ഇരു മെയ്യായി വേർപിരിയാനാകുമെന്ന പ്രതീക്ഷയിൽ സയാമീസ് ഇരട്ടകൾ യമനിൽ നിന്നും സഊദിയിലെത്തി
റിയാദ്: പരസ്‌പരം വേർപിരിമെന്ന പ്രതീക്ഷയിൽ യമനിൽ നിന്നും സയാമീസ് ഇരട്ടകൾ സഊദിയിലെത്തി. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് യമനിൽ നിന്നും അവയവങ്ങൾ ഒട്ടിച്ചേർന്ന ഇരട്ടകളെ ഇവിടെ എത്തിച്ചത്. തെക്കൻ യമൻ നഗരമായ അൽ മൊഖല്ലയിലെ ഹദർമൗത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവരെ റിയാദിലെ കിംഗ് സൽമാൻ എയർ ബേസിലെത്തിച്ചത്. തുടർന്ന് ഇവരെ റിയാദിലെ കിംഗ് അബ്ദുല്ലാ ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കളും ഇവരോടൊപ്പം സഊദിയിലെത്തിയിട്ടുണ്ട്.
ഇവിടെ വെച്ച് സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിൽ അഗ്രണ്യനായ ശസ്‌ത്രക്രിയ വിദഗ്‌ധൻ ഡോ: അബ്ദുല്ലാഹ് അൽ റബീഅയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി വേർപിരിക്കുന്നതിൽ തീരുമാനം കൈക്കൊള്ളും. പരിശോധനക്ക് ശേഷം ഇവരെ വേർപിരിക്കാനുള്ള തീരുമാനം കൈകൊള്ളുകയാണെങ്കിൽ സഊദി നാഷണൽ സയാമീസ് ഇരട്ടകളുടെ വേർപിരിക്കൽ പദ്ധതിയിൽ നടക്കുന്ന നാൽപത്തിയൊമ്പതാമത് ശസ്‌ത്രക്രിയ ആയിരിക്കുമിത്. സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിൽ ഏറെ പ്രശസ്‌തമായ ഇവിടെ 21 രാജ്യങ്ങളിൽ നിന്നായി സയാമീസ് ഇരട്ടകളുടെ 108 കേസുകളാണ് ഇത് വരെ കൈകാര്യം ചെയ്‍തത്.
യമനി സയാമീസ് ഇരട്ടകളെ പ്രത്യേക പരിഗണന നൽകി സഊദിയിലെത്തിക്കുന്നതിൽ മാനുഷിക ദൗത്യം നിറവേറ്റിയ സൽമാൻ രാജാവിന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെന്റർ ജനറൽ സൂപ്പർ വൈസർ കൂടിയായ ഡോ: അബ്ദുല്ലാഹ് അൽ റബീഹ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."