കർണാടകയിലെ സർക്കാർ കോളജിൽ കാവി ഷാളും ഹിജാബും നിരോധിച്ചു മുസ്‌ലിം വിദ്യാർഥിനികൾക്ക് തട്ടം ധരിക്കാം
മംഗളൂരു
കർണാടകയിൽ ചിക്കമംഗളൂരു ജില്ലയിലെ ബൽഗാഡിയിലെ ഗവ. കോളജിൽ ഹിജാബും കാവി ഷാളും നിരോധിച്ചു. ബുധനാഴ്ച നടന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടേയും യോഗത്തിലാണ് തീരുമാനം.
നേരത്തെ ഹിജാബ് ധരിച്ച് കോളജിലെത്തിയ പെൺകുട്ടികളെ ക്ലാസിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്നു ജില്ലാ കലക്ടർ ഇടപെട്ടാണ് ഇവരെ ക്ലാസിൽ കയറ്റിയത്. തുടർന്ന് എ.ബി.വി.പിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ് കോളജിലെത്തി പ്രതിഷേധിച്ചു.
സംഘർഷം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കാവി ഷാളും ഹിജാബും നിരോധിച്ചതെന്നാണ് പ്രിൻസിപ്പൽ ആനന്ദ് മൂർത്തിയുടെ വിശദീകരണം. എന്നാൽ, മുസ്്‌ലിം വിദ്യാർഥിനികൾ തട്ടം ധരിക്കുന്നതിനു തടസമില്ല. ഇത് അംഗീകരിക്കാത്തവരെ കോളജിൽനിന്നു പുറത്താക്കാനാണ് തീരുമാനം.
കോളജിൽ 850 ബിരുദ വിദ്യാർഥികളാണുള്ളത്. ഇതിൽ നാലിലൊന്നും മുസ്‌ലിം വിഭാഗത്തിൽനിന്നുള്ളവരാണ്. കർണാടകയിൽ ഭൂരിഭാഗം സർക്കാർ കോളജുകളിലും യൂനിഫോമില്ല. ബൽഗാഡിയിൽ മാത്രമാണ് യൂനിഫോമുള്ളത്.
കോളജിൽ മാസങ്ങളായി തുടരുന്ന തർക്കത്തിൽ എ.ബി.വി.പിയും കാംപസ് ഫ്രണ്ടും മുതലെടുപ്പ് നടത്തുകയാണെന്നാണ് അധ്യാപകർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."