കര്‍ണാടകയില്‍ താങ്ങുവിലയേക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് നല്‍കി റിലയന്‍സ്; കോര്‍പറേറ്റ് തന്ത്രമെന്ന് കര്‍ഷകര്‍
റായ്ച്ചൂര്‍: കാര്‍ഷികമേഖല കൈയടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് റിലയന്‍സ്. സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കൂടിയ തുകക്കാണ് കര്‍ഷകരില്‍ നിന്നും റിലയന്‍സ് ഇപ്പോള്‍ നെല്ല് വാങ്ങിയിരിക്കുന്നത്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കോര്‍പറേറ്റും കര്‍ഷകരും തമ്മില്‍ നടക്കുന്ന വലിയ കച്ചവടത്തിനാണ് കര്‍ണാടകയില്‍ ഇതോടെ റിലയന്‍സ് തുടക്കം കുറിച്ചത്.
സിന്ധാനൂര്‍ താലൂക്കിലെ കര്‍ഷകരില്‍ നിന്നും 1000 ക്വിന്റല്‍ സോന മസൂരി നെല്ലാണ് റിലയന്‍സ് വാങ്ങിയത്. 1,100 നെല്‍ കര്‍ഷകര്‍ അംഗങ്ങളുള്ള സ്വാസ്ത്യ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് കമ്പനിയുമായാണ് (എസ്.എഫ്.പി.സി) റിലയന്‍സുമായി രജിസ്റ്റര്‍ ചെയ്ത ഏജന്റുമാര്‍ കരാറില്‍ ഒപ്പുവച്ചത്.
1950 രൂപ ക്വിന്റലിന് എന്ന നിരക്കിലാണ് റിലയന്‍സ് വാങ്ങിയിരിക്കുന്നത്. 1868 രൂപയാണ് സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന താങ്ങുവില.
തുടക്കത്തില്‍ കൂടിയ തുകക്ക് കര്‍ഷകരില്‍ വിളകള്‍ വാങ്ങുന്നത് കോര്‍പ്പറേറ്റ് തന്ത്രമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടിയ തുകയും മറ്റു സൗകര്യങ്ങളും നല്‍കി ഉപഭോക്താക്കളെ തങ്ങളുടെ വരുതിയിലാക്കുന്നതോടൊപ്പം മറ്റു മാര്‍ക്കറ്റുകള്‍(എ.പി.എം.സി മണ്ടി) ഇല്ലാതാക്കാനുള്ള തന്ത്രം കൂടിയാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
'തുടക്കത്തില്‍ കൂടിയ താങ്ങുവില നല്‍കി ഈ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ പ്രലോഭിപ്പിക്കും. ഇതോടെ എം.പി.എം.സി മണ്ടികള്‍ അഥവാ പ്രാദേശിക മാര്‍ക്കറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റാതാകും. എന്നാല്‍ പിന്നീട് ഈ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുടങ്ങും. ഇവരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയണം.' കര്‍ണാടകയിലെ കര്‍ഷക നേതാവായ ഹാസിരു സന്‍സേ ചാമരാസ മാലിപട്ടീല്‍ പറഞ്ഞു.
ടെലികോം മേഖലയിലും റിലയന്‍സ് ഇതേ രീതിയാണ് ഉപയോഗിച്ചത്.
അതേസമയം ഹരിയാനയിലും പഞ്ചാബിലും കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുക്കാനിരുന്ന കാര്‍ഷിക നിയമ അനുകൂല സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
കര്‍ഷക പ്രതിഷേധക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു
കേന്ദ്രം കര്‍ഷകരുമായി ഇതുവരെ നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."