തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയും ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയര്‍ത്തിയത്. മന്ത്രിമാരുടെ ഓഫീസുകൾക്ക് വേഗം പോരെന്നും പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വി കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്.
ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസില്‍ പാവങ്ങൾക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏര്യാ കമ്മിറ്റിയില്‍ നിന്നും വിമർശനം ഉയര്‍ന്നു. നേതാക്കൻമാരുടെ വീടുകളിൽ നിന്ന് സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.
മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. സാധാരണക്കാരന്‍ വന്ന് കാണുമ്പോള്‍ സഹായം ചെയ്യേണ്ടത് പാര്‍ട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളില്‍ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുവെന്ന് ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. ഇത് എങ്ങനെ എന്ന് മനസിലാകുന്നില്ലെന്ന് പൊതുചര്‍ച്ചയില്‍ വര്‍ക്കലയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനം ഉയര്‍ത്തി. ഭരണം നടത്താന്‍ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവര്‍ നോക്കിയാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സാധാരണ പാര്‍ട്ടിയംഗങ്ങളുടെ കൂടി വിയര്‍പ്പാണ് ഈ സര്‍ക്കാര്‍ എന്ന് മനസിലാക്കണമെന്നാണ് പ്രതിനിധികള്‍ തുറന്നടിച്ചു. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകാന്‍ വേണ്ട ഇടപെടല്‍ നടത്തണം. എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പോലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ അതുപോലുമില്ല. ആശുപത്രികളില്‍ സേവനം മെച്ചപ്പെടണമെന്നും, കെ റെയില്‍ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നത് പ്രതിരോധിക്കണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ജില്ലയില്‍ ബിജെപിയുടെ ഭീഷണി അവഗണിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഎമ്മിന്റെ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ച നേട്ടം ബിജെപി ജില്ലയില്‍ ഉണ്ടാക്കിയില്ല. പക്ഷേ ചില മേഖലകളില്‍ അവര്‍ വളരുന്നു എന്ന് സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ ബിജെപിയിലേക്കു പോകുന്നുണ്ടോയെന്ന് പരിശോധിക്കുകയും ബിജെപിയുടെ സ്വാധീനം തടയാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുകയും വേണം. ജില്ലാ നേതൃത്വത്തിന്റെയും കമ്മിറ്റി അംഗങ്ങളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് വിവരം.