ദൈവ പ്രശ്‌നം
കടുങ്ങോഞ്ചിറക്കാവിലെ ഉത്സവത്തിന്റന്ന് കാലത്താണ് ഒരു കടുങ്ങോഞ്ചിറക്കാരന്‍ തമ്പ്രാന്‍ ഹൃദയം പൊട്ടി ഊര്‍ദ്ധശ്വാസം വലിച്ചത്.
കടുങ്ങോഞ്ചിറക്കാവിലെ വല്ല്യമ്പ്രാനും ചെറ്യമ്പ്രാക്കളും ഇനിയെന്ത് എന്ന ചോദ്യത്തിനുള്ളില്‍ കുടുങ്ങി വട്ടം കറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു. ഭഗോതിപോലും ഒന്നുമറിയാത്ത പോലെ കണ്ണടച്ചിരുന്നു.
താലപ്പൊലിയെടുക്കാന്‍ നോയമ്പുംകുളിയും എടുത്തിരുന്ന സകലമാന വല്ല്യമ്പ്രാട്ടിമാരും ചെറ്യമ്പ്രാട്ടിമാരും കഥാവശേഷനായ തമ്പ്രാനെ കാണാന്‍ കടുങ്ങോഞ്ചിറപ്പാടത്തേക്ക് വാണംവിട്ട പോലെ പാഞ്ഞു.
തമ്പ്രാക്കമ്മാരല്ലേ? കടുങ്ങോഞ്ചിറ ഭഗോതിയല്ലേ? തോറ്റു കൊടുക്കാന്‍ പറ്റുമോ?
ഒടുവില്‍ തമ്പ്രാക്കമ്മാരു തന്നെ വിജയിച്ചു. തോറ്റതിപ്പോഴും പാവം പാവം അടിയാമ്മാരുതന്നെ!
ഇനി ഈ കഥ പരിണാമഗുപ്തിയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് എങ്ങനെയെന്ന് നോക്കൂ.
അങ്ങനെ വല്ല്യമ്പ്രാനും പരിവാരങ്ങളും ഉച്ചതിരിഞ്ഞ നേരത്ത് അടിയാന്‍മാരുടെ കോളനികള്‍ കയറിയിറങ്ങി. മാറു മറയ്ക്കാത്ത അടിയാത്തിപ്പെണ്ണുങ്ങളിലേക്ക് തമ്പ്രാന്‍ നെറ്റിത്തട വിയര്‍പ്പ് വടിച്ചിട്ടു; നിലവിളികളോടെ പുലമ്പി: 'കടുങ്ങോഞ്ചിറത്തമ്പ്രാന്‍ പോയേ...'
'അറിഞ്ഞേ തമ്പ്രാ...' അടിയാത്തികള്‍ കൂട്ടത്തോടെ
നിലവിളിച്ചു.
തമ്പ്രാന്‍ പറഞ്ഞു:
'ഇക്കൊല്ലം നിങ്ങള്‍ കാവില് താലപ്പൊലിയെടുക്കണം.'
അടിയാത്തിപ്പെണ്ണുങ്ങള്‍ ഞെട്ടിവിറച്ചു. കേട്ടത് സത്യമാണോ? തങ്ങളെ കടുങ്ങോഞ്ചിറക്കാവില്‍ താലപ്പൊലിയെടുക്കുന്നത് നിഷേധിച്ചിരിക്കുന്ന തമ്പ്രാക്കളാണോ ഇപ്പറയുന്നത്? ഭഗോതി കോപിക്കില്ലേ?'
തമ്പ്രാന്‍ ഭഗോതിച്ചിരി ഒരെണ്ണം അവരുടെ മുന്നിലേക്ക് കുടഞ്ഞിട്ട് കൊണ്ട് മന്ത്രിച്ചു. 'ഇന്നത്തെ കാലത്തുണ്ടോ അയ്‌ത്തോം ചിത്തോം. ശിവ ശിവാ... ഇക്കൊല്ലം തൊട്ട് ഭഗോതി നിങ്ങളോട് താലപ്പൊലിയെടുത്തോളാന്‍ പറഞ്ഞിരിക്ക്ണൂ...'
'തമ്പ്രാ... അങ്ങക്ക് നോമ്പുംകുളിയൂല്ല തമ്പ്രാ... ഭഗോതി കോപിക്കും തമ്പ്രാ...'
'ആരേ പറഞ്ഞേ ഭഗോതി കോപ്പിക്കൂന്ന്! ഭഗോതി പറഞ്ഞോ. ഇല്ലല്ലോ. ഇപ്പോ നോം പറയണതങ്ങട് കേട്ടോള്വാ. നാം തന്ന്യാ ഭഗോതി. സംശ്യം ഒട്ടും വേണ്ടാ .. മനസിലായോ...''
' ആയേ...'
അടിയാത്തിപ്പെണ്ണുങ്ങള്‍ കാലവര്‍ഷം പോലെ പെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."