നടിയെ ആക്രമിച്ച കേസ് കൂറുമാറിയ യുവനടി ആത്മഹത്യക്ക് ശ്രമിച്ചു
ഉറക്കം ലഭിക്കാനായി ഗുളിക കഴിച്ചതാണെന്ന് താരം
കൊച്ചി
നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷിയായ യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി സൂചന. കഴിഞ്ഞ ദിവസമാണ് അമിതമായി ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടനില തരണം ചെയ്ത താരം ആശുപത്രി വിടുകയും ചെയ്തു. എന്നാൽ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും ഉറക്കം കിട്ടാനായി ഗുളിക കഴിച്ചതാണെന്നും ഡോസ് അധികമായിപോയി എന്നുമാണ് യുവനടി പൊലിസിന് നൽകിയിരിക്കുന്ന മൊഴി.ദിലീപിനെതിരേയുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കൂറുമാറിയ സാക്ഷികളെ നിരീക്ഷിക്കാൻ തീരുമാനിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്.
കൂറുമാറിയ സാക്ഷികൾക്ക് ദിലീപ് പണം വാഗ്ദാനം ചെയ്തിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂറുമാറിയ സാക്ഷികളിൽ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം തീരുമാനിച്ചത്. ഈ വിവരം പുറത്തു വന്നതിനു പിന്നാലെയാണ് യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതും. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
അതേസമയം, നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. എന്നാൽ കൂറുമാറിയ സാക്ഷികളുടെ അക്കൗണ്ടുകൾ പരിശോധിക്കാനും ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആത്മഹത്യക്ക് ശ്രമിച്ച നടിയെയും നിരീക്ഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."