നമ്മുടെ ഹോക്കി
ആധുനിക ഹോക്കിയുടെ തുടക്കം ഇംഗ്ലണ്ടില്‍ നിന്നാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്ന കോമോക്കി എന്ന വിനോദമാണ് ഇന്നത്തെ ഹോക്കിയായി മാറിയത്.
പതിനെട്ടാം നൂറ്റാണ്ടോടെ ഹോക്കി ജനകീയ വിനോദമായി മാറി. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ഈ വിനോദത്തിനു പറയാനുമുണ്ട്. പ്രാചീന ഈജിപ്ത്, എത്യോപ്യ, റോം, ഗ്രീസ്, എന്നിവിടങ്ങളില്‍ ഹോക്കിയോട് സാമ്യമുള്ള വിനോദങ്ങളുണ്ടായിരുന്നു. കുതിരപ്പുറത്തുനിന്ന് പന്തു തട്ടുന്ന പോലെ എന്ന പേര്‍ഷ്യന്‍ വിനോദത്തിന്റെ തുടര്‍ച്ചയാണ് ആധുനിക ഹോക്കി എന്ന വാദവും നിലവിലുണ്ട്. ഹോക്കിയുടെ വക ഭേദങ്ങളാണ് ഇന്‍ഡോര്‍ ഹോക്കി, ഐസ് ഹോക്കി തുടങ്ങിയവ. യൂറോപ്പിലെ കൊടും ശൈത്യത്തില്‍നിന്നു രക്ഷപ്പെടാന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് കളിച്ചിരുന്ന ഹോക്കിയാണ് ഇന്‍ഡോര്‍ ഹോക്കി. പല ശൈത്യരാജ്യങ്ങളിലും ഐസ് ഹോക്കി പ്രചാരത്തിലുണ്ട്. കാനഡയിലാണ് ഈ വിനോദത്തിന്റെ തുടക്കം. സാധാരണ ഹോക്കിയില്‍നിന്നു ഹോക്കി സ്റ്റിക്കിനും പന്തിനും വ്യത്യാസമുണ്ട്. ലോകരാജ്യങ്ങളിലെ ഹോക്കി പ്രചാരണത്തിനായി രൂപം കൊണ്ട സംഘടനയാണ് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍. ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡെ ഹോക്കി എന്നാണ് പൂര്‍ണനാമം.
ഇന്ത്യയുടെ
വിനോദം
ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരില്‍നിന്നാണ് നമ്മുടെ രാജ്യത്ത് ഹോക്കി പ്രചരിച്ചത്. ബ്രിട്ടീഷുകാര്‍ വിനോദമായി കണ്ടിരുന്ന കളി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്കാരും ഏറ്റെടുത്തു.
1885 ല്‍ കൊല്‍ക്കൊത്തയിലാണ് ആദ്യത്തെ ഹോക്കി ക്ലബ്ബ് രൂപം കൊണ്ടത്. പത്തുവര്‍ഷത്തിനു ശേഷം ബോഡ് ടണ്‍ കപ്പ് എന്ന ഹോക്കി ടൂര്‍ണമെന്റും കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 1908 ല്‍ ബംഗാള്‍ ഹോക്കി അസോസിയേഷന്‍ രൂപം കൊണ്ടു. 1925 സെപ്റ്റംബറില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും നിലവില്‍ വന്നു. ഹോക്കി ഇന്ത്യയില്‍ വ്യാപകമായതോടെ ഇന്ത്യന്‍ ഹോക്കി ടീമിനെ ഒളിമ്പിക്‌സിലേക്കയച്ചു. 1928 മുതല്‍ 1956 വരെയുള്ള ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായി സ്വര്‍ണമെഡല്‍ സ്വന്തമാക്കി. മൂന്നു തവണ ഇന്ത്യ ഹോക്കി വേള്‍ഡ് കപ്പിന് വേദിയായിട്ടുണ്ട്.1975 ലെ വേള്‍ഡ് കപ്പില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം മികച്ച വിജയങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. 1966, 1998, 2014 വര്‍ഷങ്ങളില്‍ പുരുഷ ഹോക്കി ടീമും 1982 ല്‍ വനിതാ ടീമും സ്വര്‍ണം നേടി. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ പ്രാഥമിക റൗണ്ടില്‍ ഹോങ്കോങ്ങിനെ 26-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഏഷ്യന്‍ ഗെയിംസിലെ ഒരു ടീമിന്റെ ഏറ്റവും മികച്ച വിജയം എന്ന റെക്കോഡ് സ്വന്തമാക്കി.
ഇന്ത്യന്‍ താരങ്ങള്‍
ജയ്പാല്‍ സിങ് മുണ്‍ഡേ
ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രഥമ നായകന്‍ ആണ് ജയ്പാല്‍ സിങ് മുണ്‍ഡേ. 1928 ലെ ഒളിംപിക്‌സില്‍ ഇദ്ദേഹം നമ്മുട രാജ്യത്തെ നയിക്കുകയും ടീമിന് സ്വര്‍ണമെഡല്‍ നേടിക്കൊടുക്കുകയും ചെയ്തു. ഹോക്കി ടീമില്‍നിന്നു വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇദ്ദേഹം വളരെ കാലം പ്രവര്‍ത്തിച്ചു .ഇന്ത്യ കണ്ട മികച്ച ഫുള്‍ ബാക്കുകളിലൊരാളായിരുന്നു ജയ്പാല്‍.
