വയനാടൻ തണുപ്പുതേടി കൂട്ടമായെത്തി നീർപക്ഷികൾ ആശങ്കയായി ചൂളൻ എരണ്ടകളുടെ കുറവ്
കൽപ്പറ്റ
വയനാടൻ തണുപ്പുതേടിയെത്തുന്ന ചൂളൻ എരണ്ടകൾ കുറഞ്ഞെങ്കിലും നീർപക്ഷികളുടെ വരവിൽ വർധനവെന്ന് പുതിയ പഠനം. ഏഷ്യൻ നീർപക്ഷി സെൻസസിന്റെ ഭാഗമായി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയും വയനാട്ടിലെ സോഷ്യൽ ഫോറസ്ട്രിയും സംയുക്തമായി നടത്തിയ കണക്കെടുപ്പിൽ 46ഓളം നീർപക്ഷികളെ കണ്ടെത്തി. കൂടാതെ 140 സ്പീഷീസുകളിൽ ഉൾപ്പെടുന്ന 1,470 മറ്റു പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്.
ബാണാസുര അണക്കെട്ട്, കാരാപ്പുഴ, ആറാട്ടുതറ, വള്ളിയൂർകാവ്, പനമരം നെൽവയലുകൾ, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ അമ്മവയൽ, ഗോളൂർ എന്നിവിടങ്ങളിൽ നീർത്തട ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ജീവിക്കുകയും ദേശാടനത്തിനായി വരികയും ചെയ്യുന്ന നീർപക്ഷികളുടെ കണക്കെടുപ്പിലാണ് 46 പക്ഷികളെ കണ്ടെത്തിയത്.
പുള്ളിച്ചുണ്ടൻ താറാവ്, പച്ച എരണ്ട, വർണക്കൊക്ക്, ചൂളൻ എരണ്ട, പുഴ ആള എന്നിവയാണ് സർവേയിൽ കണ്ടെത്തിയ പ്രധാനപ്പെട്ട ഇനങ്ങൾ. ഇതിൽ ഗോളൂർ പ്രദേശങ്ങളിൽ കണ്ടെത്തിയ ദേശാടനപക്ഷിയായ ചെമ്മാറൻ പാറ്റപിടിയന്റെ സാന്നിധ്യം സുപ്രധാനമാണ്. കേരളത്തിന്റെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ കുറവാണെങ്കിലും വയനാട്ടിലെ തണ്ണീർത്തടങ്ങളിൽ ക്രമേണ കാട്ടുതാറാവുകളുടെയും ദേശാടന താറാവുകളുടെയും എണ്ണത്തിൽ ചെറിയ തോതിലുള്ള വർധനവുണ്ട്.
ജില്ലയിൽ ഒരു ദശവർഷം മുമ്പുവരെ പുള്ളിച്ചുണ്ടൻ താറാവ്, പച്ച എരണ്ട എന്നീ പക്ഷികൾ അത്യപൂർവമായിരുന്നു. കാരാപ്പുഴ റിസർവോയർ കമ്മിഷൻ ചെയ്ത ശേഷം കുന്നുകളോട് ചേർന്നുള്ള ആഴംകുറഞ്ഞ ജലാശയങ്ങൾ നിരവധി ജലപക്ഷികൾക്ക് വളരാനും പ്രജനനം നടത്താനും അനുയോജ്യമായ ആവാസ വ്യവസ്ഥയായി. ഇതുകാരണം പുള്ളിച്ചുണ്ടൻ താറാവ്, പച്ച എരണ്ട എന്നിവയുടെ എണ്ണത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായി.
അതേസമയം, നിലവിലെ പഠന പ്രകാരം ചൂളൻ എരണ്ടയുടെ എണ്ണത്തിൽ കുറവ് വന്നത് ആശങ്കക്കിടയാക്കി. കാരാപ്പുഴ നീർത്തടങ്ങൾ വിവിധയിനം പക്ഷികളാൽ സമ്പന്നമായിരുന്നെങ്കിലും ഈ വർഷത്തെ കണക്കുപ്രകാരം മൂന്ന് ചൂളൻ എരണ്ടകളെ മാത്രമാണ് കണ്ടെത്താനായത്.
സോഷ്യൽ ഫോറസ്ട്രി വയനാട്, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി, പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, റട്ടൂഫ നേച്ചർ ക്ലബ് എന്നീ സംഘടനകൾ സംയുക്തമായാണ് നിരീക്ഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."