രതീഷിന്റെ ഇരട്ടിശമ്പളം: തുല്യംചാര്‍ത്തിയ മുന്നണികള്‍
പുതിയ രണ്ടു മേല്‍പാലങ്ങള്‍ ഉദ്ഘാടനം ചെയ്തതുകൊണ്ട് കൊച്ചിക്കാര്‍ക്ക് റേഷന്‍ കടകളില്‍നിന്നു സൗജന്യ കിറ്റുവാങ്ങി ഗതാഗതക്കുരുക്കില്‍പ്പെടാതെ വീട്ടിലെത്താന്‍ കഴിയുന്നതിനാല്‍ കെ.എ രതീഷ് എന്ന ഉദ്യോഗസ്ഥന് സ്വന്തം ആവശ്യപ്രകാരം ശമ്പളം 80,000 രൂപയില്‍ നിന്നും 1,72,000 രൂപയാക്കി ഉയര്‍ത്തിയത് അത്രവലിയ പ്രശ്‌നമൊന്നുമായില്ല. നേരത്തെ മറ്റൊരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ 500 കോടിയുടെ അഴിമതി നടത്തിയെന്ന കേസില്‍ സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ ഒന്നാമതുള്ള ഉദ്യോഗസ്ഥനാണ് ഈ ശമ്പള വര്‍ധന എന്നത് അഴിമതി വിരുദ്ധ പോരാട്ടത്തില്‍ അരയുംതലയും മുറുക്കിയ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വിഷയമേയായില്ല. സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ രതീഷിന്റെ തൊട്ടുതാഴെയുള്ള പേര് കോണ്‍ഗ്രസ് നേതാവായിരുന്ന ആര്‍. ചന്ദ്രശേഖരന്റേതായതിനാല്‍ അഴിമതി വിരുദ്ധ സമരത്തിന് ഇവിടെ പ്രസക്തിയില്ലെന്നതു കേരളത്തില്‍ തുടരുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ നീതിശാസ്ത്രം തന്നെയാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളാ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ രതീഷിന് ഇരട്ടി ശമ്പളം നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. തനിക്കും കിന്‍ഫ്ര എം.ഡിയുടേതിനു സമാനമായി 1,75,000 രൂപ ശമ്പളം തരണമെന്ന് രതീഷ് തന്നെയാണ് നേരത്തെ കത്ത് നല്‍കിയത്. നേരാംവണ്ണം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത ഖാദി ബോര്‍ഡു പോലുള്ള ഒരു സ്ഥാപനത്തില്‍ ഇത്രവലിയ ശമ്പളത്തില്‍ രതീഷിനെ പോലെ 'കഴിവുള്ള' ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ എന്തു മാറ്റമാണ് വരാന്‍ പോകുന്നതെന്ന് വ്യവസായ വകുപ്പ് ആലോചിക്കേണ്ടതാണ്. വിഷയം അതല്ല, ബോര്‍ഡിലെ അഞ്ചില്‍ മൂന്നു പേര്‍ എതിര്‍ത്തിട്ടും എന്തിനാണ് അഴിമതിയുടെ കറ അവശേഷിക്കുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായിയും വ്യവസായ മന്ത്രിയും ബോര്‍ഡ് ചെയര്‍മാനുമായ ഇ.പി ജയരാജനും ചേര്‍ത്തുനിര്‍ത്തുന്നത് എന്നതാണ് ചോദ്യം. സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരേ തുടര്‍ച്ചയായി പത്രസമ്മേളനങ്ങള്‍ നടത്തുന്ന ചെന്നിത്തലയ്‌ക്കെന്താണ് ഈ ശമ്പള വര്‍ധന ഒറ്റവരി പ്രസ്താവനപോലുമാകാത്തതെന്നും പരിശോധിക്കപ്പെടേണ്ട വിഷയം തന്നെയാണ്.
ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുമ്പോള്‍ എങ്ങനെയാണ് ഒരു അഴിമതി മൂടിവയ്ക്കപ്പെടുന്നതെന്നും ആരോപണ വിധേയരായവര്‍ രക്ഷപ്പെടുന്നതെന്നും വ്യക്തമാക്കുന്നതാണ് കശുവണ്ടി വികസന കോര്‍പറേഷനിലെ 500 കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ ക്രമക്കേടില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായിരുന്ന ആര്‍. ചന്ദ്രശേഖരനും കോര്‍പറേഷന്‍ എം.ഡിയായിരുന്ന കെ.എ രതീഷുമായിരുന്നു പ്രതിസ്ഥാനത്ത്. തുടര്‍ന്നു വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും അന്വേഷണത്തെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെങ്കിലും കോടതി നിര്‍ദേശ പ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ കെ.എ രതീഷ് ഒന്നും ആര്‍. ചന്ദ്രശേഖരന്‍ രണ്ടാം സ്ഥാനത്തുമായി. എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ നേതാവിനെ സംരക്ഷിക്കാനും തങ്ങള്‍ക്കു വേണ്ടപ്പെട്ട കെ.എ രതീഷ് എന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരും കൈകോര്‍ത്തതോടെ സി.ബി.ഐയ്ക്ക് കേസ് അന്വേഷിക്കാനുള്ള പ്രോസിക്യൂഷന്‍ അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രോസിക്യൂഷന്‍ അനുമതിക്കായി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുമ്പോഴാണ് രതീഷിനെ സര്‍ക്കാര്‍ ഉയര്‍ന്ന പദവികളിലേക്ക് പറിച്ചു നട്ടതും ഏറ്റവും അവസാനം ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു നല്‍കിയതും.
അഴിമതിയാരോപണത്തെ തുടര്‍ന്നു കശുവണ്ടി വികസന കോര്‍പറേഷനില്‍ നിന്നും മാറ്റിയ രതീഷിനെ പിന്നെ ഇടതുസര്‍ക്കാര്‍ പല സുപ്രധാന തസ്തികകളിലും നിയമിക്കുന്ന കാഴ്ചയാണ് കണ്ടത്. വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ഒത്താശയോടെയാണ് ഈ നിയമനങ്ങളെങ്കിലും വിവാദങ്ങളെ തുടര്‍ന്നു ചിലയിടത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറേണ്ടിയും വന്നു. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓണ്‍ട്രപ്രനര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ 80,000 രൂപ ശമ്പളമുള്ളപ്പോഴാണ് രതീഷ് ഇന്‍കെലിന്റെ മാനേജിങ് ഡയരക്ടര്‍ സ്ഥാനത്ത് എത്തുന്നത്. വ്യവസായ വകുപ്പിലെ പരിശീലന സ്ഥാപനമായ കീഡിന്റെ സി.ഇ.ഒ ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വന്‍കിട പദ്ധതികള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്ന ഇന്‍കെലിന്റെ എം.ഡിയാക്കി. മുന്‍പു ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നല്‍കുന്ന തുക മാത്രമേ ശമ്പളമായി കൊടുക്കാവൂ എന്നാണ് ഇന്‍കെലിലെ വ്യവസ്ഥ. എന്നാല്‍ രതീഷിനു വേണ്ടി വ്യവസായ വകുപ്പ് ഇതിനെയും മറികടന്നു. ഇന്‍കെലിന്റെ മാനേജിങ് ഡയരക്ടറായി നേരിട്ടു നിയമനം ലഭിച്ച ഡോ. മുഹമ്മദ് സഗീറിനു നല്‍കിയ ശമ്പളം തനിക്കും വേണമെന്നായിരുന്നു രതീഷിന്റെ ആവശ്യം. ഇതും വ്യവസായ വകുപ്പ് അംഗീകരിച്ചു. കേരളത്തിലെ ചീഫ് സെക്രട്ടറിയുടെ മാസശമ്പളം 2.25 ലക്ഷം രൂപയാണ്. എന്നാല്‍ കെ.എ രതീഷ് ഇന്‍കെലില്‍ എം.ഡിയായിരിക്കേ ഒരു മാസം ശമ്പള ഇനത്തില്‍ എഴുതിയെടുത്തത് 3.75 ലക്ഷം രൂപയാണ്. ഈ സ്ഥാനത്തിരുന്ന മൂന്നു മാസവും ഒരാഴ്ചയും രതീഷിന് നല്‍കിയ ശമ്പളം 12.34 ലക്ഷം രൂപയാണ്.
പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ തലപ്പത്ത് രതീഷിനെ നിയമിച്ചതില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കിഫ്ബി സി.ഇ.ഒ കെ.എം അബ്രഹാമും ശക്തമായ എതിര്‍പ്പു ഉന്നയിച്ചു. കെ.എം അബ്രഹാം ധനകാര്യ സെക്രട്ടറിയായിരിക്കെയാണ് ധനകാര്യ പരിശോധനാ വിഭാഗം കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി പുത്തുകൊണ്ടുവന്നത്. വന്‍കിട പദ്ധതിയ്ക്ക് കിഫ്ബി കോടികള്‍ മുടക്കുമ്പോള്‍ പദ്ധതികള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്ന ഇന്‍കെലിന്റെ എം.ഡിയായി അഴിമതി കേസിലെ പ്രതിയായ ഒരാള്‍ ഇരിക്കുന്നതിലുള്ള എതിര്‍പ്പാണ് അബ്രഹാം ഉയര്‍ത്തിയത്. എതിര്‍പ്പ് ശക്തമായപ്പോഴാണ് രതീഷിനെ ഇന്‍കെലില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയത്. പക്ഷേ വ്യവസായ വകുപ്പില്‍ തന്നെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി വീണ്ടും നിയമനം നല്‍കി. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ നീക്കം നടന്നിരുന്നുവെങ്കിലും ഉപേക്ഷിച്ചു. നിയമനങ്ങളും നിയമന ശ്രമങ്ങളുമെല്ലാം നടക്കുമ്പോള്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന വിവരം വ്യവസായ വകുപ്പ് അറിഞ്ഞിരുന്നില്ലെന്നതാണ് കൗതുകം.
ചില സി.പി.എം നേതാക്കള്‍ക്ക് രതീഷ് എത്രമാത്രം പ്രിയങ്കരനാണെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കണ്ണൂര്‍ ഇരിണാവില്‍ 50 കോടി ചെലവില്‍ ഖാദി ബോര്‍ഡ് സ്വകാര്യ പങ്കാളിത്വത്തോടെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് കേരള ബാങ്കില്‍ നിന്നും വായ്പ തരപ്പെടുത്തി കൊടുക്കണമെന്നാവശ്യപ്പെട്ടു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് എഴുതിയ കത്തായിരുന്നു അത്. ഈ പദ്ധതിയ്ക്ക് ഖാദി ബോര്‍ഡ് അനുമതി കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, എതിരുമായിരുന്നു. എന്നിട്ടും ബോര്‍ഡോ വൈസ് ചെയര്‍പേഴ്‌സണോ പോലും അറിയാതെ പദ്ധതി പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതുസ്ഥാപനത്തിന് വായ്പ തരപ്പെടുത്തി കൊടുക്കണമെന്നാവശ്യപ്പെട്ട് ഇത്തരമൊരു കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയിട്ടും എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ആര്‍ക്കുമറിയില്ല. ഖാദി ബോര്‍ഡിന്റെ ബൈലോ അനുസരിച്ച് സ്വന്തം സ്ഥലത്ത് ഇത്തരമൊരു സ്വകാര്യ പങ്കാളിത്വ പദ്ധതി നടപ്പിലാക്കാനാവില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള രതീഷിന്റെ തിരുമാനം ഒരു പാട് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
കൊച്ചിക്ക് മുകളിലൂടെയുള്ള മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ തടസമില്ലാതെ നീങ്ങുന്നുണ്ട്, കൊച്ചി മുതല്‍ ഭൂമിക്കടിയിലൂടെ പാചകവാതകം ഒഴുകുന്നുണ്ട്, വീതിയേറിയ ദേശീയ പാതയിലൂടെ യാത്ര സുഖകരവുമാണ്, ക്ഷേമ പെന്‍ഷനും സൗജന്യ ഭക്ഷ്യകിറ്റും വീട്ടിലെത്തുന്നുണ്ട്. സാധാരണക്കാര്‍ ഇതിനപ്പുറം ഒന്നും ചിന്തിക്കേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ രതീഷുമാരും ചന്ദ്രശേഖരന്‍മാരും ഇവിടെയൊക്കെ ഇനിയുമുണ്ടാകും.
അഴിമതി കൈയോടെ പിടികൂടാന്‍ ഇനി സോഫ്റ്റ്‌വെയറിലൂടെ പരാതി നല്‍കാനുള്ള സംവിധാനമാണ് പുതുവത്സരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടുന്നയാളെ തിരിച്ചറിയാതിരിക്കാനും എവിടെയെങ്കിലും ഇനിയും അഴിമതി നടക്കുന്നുണ്ടെങ്കില്‍ അതിനെ അരിഞ്ഞുകളയാനുമാണ് ഈ അഴിമതി മുക്ത പദ്ധതി. പദ്ധതി പ്രഖ്യാപിക്കുമ്പോഴെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടന്ന 500 കോടിയുടെ ക്രമക്കേടില്‍ നേര് തേടിയുള്ള സി.ബി.ഐയുടെ അന്വേഷണത്തിനുള്ള പ്രോസിക്യൂഷന്‍ അനുമതി കൊടുത്തിരുന്നുവെങ്കില്‍ ഇതില്‍ ആത്മാര്‍ഥതയുടെ ഒരു കണ്ണിയെങ്കിലുമുണ്ടാകുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."