ബല്‍ബീര്‍ സിങ്
ബല്‍ബീര്‍ സിങ് എന്ന പേരില്‍ നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവര്‍ ഒരേ സമയം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയുണ്ടായി. ബല്‍ബീര്‍ സിങ് (സീനിയര്‍) എന്ന താരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒളിംപിക്‌സ് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ബല്‍ബീര്‍ സിങിനാണ്. 1952 ല്‍ നടന്ന ഒളിംപിക്‌സ് ഹോക്കിയുടെ ഫൈനലില്‍ ഹോളണ്ടിനെതിരേ അഞ്ച് ഗോളുകള്‍ ഇദ്ദേഹം നേടി. 1975 ല്‍ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ സീനിയര്‍ കോച്ചും മാനേജറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അജിത്പാല്‍ സിങ്
ഇന്ത്യ ലോകകപ്പ് വിജയം സ്വന്തമാക്കിയ 1975ല്‍ ഇന്ത്യയുടെ നായകനാണ് അജിത് പാല്‍ സിങ്. സിന്തറ്റിക് പിച്ചില്‍ ആദ്യമായി ഗോള്‍ നേടിയ ഇദ്ദേഹം പതിനഞ്ചാം സെക്കന്റില്‍ ഗോളടിച്ച് വേഗമേറിയ ഗോള്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
രൂപ് സിങ്
ഇന്തഹോക്കി താരചരിത്രത്തിലെ ഏറ്റവും മികച്ച പെനാല്‍റ്റി കോര്‍ണര്‍ എക്‌സ്‌പേര്‍ട്ടാണ് രൂപ് സിങ്. 1932 ല്‍ നടന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ഹോക്കി ടീമിനെതിരെ പത്ത് ഗോളുകള്‍ നേടി ഇദ്ദേഹം റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. അന്ന് 24-1 എന്ന ഗോള്‍ നിലക്കായിരുന്നു ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ ഇളയ സഹോദരന്‍ കൂടിയാണ് ഇദ്ദേഹം. ഹോക്കിയിലെ ഇരട്ടകള്‍ എന്നായിരുന്നു രൂപ് സിങിനേയും ധ്യാന്‍ ചന്ദിനേയും വിശേഷിപ്പിച്ചിരുന്നത്.
മുഹമ്മദ് ഷാഹിദ്
മൂന്ന് ഒളിംപിക്‌സുകളില്‍ മുഹമ്മദ് ഷാഹിദ് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഡ്രിബ്ലിംഗ് പ്രിന്‍സ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്മശ്രീ, അര്‍ജ്ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ധ്യാന്‍ചന്ദ്
അലഹാബാദില്‍ ഒരു പട്ടാളക്കാരന്റെ മകനായാണ് ധ്യാന്‍ ചന്ദിന്റെ ജനനം. ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പില്‍നിന്നുമാണ് ധ്യാന്‍ ചന്ദ് ഹോക്കി പഠിക്കുന്നത്. ധ്യാന്‍ സിങ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ദാദ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു. 1926 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ ആദ്യത്തെ വിദേശ പര്യടന ഹോക്കി ടീമില്‍ ഇടം നേടി. ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണം നേടിയ 1928,1932,1936 ടീമിന്റെ നെടും തൂണുകളിലൊന്നായിരുന്നു ധ്യാന്‍ ചന്ദ്. ഇദ്ദേഹത്തിന്റെ ജന്മദിനം നാം ദേശീയ കായിക ദിനമായി ആചരിക്കുന്നു. ഹിറ്റ്‌ലര്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു. ധ്യാന്‍ ചന്ദിന്റെ ഹോക്കി സ്റ്റിക് എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ ഹിറ്റ്‌ലര്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1932 ല്‍ ഇന്ത്യന്‍ ഹോക്കി ടീം നേടിയ ഗോളിന്റെ മൂന്നിലൊന്നും ധ്യാന്‍ ചന്ദിന്റെ സംഭാവനയായിരുന്നു. കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നത ദേശീയ പുരസ്‌കാരം ധ്യാന്‍ ചന്ദിന്റെ പേരിലാണ് അറിയപ്പെടുന്നത്.1980 ല്‍ തപാല്‍ വകുപ്പ് ഇദ്ദേഹത്തിന്റെ പേരില്‍ തപാല്‍സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
ധന്‍രാജ് പിള്ള
1989 മുതല്‍ പതിനഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ ഹോക്കിക്ക് കരുത്തു പകര്‍ന്ന ഫോര്‍വേഡ് ആണ് ധന്‍രാജ് പിള്ള. 1998 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2003 ല്‍ ഏഷ്യാക്കപ്പും ഇദ്ദേഹം രാജ്യത്തിന് വേണ്ടി നേടിക്കൊടുത്തു. രാജ്യം ഖേല്‍ രത്‌ന, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
പി.ആര്‍ ശ്രീജേഷ്
ഗോള്‍കീപ്പറായും ക്യാപ്റ്റനായും ഇന്ത്യന്‍ ഹോക്കി ടീമില്‍ മികച്ചയിടം കണ്ടെത്തിയ മലയാളിയാണ് പി.ആര്‍.ശ്രീജേഷ്. 2006 ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ശ്രീജേഷ് 2016 ല്‍ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിച്ചു. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
ദിലീപ്
ടിര്‍ക്കി
ഏറ്റവും കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ഹോക്കി താരമാണ് ദിലീപ് ടിര്‍ക്കി. ഏറ്റവും കൂടുതല്‍ ഹോക്കി മല്‍സരങ്ങള്‍ കളിച്ച ലോക താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.1995 ല്‍ ഇന്ത്യന്‍ ടീമിലെത്തിയ താരം 2003 ല്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. പതിനഞ്ച് വര്‍ഷം നീണ്ട കരിയറില്‍ ഒളിംപിക്‌സ്, ലോകകപ്പ് , ഏഷ്യാഡ്, ഏഷ്യ കപ്പ് എന്നിവയില്‍ ഇന്ത്യയെ നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."