പാഠപുസ്തകമില്ല: കുട്ടികള്‍ നട്ടം തിരിയുന്നു
കണ്ണൂര്‍: സ്‌കൂള്‍ തുറന്നിട്ട് ഒന്നരമാസമായിട്ടും കൂത്തുപറമ്പ് ഉപജില്ലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും പാഠപുസ്തകമെത്തിയില്ല. ഇതുകാരണം പഠനമാരംഭിക്കാന്‍ കഴിയാതെ അധ്യാപകരും കുട്ടികളും നട്ടംതിരിയുകയാണ്. മൂന്ന്, നാല് ക്ലാസുകളില്‍ അറബിക്, പരിസ്ഥിതി പഠനം, രണ്ടാംതരത്തില്‍ ഗണിതം, മലയാളം എന്നിങ്ങനെ ചിലവിഷയങ്ങളില്‍ ഒരുകോപ്പി പോലും പാഠപുസ്തകം ലഭിക്കാത്ത സ്‌കൂളുകളാണ് കൂടുതലും. ഇക്കാര്യം അധ്യാപകര്‍ പരാതിയായി ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസ അധികൃതര്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. ചില ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അവസ്ഥയും ഇതുതന്നെയാണ്. തിരുവനന്തപുരം സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് എയ്ഡഡ് സ്‌കൂളിലടക്കം എത്തിക്കുന്നതിനായി പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും പുസ്തകങ്ങളുടെ അച്ചടി നിര്‍ത്തിയെന്നാണ് അറിയാന്‍കഴിയുന്നത്. മറ്റു ജില്ലകളിലേക്ക് കൂടുതല്‍ അയച്ചതിനാല്‍ പാഠപുസ്തങ്ങളുടെ കുറവുണ്ടായെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. അധ്യാപകരില്‍ പലരും പഴയപുസ്തകം ഉപയോഗിച്ചാണ് ക്ലാസെടുക്കുന്നത്. എല്‍.പി വിഭാഗം ക്ലാസുകളിലെ കുട്ടികള്‍ ഫോട്ടോസ്റ്റാറ്റെടുത്താണ് പഠനം നടത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ് ഈവര്‍ഷം പഠിക്കാനുപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഇതുമാറുമെന്നാണറിയുന്നത്. ഇതുകാരണമാണ് പുതിയ പുസ്തകം അച്ചടിക്കാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."