കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാൻഡ് റിപ്പോർട്ട്
സ്വന്തം ലേഖകൻ
തൊടുപുഴ
ഇടുക്കി ഗവ. എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ പ്രതികൾ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് റിമാൻഡ് റിപ്പോർട്ട്. അറസ്റ്റിലായ രണ്ട് പ്രതികളെ പൊലിസ് ഇന്നലെ കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഫാസിൽ റഹ്മാന് മുമ്പിൽ ഹാജരാക്കിയപ്പോൾ ഇടുക്കി എസ്.എച്ച്.ഒ ബി. ജയൻ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികൾ സംഘം ചേർന്ന് ആസൂത്രിതമായി കൊലപാതകം നടത്തിയതാണെന്ന് പറയുന്നത്.
കോളജിന് പുറത്ത് നിന്നുള്ളവർ പ്രവേശിക്കരുതെന്ന നിബന്ധന ലംഘിച്ചത് ചോദ്യം ചെയ്ത എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം ധീരജ് ഉൾപ്പെട്ട സംഘത്തെ മാരകമായി മുറിവേൽപ്പിച്ച് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് നിഖിൽ പൈലി അടങ്ങുന്ന ആറംഗ സംഘം കുറ്റകൃത്യം നടത്തിയത്. പ്രതികൾ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. നിഖിൽ കത്തിയെടുത്ത് ധീരജിന്റെ സഹപാഠികളായ അഭിജിത്ത് ടി.
അനിലിനെയും എ.എസ്. അമലിനെയുമാണ് ആദ്യം കുത്തിയത്. ഇതിന് ശേഷം ഓടിപോകാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുനിർത്തിയപ്പോഴാണ് ധീരജിന്റെ നെഞ്ചിൽ കുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു ചൊവ്വാഴ്ച ജില്ലാ പൊലിസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."