കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ നാളെ എത്തും; ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4,35,000 വയല്‍ വാക്‌സിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ നാളെ എത്തും. ആദ്യ ഘട്ടത്തില്‍ 4,35,000 വയല്‍ വാക്‌സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സര്‍ക്കാരിന് ലഭിച്ചു. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വാക്സിനുമായി നെടുമ്പാശേരിയിൽ ആദ്യ വിമാനമെത്തും. വൈകിട്ട് ആറിന് തിരുവനന്തപുരത്തും വാക്സിൻ എത്തിക്കും.അഞ്ച് ലക്ഷം വയല്‍ കൊവിഡ് വാക്‌സിനുകളാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്.
കൊച്ചിയിൽ 3 ലക്ഷം ഡോസും തിരുവനന്തപുരത്ത് 1.35 ലക്ഷം ഡോസും നാളെത്തന്നെ എത്തും. ഓക്സ്ഫോഡ് സർവകലാശായുടെ സഹായത്തോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിച്ച കൊവിഷീല്‍ഡ് വാക്സിനാണ് കേരളത്തിലെത്തുന്നത്.
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് പുലര്‍ച്ചെ ട്രക്കുകള്‍ പുറപ്പെട്ടു. വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."