കണ്ണൂരില്‍ മൂന്നു സീറ്റുകള്‍ വേണമെന്ന് ലീഗ്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂുര്‍ ജില്ലയില്‍ മൂന്നു സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്‌ലിം ലീഗ്. അഴീക്കോടിനു പുറമെ കൂത്തുപറമ്പ്, തളിപ്പറമ്പ് മണ്ഡലങ്ങള്‍ കൂടി ആവശ്യപ്പെടണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.
ജില്ലാ, മണ്ഡലം, പോഷക സംഘടനാ ഭാരവാഹി യോഗത്തിലെ വികാരം 16ന് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ജില്ലാ നിരീക്ഷകന്‍ പി.എം.എ സലാം അവതരിപ്പിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയവും സംഘടനാ അടിത്തറയും കണക്കിലെടുത്താണ് രണ്ടു സീറ്റുകള്‍ അധികം ചോദിക്കാന്‍ ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. യു.ഡി.എഫിനു ഭരണം ലഭിച്ച മൂന്നു നഗരസഭകളില്‍ രണ്ടെണ്ണത്തില്‍ അധ്യക്ഷസ്ഥാനം ലീഗിനാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനു പുറമെ ആറു ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാരും ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റും ലീഗിനാണ്.
അഴീക്കോട് നിലനിര്‍ത്താനാകുമെന്നാണു പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ 6,000ത്തോളം വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിനാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന് ഇവിടെ 21,857 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു.
രണ്ടു ടേം പൂര്‍ത്തിയാക്കിയ കെ.എം ഷാജി മത്സരിക്കുന്നില്ലെങ്കില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്, ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. ജില്ലയ്ക്കു പുറത്തുള്ളവരെ സ്ഥാനാര്‍ഥികളായി വേണ്ടെന്നും ജില്ലാനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍.ഡി.എഫിന്റെ കൈയിലുള്ള കൂത്തുപറമ്പും തളിപ്പറമ്പും വാങ്ങി മത്സരിച്ചാല്‍ പിടിച്ചെടുക്കാമെന്നാണു ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. രണ്ടിടത്തും പാര്‍ട്ടിക്കു നിര്‍ണായക ശക്തിയുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന പഴയ പെരിങ്ങളം മണ്ഡലത്തില്‍ ലീഗിലെ കെ.എം സൂപ്പി നേരത്തെ എം.എല്‍.എയായിരുന്നു.
കൂത്തുപറമ്പ് ലഭിക്കുകയാണെങ്കില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല, ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, യൂത്ത് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരുടെ പേരുകള്‍ക്കാണു മുന്‍തൂക്കം.
കഴിഞ്ഞ രണ്ടുതവണ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച തളിപ്പറമ്പില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം ജില്ലാ നേതൃത്വത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."