ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പേരില്‍ മധ്യപ്രദേശില്‍ തുടങ്ങിയ ലൈബ്രറി ജില്ലാ ഭരണകൂടം അടച്ചു പൂട്ടി
ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നഥുറാം വിനായ്ക് ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ ഓഫിസില്‍ രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടമാണ് അടപ്പിച്ചത്.ലൈബ്രറിയിലെ പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു.
ലൈബ്രറിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
ജനുവരി 10നാണ് ഗാഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി തുടങ്ങിയത്. ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ 'നയിച്ച' കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്‌സെയെ രാജ്യസ്‌നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
'ഗോഡ്‌സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്‌സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്', എന്നാണ് ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് ലൈബ്രറിയുടെ നിര്‍മാണത്തെ ന്യായീകരിച്ചത്.
വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.
നേരത്തെ ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ക്ഷേത്രവും നിര്‍മ്മിച്ചിരുന്നു. 1948 ജനുവരി 30 നാണ് ഗോഡ്‌സെ, ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."