മരണകാരണം ഹൃദയത്തിലേറ്റ കുത്ത് കത്തി കരുതിയത് സ്വയരക്ഷാർഥമെന്ന് പ്രതിയുടെ മൊഴി
തൊടുപുഴ
ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ കുത്തെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു. ശരീരത്തിൽ ഒരു കുത്ത് മാത്രമേ ഏറ്റിട്ടുള്ളൂവെന്നും പ്രാഥമിക റിപ്പോർട്ട് അടിസ്ഥാനമാക്കി പൊലിസ് പറഞ്ഞു.
ഒരു കുത്തിൽ തന്നെ ധീരജിന്റെ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് ധീരജിനൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്കും നെഞ്ചിന്റെ ഭാഗത്താണ് കുത്തേറ്റത്. പരുക്കേറ്റ മൂന്നാമത്തെ വിദ്യാർഥിയുടെ ശരീരത്തിൽ കത്തികൊണ്ടുള്ള മുറിവുകളില്ലെന്നും പൊലിസ് പറയുന്നു.
അതേസമയം, ധീരജിനെ കുത്തിയ ശേഷം ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞതായി പ്രതി നിഖിൽ പൈലി പൊലിസിന് മൊഴിനൽകി.
സ്വയരക്ഷാർഥമാണ് കത്തി കരുതിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സിവിൽ സ്റ്റേഷൻ ഭാഗത്തേക്കാണ് ഓടിയത്. ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞു. തുടർന്ന് മറ്റൊരിടത്തുപോയി വസ്ത്രം മാറി നേര്യമംഗലം ഭാഗത്തേക്കുള്ള ബസിൽ കയറിയെന്നും പ്രതി മൊഴിനൽകി.
സംഭവസമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ പൊലിസ് തിരിച്ചറിഞ്ഞു.
യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിഖിൽ പൈലി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലെത്തിയത് എസ്.എഫ്.ഐക്കാർ ചോദ്യംചയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കാംപസിന്റെ കവാടത്തിന് സമീപത്തുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ മണിയാൻകുടിയിലുണ്ടായ ചില സംഘർഷങ്ങളിലും നിഖിൽ ഉൾപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാൾ കത്തി കൈയിൽ കരുതാൻ തുടങ്ങിയതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."