മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ സി.എന്‍.സി.യുവില്‍ തീപിടിത്തം
മുംബൈ: ഭണ്ഡാരയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ജില്ലാ ജനറല്‍ ആശുപ്രത്രിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ നവജാത ശിശുക്കളെ കൂടുതല്‍ പരിചണത്തിനായി പാര്‍പ്പിക്കാനുള്ള സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് (സി.എന്‍.സി.യു) തീപിടിത്തമുണ്ടായത്.
സംഭവസമയത്ത് 17 കുട്ടികളാണ് സി.എന്‍.സിയുവില്‍ ഉണ്ടായിരുന്നത്. ഏഴു കുട്ടികളെ രക്ഷിച്ചതായി സിവില്‍ സര്‍ജന്‍ പ്രമേദ് ഖണ്ടേറ്റ് വ്യക്തമാക്കി.
ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുകുട്ടികള്‍ പൊള്ളലേറ്റും ഏഴുപേര്‍ ശ്വാസം മുട്ടിയുമാണ് മരിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ സി.എന്‍.സി.യുവില്‍നിന്ന് അസാധാരണമായി പുക ഉയരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സാണ് കണ്ടെത്തിയത്.
കുട്ടികളെ രക്ഷിക്കാന്‍ ആശുപത്രി ജീവനക്കാര്‍ പരമാവധി ശ്രമിച്ചെന്നും പത്തുകുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ മരണം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
ആരോഗ്യമന്ത്രി രാജേഷ് തോപെയോട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ റിപ്പോര്‍ട്ട് തേടി. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."