അമരഗാഥകളുടെ അക്ഷരങ്ങള്‍
പോയവര്‍ഷം ഏറെ എഴുതിയത്, അല്ലെങ്കില്‍ ടൈപ്പ് ചെയ്തത് കവിതയോ കഥയോ അല്ല. ആദരാഞ്ജലികള്‍, ബാഷ്പാഞ്ജലികള്‍, പ്രണാമം, ആദരം, പ്രാര്‍ഥന എന്നിങ്ങനെയായിരുന്നു. ഓരോ മരണങ്ങളും വലിയ സങ്കടങ്ങളാണ്. 2020 ല്‍ എത്രയോ പേര്‍ വിടവാങ്ങി. 21 ന്റെ തുടക്കവും അങ്ങനെ തന്നെ. പലരും അകാലത്തില്‍ പൊലിയുന്നു. മഹാമാരികൊണ്ടും ഹൃദയാഘാതംകൊണ്ടും.
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും വിട വാങ്ങി. ആ കവിയുടെ ശബ്ദം കേട്ടതല്ലാതെ അനിലിനെയും ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. നേരില്‍ കാണാത്തവരുടെ പട്ടികയ്ക്ക് ഒരുപാടു നീളമുണ്ട്. ഈ അടുത്തടുത്തു പോയവരെ ആരേയും ഞാന്‍ കണ്ടില്ലല്ലോ.
അനിലിനെ കേള്‍ക്കുമ്പോള്‍
'ഒരു കവിതകൂടി ഞാനെഴുതിവയ്ക്കാം,
എന്റെ കരളില്‍
നീയെത്തുമ്പോള്‍ ഓമനിക്കാന്‍....'
എല്ലാ കവികളും അവരുടെ കവിതകളില്‍ പ്രണയത്തിന്റെ കാല്‍പനികത സൂക്ഷിക്കുന്നു. അനില്‍ പനച്ചൂരാനും കവിതയില്‍ പ്രണയത്തിന്റെ തീ കായുന്നു. പ്രണയം പൊള്ളിച്ചതിന്റെ സുഖമാണ് ആ കവിത അനുഭവിപ്പിക്കുന്നത്.
'നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം
നാള്‍വഴിയിലെന്നും
അമരഗാഥകള്‍ പിറക്കണം'
ഇത് വിപ്ലവത്തിന്റെ വഴിയാണ്. അമരഗാഥകളുടെ വീര്യമുള്ള അക്ഷര വഴികള്‍. അവിടെ കവിതയും പാട്ടും ഒരുപോലെ തിളങ്ങുന്നു. എഴുത്തുവഴിയില്‍ ഒരു കലാകാരന്റെ വിയര്‍പ്പ് ഇറ്റിവീണതിന്റെ ഇടര്‍ച്ച. അതുകൊണ്ടാണ് പനച്ചൂരാന്‍ ഉശിരോടെ ഇങ്ങനെ വിങ്ങിയത്. ഒടുവില്‍ ആ കവിയും ഒരു വിങ്ങലായി.
'ഒരു വിളിപ്പാടകലെ നില്‍ക്കും തൃസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍
ഒടുവിലെന്‍ രാഗത്തില്‍
നീയലിഞ്ഞു
ഞാനൊരു ഗാനമായി
പൂ പൊലിച്ചു...'
അനശ്വരമായ പ്രകൃതിയെ കവി നോക്കിക്കാണുന്നു. പ്രകൃതിയെ പ്രണയിച്ച വയലാറിനു പുഴകള്‍, മലകള്‍, പൂവനങ്ങള്‍ ഭൂമിക്കു കിട്ടിയ സ്ത്രീധനമാണ്. അനിലും പ്രകൃതിയെ ആവാഹിക്കുന്നു. തൃസന്ധ്യകളെ കുട പിടിച്ചു വരവേല്‍ക്കുന്നു.
കഴിവുള്ളവരെല്ലാം അകാലത്തില്‍തന്നെ പൊലിഞ്ഞുപോകുന്നു. വേദനയുണ്ട്, ഈ വേര്‍പാടിനും. അനില്‍ പനച്ചൂരാന്‍ ജനപ്രിയ കവിയാണ്. താളംകൊണ്ട് മേളം സൃഷ്ട്ടിച്ച കവി. ചുരുങ്ങിയ കാലത്ത് മലയാള ഗാനശാഖയില്‍ വസന്തവും വിപ്ലവവും പാടിയ ആള്‍. എല്ലാ കവികളും കലാകാരന്മാരും മനുഷ്യപക്ഷത്താണ്. നന്മയുടെ പക്ഷത്ത്. അവിടെ വേദനയുണ്ട്. തളര്‍ച്ചയുണ്ട്. ആവലാതിയും വേവലാതിയുമുണ്ട്. അതുതന്നെയാണ് ഓരോ എഴുത്തുകാരന്റെയും അക്ഷര സുകൃതം.
വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയ കാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് ഇഷ്ട കവിതകള്‍. കവിക്ക് പ്രണാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."