അവസാനത്തെ അടവുകള്‍
ലോകത്തിലെ ഏറ്റവും കരുത്തനായ സര്‍വസൈന്യാധിപന്‍ ഒരു തെമ്മാടിക്കൂട്ടത്തെ കാപ്പിറ്റോള്‍ ഹില്ലിലേക്കയച്ച കഥ, കുന്നിന്‍മുകളില്‍നിന്ന് താഴേയ്ക്കു നിപതിച്ച ജാക്കിന്റെയും ജില്ലിന്റെയും കഥയ്‌ക്കൊപ്പം, നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് ഏറെക്കാലം പാടി നടക്കാം. ജനുവരി ഇരുപതിനെത്തുന്ന പുതിയ താമസക്കാരന് വൈറ്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കാതിരിക്കുന്നതിനുള്ള വിഡ്ഢിത്തന്ത്രമായിരുന്നു ട്രംപിന്റേത്. ജോ ബൈഡന് അടുത്ത നാലു വര്‍ഷം വൈറ്റ് ഹൗസില്‍ താമസിക്കുന്നതിനുള്ള വാടകച്ചീട്ടിന് അന്തിമമായ അംഗീകാരം നല്‍കുന്നതിനുവേണ്ടി കോണ്‍ഗ്രസ് എന്നറിയപ്പെടുന്ന യു.എസ് പാര്‍ലമെന്റ് സമ്മേളിക്കുമ്പോഴായിരുന്നു അല്‍പത്തരം എന്ന് വിശേഷിപ്പിക്കേണ്ട ട്രംപത്തരം അരങ്ങേറിയത്. കാപ്പിറ്റോള്‍ സുരക്ഷാഭീഷണിയിലായെങ്കിലും ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ത്തീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് ഭീകരാക്രമണത്തിനു വിധേയമായിട്ടുണ്ടെങ്കിലും യു.എസില്‍ ഇത്തരമൊന്ന് നടാടെയായിരുന്നു. അവര്‍ക്ക് പേള്‍ ഹാര്‍ബറും വേള്‍ഡ് ട്രേഡ് സെന്ററുമാണ് പരിചയമുള്ള ആക്രമണങ്ങള്‍. പ്രശംസനീയമായ വിപദിധൈര്യത്തോടെ ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്പീക്കര്‍ നാന്‍സി പെലോസിയും സ്ഥിതിഗതി കൈകാര്യം ചെയ്തു. ട്രംപിന്റെ 232ന് എതിരേ 302 വോട്ടിന് ബൈഡന്റെ വിജയം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുള്ള ജനാധിപത്യം അതിന്റെ കരുത്ത് കാട്ടിയ സന്ദര്‍ഭമായിരുന്നു അത്. ഇങ്ങനെയൊരു സംഭവം മാത്രമല്ല ഇങ്ങനെയൊരു പ്രസിഡന്റും അമേരിക്കയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സമ്പത്തിലും കരുത്തിലും പ്രഥമസ്ഥാനത്തു നില്‍ക്കുന്ന രാജ്യത്ത് ഒരു വെടിപോലും ഉതിര്‍ക്കാതെ നടക്കുന്ന അധികാരക്കൈമാറ്റം ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കാപ്പിറ്റോളിലേക്ക് ട്രംപിനുവേണ്ടി ഇരച്ചുകയറിയ ആയിരക്കണക്കിന് തെമ്മാടികളെ അമര്‍ച്ച ചെയ്യുന്നതിന് ട്രംപിന്റെ സൈന്യം ഇറങ്ങേണ്ടിവന്നു. പലവട്ടം ഉതിര്‍ന്ന വെടികളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. സമാധാനപരമായി നടക്കേണ്ട അധികാരകൈമാറ്റം ഇപ്രകാരം രക്തരൂഷിതമായതിനെ നിസാരമായി കാണാനാവില്ല. അതീവസുരക്ഷയുള്ള ഭരണമേഖലയിലേക്കായിരുന്നു ഈ ഇരച്ചുകയറ്റം. എല്ലാറ്റിനുംമേലേ നില്‍ക്കുന്ന ഭരണഘടനയോട് വിശ്വസ്തതയും വിധേയത്വവുമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജിബ്രാള്‍ട്ടറിലെ പാറപോലെ ഉറച്ചുനില്‍ക്കുന്ന കാഴ്ച ലോകം കണ്ടു. ഭരണഘടന സ്വയം പരാജയപ്പെടുന്നില്ല. ഭരണഘടനയെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഭരണഘടനാവിരുദ്ധമായ ഇംഗിതത്തെ രാഷ്ട്രപതി ചോദ്യം ചെയ്യാതിരുന്നതുകൊണ്ടാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥയുണ്ടായത്. കോടതിയുള്‍പ്പെടെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും ഏകാധിപതിയുടെ സ്വേച്ഛയ്ക്ക് വഴങ്ങി. മുട്ടു മടക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞത് പത്രങ്ങള്‍ മാത്രമായിരുന്നില്ല. 1975ലെ ഈ ഇന്ത്യന്‍ അവസ്ഥയില്‍നിന്ന് വ്യത്യസ്തമായ കാഴ്ചകളാണ് വാഷിങ്ടണില്‍ കണ്ടത്. ഏറ്റവും വലിയ ജനാധിപത്യവും ഏറ്റവും പഴക്കമുള്ള ജനാധിപത്യവും തമ്മില്‍ ചില താരതമ്യപഠനങ്ങള്‍ ഈ ഘട്ടത്തില്‍ പ്രയോജനകരമായിരിക്കും.
