കടയ്ക്കാവൂര്‍ പോക്സോ കേസ്: പറയുന്ന കാര്യങ്ങളില്‍ കുട്ടി ഉറച്ചു നില്ക്കുന്നു, പൊലിസ് എഫ്.ഐ.ആര് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായില്ലെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കൗണ്‍സിലിംഗിന്റെ റിപ്പോര്‍ട്ട് പുറത്ത്. പറയുന്ന കാര്യങ്ങളില്‍ കുട്ടി ഉറച്ചു നില്ക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് പൊലിസ് കേസെടുത്തത്.
കേസില്‍ പൊലിസ് എഫ്.ഐ.ആര് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന ചെയര്‍പേഴ്സന്റെ കഴിഞ്ഞ ദിവസത്തെ വാദത്തിനെതിരാകുകയാണ് സി.ഡബ്ല്യു.സി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.
പൊലിസ് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത് സി.ഡബ്ല്യു.സി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. കുട്ടിയെ സി.ഡബ്ല്യു.സിക്ക് കീഴില്‍ കൗണ്‍സിലിംഗ് നടത്തിയതില്‍ അമ്മക്കെതിരായ നല്കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. കൗണ്‍സിലിംഗ് നടന്നത് നവംബര്‍ 13 നാണ്. എന്നാല്‍ പൊലിസിന് റിപ്പോര്‍ട്ട് നല്‍കിയത് നവംബര്‍ 30 നും. തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലിസ് സി.ഡബ്ല്യു.സി രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ 18നാണ്.
എന്നാല്‍ കേസില്‍ പൊലിസ് എഫ്.ഐ.ആര് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ വാദം. കേസില്‍ വിവരം നല്കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് സി.ഡബ്യു.സി ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് എന്‍. സുനന്ദ പറഞ്ഞിരുന്നു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയത് സി.ഡബ്യു.സിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാലിത് കള്ളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്ക്കനുകൂലമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇരയായ കുട്ടിയും കുട്ടിയുടെ മൂത്ത സഹോദരനും അമ്മക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്.
കേസില്‍ ഐജിയുടെ നേതൃത്വത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."