എല്‍.ജെ.ഡി- ജെ.ഡി.എസ് ലയനനീക്കം സജീവമായി
സ്വന്തം ലേഖകന്‍
കോഴിക്കോട്: എല്‍.ജെ.ഡിയും ജെ.ഡി.എസും തമ്മിലുള്ള ലയനനീക്കം വീണ്ടും സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍.ജെ.ഡി സംസ്ഥാന ഘടകം ജെ.ഡി.എസില്‍ ലയിക്കാന്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ പത്തിന് തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ എല്‍.ജെ.ഡി സംസ്ഥാന ഭാരവാഹികളുടെയും 11.30ന് സംസ്ഥാന കമ്മിറ്റിയുടെയും യോഗങ്ങള്‍ നടക്കും.
എം.പി വീരേന്ദ്രകുമാര്‍ അന്തരിക്കുന്നതിനു മുന്‍പു തന്നെ ലയനത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടി പദവികള്‍ സംബന്ധിച്ചും ധാരണയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം ചര്‍ച്ച മുന്നോട്ടുപോയില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ ലയനം നടക്കുമെന്ന് പ്രതീക്ഷിരുന്നുവെങ്കിലും വൈകി. തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.
എല്‍.ജെ.ഡി ഇടതുമുന്നണിയിലേക്കു തിരിച്ചുവന്ന സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും ഒന്നാകണമെന്ന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചിരുന്നു. അതും ലയന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഒറ്റപ്പാര്‍ട്ടിയായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന വിധത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുക. ഇതിന്റെ ഭാഗമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എന്നിവര്‍ എം.വി ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ജെ.ഡി.എസില്‍ വിഘടിച്ചുനില്‍ക്കുന്ന സി.കെ നാണു വിഭാഗവും എല്‍.ജെ.ഡി ലയിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫിലായിരുന്ന എല്‍.ജെ.ഡിക്ക് നിലവില്‍ സഭയില്‍ അംഗങ്ങളില്ല. എന്നാല്‍ ഇടതുമുന്നണിക്കൊപ്പം നിന്ന ജെ.ഡി.എസിന് മൂന്ന് എം.എല്‍.എമാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."