കടുംപിടിത്തങ്ങളല്ല വിട്ടുവീഴ്ചകളാണ് ഏതൊരു സംവിധാനത്തെയും സംഘര്‍ഷമില്ലാതെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. രണ്ടായിരമാണ്ടിലെ തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ വോട്ട് എണ്ണിത്തിട്ടപ്പെടുത്താനായില്ല. തര്‍ക്കം സുപ്രിംകോടതിയിലെത്തിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ ഗോര്‍ എതിര്‍സ്ഥാനാര്‍ഥി ജോര്‍ജ് ബുഷിന്റെ വിജയം അംഗീകരിച്ചു. അപ്രകാരം അസുലഭമായ ചില നല്ല മുഹൂര്‍ത്തങ്ങള്‍, വിരോധാഭാസങ്ങള്‍ക്കൊപ്പം, ഏതു രാജ്യത്തിന്റെ ചരിത്രത്തിലുമുണ്ടാകും. തോല്‍ക്കുന്നയാള്‍ക്ക് തോല്‍വി അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. പരാജയം അപ്രതീക്ഷിതമാകുമ്പോള്‍ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടും. വോട്ടര്‍ പട്ടികയിലെ ന്യൂനതകള്‍ മുതല്‍ വോട്ടിങ് യന്ത്രത്തിലെ പിഴവുകള്‍വരെ കണ്ടുപിടിക്കുന്നത് തോറ്റതിനു ശേഷമാണ്. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ജോര്‍ജിയകൂടി പിടിച്ച് ബൈഡന്‍ സെനറ്റിലെ നില ഭദ്രമാക്കിയപ്പോള്‍ ട്രംപിന്റെ അവസാനത്തെ ആശയാണ് പൊലിഞ്ഞത്. തെരഞ്ഞെടുപ്പിന്റെ രീതിയാണ് തന്റെ പരാജയത്തിനു കാരണമെന്ന് ട്രംപ് പറഞ്ഞു. ഇതേ സംവിധാനത്തില്‍ നാലു വര്‍ഷം മുന്‍പ് അദ്ദേഹത്തിനുണ്ടായ വിജയവും അങ്ങനെയെങ്കില്‍ വിശദീകരിക്കേണ്ടിവരും. നിയമത്തിലും സംവിധാനത്തിലുമുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഒരു നീക്കവും ട്രംപ് അധികാരത്തിലിരുന്ന നാലു വര്‍ഷക്കാലം ഉണ്ടായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.
വിചിത്രമായ രീതിയിലാണ് അമേരിക്കയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യയിലെപ്പോലെ സര്‍വാധികാരമുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മിഷനില്ല. ഓരോ സ്‌റ്റേറ്റിലും ഓരോ നിയമം. വോട്ട് എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ചെയ്യാം. അത് തോന്നുന്നതുപോലെ എണ്ണും. ദേശീയ തെരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല പഞ്ചായത്തുകളെ ഏല്‍പിക്കുന്ന അവസ്ഥയാണിത്. പൊതുവായ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പോലുമില്ല. നേരിട്ടുള്ള വോട്ടെന്നു പറയുമ്പോഴും ജനങ്ങള്‍ വോട്ടു ചെയ്യുന്നത് ഇലക്ടറല്‍ കോളജിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ്. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷം ഡെലഗേറ്റ്‌സിനെ ലഭിക്കുന്ന സ്ഥാനാര്‍ഥിക്ക് മുഴുവന്‍ ഡെലഗേറ്റ്‌സിനെയും ലഭിക്കും. പോപ്പുലര്‍ വോട്ടില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷമില്ലെങ്കില്‍ വൈറ്റ് ഹൗസിലെത്തില്ല. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനത്തില്‍ ജനങ്ങള്‍ വാസ്തവത്തില്‍ തെരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളജിലേക്കുള്ള അംഗങ്ങളെ മാത്രമാണ്. കാര്യങ്ങള്‍ അശാസ്ത്രീയമാണെന്ന കാര്യത്തില്‍ സംശയമില്ല. അനുകരിക്കാന്‍ മാതൃകകളില്ലാതെയാണ് നമ്മള്‍ പ്രായപൂര്‍ത്തി വോട്ടവകാശം പ്രാവര്‍ത്തികമാക്കിയത്. ഓരോ തെരഞ്ഞെടുപ്പും നമുക്ക് പരീക്ഷണമായിരുന്നു. നിരന്തരമായ നവീകരണത്തിലൂടെ കുറ്റമറ്റതാക്കപ്പെട്ടതാണ് നമ്മുടെ സംവിധാനം. പഴക്കമുള്ള ജനാധിപത്യത്തിന് പാഠപുസ്തകമാക്കാവുന്നതാണ് വലിയ ജനാധിപത്യത്തിലെ വിസ്മയം ജനിപ്പിക്കുന്ന സംവിധാനം. എത്ര ആസൂത്രിതവും കാര്യക്ഷമവുമാണ് നമ്മുടെ സംവിധാനം എന്നറിയണമെങ്കില്‍ അമേരിക്കയിലെ അഴകുഴമ്പന്‍ രീതികള്‍ കാണണം.
