തെരുവില്‍ വളവിറ്റും മാതാവ് ഭിക്ഷയെടുത്തും വളര്‍ന്ന ഭിന്നശേഷിക്കാരനായ രമേശ് ഇന്ന് വകുപ്പ് സെക്രട്ടറി, ഇതാണ് ശരിക്കും മോട്ടിവേഷന്‍!
മുംബൈ: ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലിന് തളര്‍ച്ചവരിക, തെരുവില്‍ വളവിറ്റ് പഠനം നടത്തുക, തുടര്‍ന്ന് ഉപരിപഠനത്തിനായി മാതാവ് ഭിക്ഷ യാചിക്കുക... ഒടുവില്‍ മുന്‍നിര റാങ്കുകാരനായി സിവില്‍ സര്‍വിസിലെത്തുക. മോട്ടിവേഷന്‍ സ്‌റ്റോറികള്‍ (പ്രചോദന കഥകള്‍) ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇതു സ്വന്തം ജീവിതം കൊണ്ടു യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള രമേശ് ഗോലപ്. തെരുവില്‍ പട്ടിണിയും ദാരിദ്ര്യവും ഭക്ഷിച്ച് ജീവിച്ച് ജാര്‍ഖണ്ഡിലെ ഊര്‍ജ്ജവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി നിയമനം ലഭിച്ച രമേശിന്റെ ജീവിതം യാതൊരു ആനുകൂല്യങ്ങളും സവിശേഷതയുമില്ലാതെ ഉന്നതങ്ങള്‍ എങ്ങനെ കൈവരിക്കാമെന്നതിനുള്ള ഉദാഹരണമാണ്.
2012 ബാച്ചിലെ സിവില്‍സര്‍വിസ് ഉദ്യോഗസ്ഥനായ രമേശിന്റെ ജീവിതകഥ ഇന്ത്യാ ടൈംസ് ആണ് പ്രസിദ്ധീകരിച്ചത്. ദാരിദ്ര്യവും ശാരീരിക അവശതയും ഉള്‍പ്പെടെയുള്ള ഒരുപ്രതിസന്ധിക്ക് മുന്‍പിലും തളരാതെ മുന്നോട്ടുപോവുകയായിരുന്നു താനെന്ന് രമേശ് പറഞ്ഞു.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലുള്ള മഹാഗാവ് എന്ന പിന്നോക്ക ഗ്രാമത്തിലാണ് രമേശിന്റെ ജനനം. സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന പിതാവ് ഗോരഖ് ഗോലപ് മുഴുമദ്യപാനിയായിരുന്നു. അമിതമായ മദ്യപാനംമൂലം ഗോരഖ് നേരത്തേ മരിച്ചു. ഇതോടെ കുടുംബത്തിന്റെ വരുമാനം മുഴുവനായി നിലച്ചു. ഇതു തെരുവിലേക്കിറങ്ങാന്‍ രമേശിനെയും മാതാവിനെയും ഏകസഹോദരനെയും നിര്‍ബന്ധിതരാക്കി. ആദ്യം കുപ്പിവളകളും മറ്റും വില്‍പ്പന നടത്തി കിട്ടുന്ന നാണയ തുട്ടുകളായിരുന്നു വരുമാനം. പോളിയോമൂലം തളര്‍ന്ന കാലുകള്‍ ഊന്നിയായിരുന്നു രമേശ് സോലാപൂരിലെ തെരുവുകളില്‍ വളവിറ്റ് നടന്നത്. പ്രതികൂലഘടകങ്ങള്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നുവെങ്കിലും ചെറുപ്പത്തിലേ പഠനത്തില്‍ മിടുക്കനായിരുന്നു രമേശ്.
പത്താം ക്ലാസിന് ശേഷം ഏകവര്‍ഷ ഡിപ്ലോമ കോഴ്‌സ് മാത്രമാണ് രമേശ് ആദ്യം നേടിയത്. പണമില്ലാത്തതിനാല്‍ തുടര്‍ന്നു പഠിക്കാനായില്ല. ചെറിയ ജോലികള്‍ എടുത്തു ജീവിക്കുന്നതിനിടെ അടങ്ങാത്ത മോഹംകാരണം ഓപണ്‍ സര്‍വകലാശാല വഴി ബിരുദപഠനം പൂര്‍ത്തിയാക്കി. ബിരുദപഠനത്തിനു ശേഷം നാട്ടില്‍ സ്വകാര്യസ്‌കൂളില്‍ അധ്യാപകനായി. ഇതിനിടെ പരിചയപ്പെട്ട അധ്യാപകന്‍ മുഖേനയാണ് സിവില്‍ സര്‍വിസിനെ കുറിച്ചു കൂടുതല്‍ അറിയുന്നതും അതിനായി രമേശ് ശ്രമിക്കുന്നതും.
സിവില്‍ സര്‍വിസ് പരിശീലനത്തിനായി മാതാവ് പലരില്‍ നിന്നും വായ്പയെടുത്ത് സ്വരൂപിച്ച പണവുമായി രമേശ് പൂനെയിലേക്ക് പോയി. ആദ്യപരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും വിട്ടുകൊടുത്തില്ല. ഊണിലും ഉറക്കിലുമെല്ലാം സിവില്‍സര്‍വിസ് വിജയമെന്ന ചിന്തയോടെ പഠനം തുടര്‍ന്നതോടെ 287ാം റാങ്കോടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചു.
തന്റെ സര്‍വിസിനിടെ തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ പ്രവര്‍ത്തിയിലും കുട്ടിക്കാലം ഓര്‍ത്തുപോവുമെന്ന് രമേശ് പറയുന്നു. മണ്ണെണ്ണ മറിച്ചു വില്‍ക്കുന്ന റേഷന്‍ വ്യാപാരിയുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ മണ്ണെണ്ണയില്ലാത്തതു കൊണ്ടു വെളിച്ചമില്ലാതെ പഠനം നിര്‍ത്തേണ്ടിവന്ന പഴയ രാത്രികള്‍ ഓര്‍മവരും- അദ്ദേഹം പറഞ്ഞു. വിധവകള്‍ക്കുള്ള ആനുകൂല്യം സംബന്ധിച്ച രേഖകള്‍ നീക്കുമ്പോള്‍ വിധവാപെന്‍ഷന് വേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുന്ന മാതാവിനെ ഓര്‍മവരും- രമേശ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."