യു.ഡി.എഫ് യോഗം ഇന്ന്; സീറ്റ് വിഭജന ചര്‍ച്ചക്ക് തുടക്കമാകും, മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ടുള്ള യു.ഡി.എഫ് യോഗം ഇന്ന് നടക്കും. പ്രചാരണ പരിപാടികള്‍ സംബന്ധിച്ചും വിവിധ വിഷയങ്ങളില്‍ ഇതുവരെ സ്വീകരിച്ച നിലപാടുകളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ചുമുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.
കേരള കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫിലെ കോണ്‍ഗ്രസിതര ഘടകകക്ഷികള്‍. മുസ്‌ലിം ലീഗും ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സി.എം.പിയുമൊക്കെ സീറ്റുകള്‍ കൂടുതല്‍ ആവശ്യപ്പെടാനുളള ഒരുക്കത്തിലാണ്.
കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്ന മധ്യകേരളത്തിലെ പല സീറ്റുകളിലും അവര്‍ക്കു നോട്ടമുണ്ട്. മധ്യകേരളത്തിലെ ചില സീറ്റുകള്‍ കോണ്‍ഗ്രസും നോക്കുന്നുണ്ട്. ഈ വിഷയങ്ങളിലൊക്കെ തീരുമാനമെടുക്കാനുള്ള ചര്‍ച്ചകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരു മാസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വൈകിയിരുന്നു. ഇത്തവണ അതുണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
അതിനിടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മാനദണ്ഡങ്ങളില്ലാതെ വിജയസാധ്യത മുന്‍നിര്‍ത്തി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശമെങ്കിലും ഗ്രൂപ്പ് വീതംവയ്പ്പുകള്‍ക്കുള്ള അണിയറനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് നിയമിച്ച പ്രത്യേക സംഘം ഉടന്‍ കേരളത്തിലെത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."