന്നായിരുന്നു സമിതിയുടെ വാദം. നിയമസഭാസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുടെ നീക്കത്തെ എതിർത്തുവെങ്കിലും കടുത്ത പ്രതിഷേധത്തിനിടയിലും സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. 'ഇത്തരം സർവേകൾ മതന്യൂനപക്ഷങ്ങൾക്ക് അപകടകരമാണെന്ന' അഭിപ്രായമാണ് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. പീറ്റർ മക്കാഡോ പ്രകടിപ്പിച്ചത്. 'ക്രിസ്ത്യൻ സമൂഹം നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിൽ സർവേ നടത്താൻ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. അപ്പോൾ രാഷ്ട്രപുനർനിർമ്മാണത്തിനായി ക്രൈസ്തവ സമൂഹം നടത്തിയ സേവനത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ഈ സ്ഥാപനങ്ങളിൽ മതപരിവർത്തനമുണ്ടെങ്കിൽ എന്തുകൊണ്ട് മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ ജനസംഖ്യ കുറയുന്നുവെന്നും ആർച്ച് ബിഷപ്പ് പ്രതികരിച്ചിരുന്നു.


മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവർക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും നൽകുന്ന നിയമമാണ് കർണാടകയിൽ നിലവിൽ വന്നിരിക്കുന്നത്. ഇത്തരമൊരു നിയമത്തിന്റെ മറവിൽ കർണാടകയിലെ ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുമെന്ന് ഉറപ്പാണ്. പുറമെ നിരുപദ്രവമെന്ന് തോന്നുമെങ്കിലും നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് ക്രൂരമായ ന്യൂനപക്ഷവേട്ടക്കാണ് കളമൊരുങ്ങുന്നത്. ഉത്തർപ്രദേശിൽ മതപരിവർത്തനത്തിനെതിരേ കൊണ്ടുവന്ന നിയമം ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഒരുപോലെ ഹനിക്കുന്നതാണെന്നാണ് അവിടെ നടക്കുന്ന സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം പോലും അനുവദിക്കാത്തവിധം നിയമം അവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും വിശ്വാസ സംരക്ഷണവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കാനുള്ള ബോധപരമായ നീക്കമാണ് മതപരിവർത്തന നിരോധന നിയമത്തിന് പിന്നിലുള്ളത്.
മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കുന്നതിന് തൊട്ടുമുമ്പാണ് കർണാടകയിലെ ചിക്കബെല്ലാപൂരിൽ ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്തത്. ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ നിരവധി ക്രിസ്ത്യൻ ചർച്ചുകൾ അക്രമിക്കപ്പെട്ടു. കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കർണാടകയിലെ മതന്യൂനപക്ഷങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.


മിഷനറീസ് ഓഫ് ചാരിറ്റിയോടും പക


അഗതികളുടെ അമ്മയായ വി. മദർ തെരേസയോടുള്ള സംഘ്പരിവാറിന്റെ എതിർപ്പും വിദ്വേഷവും അവർ ജീവിച്ചിരുന്ന കാലത്ത് തന്നെ കുപ്രസിദ്ധമാണ്. അതിന്റെ തുടർച്ചയായാണ് മദറിന്റെ ഓർമകൾ നിലനിർത്തുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളശ്രദ്ധ നേടിയ 139 തോളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ പ്രവർത്തനങ്ങളെ ഇന്ത്യയിൽനിന്ന് തുടച്ചുനീക്കുന്നതിന് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾ. ഇതിന് നേരിട്ടുതന്നെ ചുക്കാൻ പിടിക്കുന്നത് ആർ.എസ്.എസ് നേതൃത്വമാണെന്ന് നിസ്സംശയം പറയാം. ഇതിന്റെ ഭാഗമായിത്തന്നെയാണ് മദർ തെരേസക്കും മിഷനറീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആർ.എസ്. എസ് മുഖവാരിക പാഞ്ചജന്യയുടെ പുതിയ ലക്കം എത്തിയിരിക്കുന്നത്. 'കുരിശേറ്റൽ, അധികാരം, ഗൂഢലോചന' (Crucifixion, Power and Conspiracy) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദർ തെരേസക്കെതിരേയും മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേയും ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മദർ തെരേസക്ക് ഭാരത രത്‌നം നൽകാൻ കാരണം 'ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങൾ' കൊണ്ടാണെന്ന് ലേഖനത്തിൽ പറയുന്നു. മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്ന ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പരാമർശങ്ങളും ലേഖനത്തിലുണ്ട്.


മിഷനറീസ് ഓഫ് ചാരിറ്റീസ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രസ്ഥാനങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്ന ഉത്തരേന്ത്യയിലെ ആദിവാസി മേഖലകളിൽ കടന്നുകയറാനുള്ള സംഘ്പരിവാർ സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ ശ്രമങ്ങളും ഈ വിവാദങ്ങളോട് കൂട്ടിവായിക്കണം. സാമൂഹ്യ സേവനം എന്നതിനെക്കാൾ ദീർഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇത്തരം സംഘ്പരിവാർ സംഘടനകൾക്കുള്ളത്. ബി.ജെ.പി ഇതര പാർട്ടികൾക്ക് പരമ്പരാഗതമായി മേൽക്കൈയുണ്ടായിരുന്ന പ്രദേശങ്ങളാണ് ഒഡിഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾ. അവിടെയൊക്കെ ആദിവാസി കല്യാൺ ആശ്രമം പോലെയുള്ള സംഘ്പരിവാർ സംഘടനകളിലൂടെ ആധിപത്യം നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ ശക്തമായ സൂചനകൾ പ്രകടമായിരുന്നു.


ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് നേരെ വലിയ വെല്ലുവിളികൾ ഉയരുന്നു എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുന്നതായും തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ ശക്തിപ്രാപിക്കുന്നത് ന്യൂനപക്ഷ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും സൂചിപ്പിക്കുന്ന 2020 ലെ ആഗോള ജനാധിപത്യ സൂചികയിലെ പരാമർശങ്ങൾ പൂർണമായും ശരിവയ്ക്കുന്ന രീതിയിൽ കടുത്ത ആശങ്കയിലാണ് ഇന്ന് മതന്യൂനപക്ഷങ്ങൾ. വംശഹത്യയുടെ ഭാഷകളും ഭീഷണികൾപ്പോലും ഉയർന്നുതുടങ്ങിയിരിക്കുന്നു. ഇനിയും നമ്മുടെ നിശബ്ദതയും നിസംഗതയും തുടരാനാണ് ഭാവമെങ്കിൽ മതേതര, ജനാധിപത്യ ദർശനങ്ങളുടെ ശവക്കുഴികൾ തോണ്ടുന്നതിന് സഹായിക്കുന്നതാവും അത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago