വോട്ടു കണക്കില്‍ മുന്‍പില്‍; കല്‍പ്പറ്റ സീറ്റില്‍ മോഹിച്ച് മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികള്‍ സജീവമായതോടെ കല്‍പ്പറ്റ സീറ്റ് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റമടക്കം ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിം ലീഗ് രംഗത്തെത്തിയത്. യൂത്ത്‌ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയതെങ്കിലും തൊട്ടുപിന്നാലെ കല്‍പ്പറ്റ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയും സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സംസ്ഥാന നിരീക്ഷകരായ എം.സി മായിന്‍ ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റിലും പോഷക സംഘടനകളുടെ യോഗത്തിലും ചര്‍ച്ച കല്‍പ്പറ്റ സീറ്റു തന്നെയായിരുന്നു. മുന്നണി ബന്ധത്തിന്റെ കാര്യമായതിനാല്‍ വിഷയം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
സീറ്റ് ചോദിക്കാന്‍
ഒരുങ്ങിയതിനു പിന്നില്‍
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലേക്ക് ചേക്കേറിയ എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ദളിനായിരുന്നു കല്‍പ്പറ്റ സീറ്റ്. ഇതില്‍ ഒരുതവണ അവര്‍ വിജയിച്ചു കയറി. എന്നാല്‍ അവസാനം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അവരും പരാജയം രുചിച്ചു. പിന്നാലെ മുന്നണി വിട്ട് ലോക് താന്ത്രിക് ദള്‍ എല്‍.ഡി.എഫിലേക്ക് തന്നെ ചേക്കേറി. ഇതോടെയാണ് കല്‍പ്പറ്റ സീറ്റ് കോണ്‍ഗ്രസിന്റെ കോര്‍ട്ടില്‍ തന്നെ വന്നുചേര്‍ന്നത്. ജില്ലയിലെ ഏക ജനറല്‍ സീറ്റായതിനാല്‍ ഇവിടേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ നിരവധിയാണ്. കോണ്‍ഗ്രസ് കാലങ്ങളായി മത്സരിച്ചു വന്നിരുന്ന കല്‍പ്പറ്റ സീറ്റില്‍ ഒരുതവണ മുസ്‌ലിം ലീഗും മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് പരാജയപ്പെടുകയാണുണ്ടായത്.
വോട്ടു കണക്കില്‍
മുന്‍പില്‍ മുസ്‌ലിം ലീഗ്
കല്‍പ്പറ്റ നിയോജക മണ്ഡലം പരിധിയില്‍ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ആകെ സീറ്റുകള്‍ 201 എണ്ണമാണ്. ഇതില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 117 എണ്ണത്തിലും മുസ്‌ലിം ലീഗ് 84 എണ്ണത്തിലുമായിരുന്നു. കോണ്‍ഗ്രസ് 54 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗ് 57 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന് 46 ശതമാനം വിജയം ലഭിച്ചപ്പോള്‍ 68 ശതമാനമാണ് മുസ്‌ലിം ലീഗിന്റെ വിജയം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിച്ചതിനേക്കാള്‍ 33 സീറ്റുകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ മത്സരിച്ചെങ്കിലും ജനപ്രതിനിധികള്‍ കൂടുതല്‍ മുസ്‌ലിം ലീഗിനാണ്.
സീറ്റ് കിട്ടിയാല്‍
'സ്ഥാനാര്‍ഥികള്‍' ഏറെ
സീറ്റ് മുസ്‌ലിം ലീഗിന് ലഭിച്ചാല്‍ സ്ഥാനാര്‍ഥിയായേക്കാവുന്ന ആളുകളുടെ നീണ്ടനിര തന്നെയുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ബി നസീമ, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ തുടങ്ങിയവരുടെ പേരുകളാണ് മുന്‍പന്തിയില്‍.
മണ്ഡലത്തില്‍ തന്നെയുള്ള രണ്ട് സംസ്ഥാന നേതാക്കള്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇസ്മയില്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ എന്നിവരാണ് അവര്‍. ചില ജില്ലാ നേതാക്കളുടെ പേരുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."