വ്യത്യസ്തതക്ക് വിവാഹദിനത്തില്‍ ആംബുലന്‍സ് യാത്ര; പെര്‍മിറ്റ്, ലൈസന്‍സ് സസ്പെന്‍ഷനുമായി എം.വി.ഡി
ചാരുംമൂട്: വധൂവരന്മാരെ വിവാഹ ദിനം ആംബുലന്‍സില്‍ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എം.വി.ഡി നടപടിയെടുത്തത്.
ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. കായംകുളം കറ്റാനത്ത് സര്‍വ്വീസ് നടത്തുന്ന എയ്ഞ്ചല്‍ എന്ന ആംബുലന്‍സാണ് കസ്റ്റഡിയിലെടുത്തത്
കറ്റാനം ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. വിവാഹവേദിയില്‍ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂര്‍വ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ആലപ്പുഴ ആര്.ടി.ഒ ആര് സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. രജിസ്ട്രേഷന് വിരുദ്ധമായി പെര്‍മിറ്റുള്ള വാഹനം ഓടേണ്ട സ്ഥലത്ത് പെര്‍മിറ്റ് ഇല്ലാത്ത വാഹനം ഓടിയതാണ് സംഭവത്തിലെ കുറ്റം.
വാഹനത്തിന്റെ പെര്‍മിറ്റും, ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡ്രൈവേഴ്സ് യൂണിയന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും എം.വി.ഡി വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."