ട്രംപിനു കൂട്ടായി ആരുമുണ്ടായില്ലെന്നത് ജനാധിപത്യത്തിന്റെ വിജയമായി. ട്രംപിനൊപ്പം പരാജയപ്പെട്ട വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പോലും അദ്ദേഹത്തിനൊപ്പം നിന്നില്ല. ട്രംപിന് വോട്ട് പിടിക്കാനിറങ്ങിയ നരേന്ദ്ര മോദിയും അദ്ദേഹത്തിനു കൂട്ടായുണ്ടായില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെതിരേ കലാപം പാടില്ലെന്ന് മോദി പറഞ്ഞു. തനിക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ കേള്‍ക്കാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. കലഹിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെക്കുറിച്ചാണ് ട്രംപ് പറഞ്ഞത്. രണ്ടും അസ്ഥാനത്തായിപ്പോയി. ജനങ്ങളില്‍ വിശ്വാസമില്ലാതാകുമ്പോഴാണ് ആള്‍ക്കൂട്ടത്തെ ആശ്രയിക്കുന്നത്. ഹിറ്റ്‌ലറും മുസോളിനിയും ആള്‍ക്കൂട്ടത്തെ പ്രയോജനപ്പെടുത്തിയവരാണ്. നാസികളുടെയും ഫാസിസ്റ്റുകളുടെയും രീതിയായിരുന്നു സഞ്ജയ് ഗാന്ധിയുടേത്. അടിയന്തരാവസ്ഥയിലെ സഞ്ജയ് ബ്രിഗേഡിന്റെ അഴിഞ്ഞാട്ടത്തില്‍ നമ്മുടെ പാര്‍ലമെന്റും ജുഡിഷ്യറിയും ബ്യൂറോക്രസിയും സ്വയം വിധേയരായി. വാഷിങ്ടണില്‍ വ്യത്യസ്തമായ കാഴ്ചയാണു കണ്ടത്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനൊപ്പം ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും പ്രതിസന്ധിക്കു മുന്നില്‍ അചഞ്ചലരായി നിന്നു. ബൈഡന്റെ വിജയം പ്രഖ്യാപിക്കാതെ മൈക്ക് പെന്‍സ് ആള്‍ക്കൂട്ടത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമായിരുന്നു.
കോടതി കൂട്ടിനുണ്ടാകുമെന്ന് അവസാനംവരെ ട്രംപ് കരുതി. യു.എസ് സുപ്രിംകോടതിയില്‍ ഒന്‍പത് ജഡ്ജിമാരാണുള്ളത്. അവരില്‍ ആറു പേര്‍ റിപ്പബ്ലിക്കന്മാരും അവരില്‍ മൂന്നു പേര്‍ ട്രംപ് നിയമിച്ചവരുമാണ്. ട്രംപിന്റെ വികടഹരജികള്‍ അവര്‍ ചിരിച്ചുകൊണ്ടു തള്ളി. പാര്‍ട്ടിക്കും പ്രസിഡന്റിനുംമേലേ അവര്‍ ഭരണഘടനയെ കണ്ടു. അങ്ങനെയുള്ള നിലപാടുകളാണ് ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കുന്നത്. അടിയന്തരാവസ്ഥയിലെ ഇന്ത്യന്‍ ജഡ്ജിമാര്‍ ഭരണഘടനയെ കാണാതെ പ്രധാനമന്ത്രിയെ മാത്രം കണ്ടു. അവര്‍ 21 മാസം ഇന്ദിരാ ഗാന്ധിയെ നിലനിര്‍ത്തി. ട്രംപിനു രണ്ടാമൂഴമൊരുക്കുകയെന്ന ഉത്തരവാദിത്വം അമേരിക്കയിലെ ജഡ്ജിമാര്‍ക്കില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."