HOME
DETAILS

വെറുപ്പിന്റെ രാഷ്ട്രീയം: കർശന നിയമം മാത്രം മതിയാവില്ല

  
backup
January 16 2022 | 04:01 AM

48652485324-2022

പ്രൊഫ. കെ. അരവിന്ദാക്ഷൻ

സമീപകാലത്ത് ഹരിദ്വാറിൽ ചേർന്ന ഒരു മതസമ്മേളനത്തിൽ തീവ്രഹിന്ദുത്വ സംഹിതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ അങ്ങേയറ്റം പ്രകോപനപരമായ ഒരു പ്രസംഗ പരമ്പര തന്നെ നടത്തിയതായി ദേശീയ-ആഗോള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവരിലേറെയും വിവിധ ഹിന്ദുമത സംഘടനകളുടെ പ്രതിനിധികളായിരുന്നു. അവരൊക്കെ ഉയർത്തിയത് ന്യൂനപക്ഷ മുസ്‌ലിം ജനതക്കെതിരേ സംഘടിതമായ കടന്നാക്രമണം നടത്തണമെന്ന ആഹ്വാനവുമായിരുന്നു. മ്യാൻമറിൽ റോഹിംഗ്യൻ മുസ്‌ലിം വിഭാഗക്കാരുൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവനായും തുടച്ചുനീക്കിയതുപോലുള്ളൊരു ശുദ്ധീകരണ പ്രക്രിയ ഇന്ത്യയിലും വേണമെന്ന ഡിമാൻഡാണ് ഈ വക്താക്കളിൽനിന്നുണ്ടായതും. ഇത് മാത്രമല്ല അന്ന് കേൾക്കാനായത്. ഭരണകൂടങ്ങൾ ഇത്തരമൊരു ശുദ്ധീകരണത്തിന് തയാറാവുന്നപക്ഷം ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി 1857ൽ നടന്നതിനു സമാനമായൊരു വിപ്ലവം സ്റ്റേറ്റിനെതിരായി നടക്കുമെന്ന ഭീഷണി ഉയർത്താനും തീവ്രഹിന്ദുത്വത്തിന്റെ വക്താക്കൾ മടിച്ചുനിന്നില്ല. രാജ്യത്തെമ്പാടുമുള്ള ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ വിധത്തിലുള്ളൊരു വിദ്വേഷ പ്രസംഗത്തിനെതിരായി ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.
'വിദ്വേഷപ്രസംഗം' എന്നതിന് നമ്മുടെ നിയമവ്യവസ്ഥയിൽ കൃത്യമായൊരു നിർവചനം കാണാനായിട്ടില്ല. അതേ അവസരത്തിൽ നിലവിലുള്ള സമാധാനപരവും മത- ജാതി-പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി സൗഹൃദപൂർവമായ സാമൂഹ്യജീവിതം ദുർബലപ്പെടുത്തുകയോ തകർക്കുകയോ ചെയ്യുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ- പ്രസംഗങ്ങൾ, ലേഖനങ്ങൾ, മുദ്രാവാക്യങ്ങൾ, സന്ദേശങ്ങൾ, ആഹ്വാനങ്ങൾ തുടങ്ങിയവ നടത്തുന്നതിനെ വെറുപ്പിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളായി കരുതുന്നതായിരിക്കും ശരിയായ സമീപനം.


ഇന്ത്യൻ നിയമ കമ്മിഷൻ അതിന്റെ 267ാം റിപ്പോർട്ടിൽ പറുന്നത് നോക്കുക: 'വിദ്വേഷ പ്രസംഗമെന്നാൽ വംശം, ജാതി, ലിംഗം, മതവിശ്വാസം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു വിഭാഗമാളുകൾക്കെതിരായി അക്രമം നടത്താൻ പ്രേരിപ്പിക്കുന്ന നടപടിയാണ്'. ഈ വിധമാണ് നിയമകമ്മിഷന്റെ നിർവചനം. അതായത് ഏതെങ്കിലും ഒരു വാക്കിന്റെയോ പ്രവർത്തിയുടെയോ മറ്റേതെങ്കിലും ദൃശ്യ- ആംഗ്യ സൂചനയുടെയോ ഫലമായി വംശ, ലിംഗ വ്യത്യാസത്തിന്റെ പേരിൽ അതിക്രമം നടക്കുന്നുണ്ടെങ്കിൽ അത്തരം നടപടികളെല്ലാം വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടുകയും ചെയ്യും. സമൂഹത്തിന്റെ ഔന്നത്യത്തിനും മാന്യതക്കും സൗഹൃദത്തിനും എതിരായി നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല; അതിന് നിലവിലുള്ള നിയമം അനുസരിക്കുകയുമില്ല. ലിഖിത നിയമവ്യവസ്ഥയിൽ ഇതെല്ലാം ഉണ്ടുതാനും.


ഇന്ത്യ, ഒരു ജനാധിപത്യ രാജ്യമെന്ന പദവിയിൽ അതിന്റെ വിശ്വാസ്യതയും പ്രതിഛായയും ദേശീയതലത്തിൽ മാത്രമല്ല, ആഗോളതലത്തിലും നിലനിർത്തണമെങ്കിൽ വിദ്വേഷപ്രസംഗങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരായി കർശനമായ നിയമനടപടികൾ സ്വീകരിച്ചേ തീരൂ. ഈ വിഷയത്തിൽ നിയമപണ്ഡിതന്മാർ ആദ്യമായി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഇന്ത്യൻ പീനൽകോഡിലെ ക്രിമിനൽ കുറ്റ നിയമത്തിലെ 153 എ എന്ന വകുപ്പിലേക്കാണ്. മതം, വർഗം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ ഇത്തരം വിഭാഗക്കാർക്കിടയിൽ ശത്രുത വളർത്തുകയോ അതിന്റെ പേരിൽ സൗഹൃദാന്തരീക്ഷം തകർക്കുന്നതിനിടയാക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നതായാൽ അതിന് മൂന്ന് വർഷക്കാലത്തേക്കുള്ള ശിക്ഷ വിധിക്കാൻ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല, ഇത്തരം നടപടികളിലൂടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഒരു ആരാധനാലയത്തിലോ മതപ്രചാരണാർഥം നടക്കുന്ന കൂട്ടായ്മയുടെ കേന്ദ്രത്തിലോ ഏതെങ്കിലുമൊരു മതപരമായതോ വിവാഹം പോലുള്ള സാമൂഹ്യ ചടങ്ങ് നടക്കുന്ന സ്ഥലത്തോ ആണെങ്കിൽ ശിക്ഷാകാലാവധി അഞ്ചുവർഷം വരെയുമാകാം. ഇതിൽ സംശയിക്കേണ്ടതോ അവ്യക്തതയുടെ ആയ യാതൊന്നുമില്ല.


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 എ വകുപ്പനുസരിച്ച് വാക്കുകളിലൂടെയോ രേഖാമൂലമോ ആംഗ്യങ്ങളിലൂടെയോ കൃത്യമായി തിരിച്ചറിയാനാവുന്ന ഏതെങ്കിലും രീതിയിൽ ഭീഷണിയിലൂടെയോ ഭയം ജനിപ്പിക്കാൻ പര്യാപ്തമായ വിധത്തിലോ അക്രമത്തിനിടയാക്കുന്ന പ്രകോപനം സൃഷ്ടിക്കുന്നപക്ഷം അത് ക്രിമിനൽ നടപടിയായി കരുതപ്പെടും. അതുപോലെതന്നെ ഈ കുറ്റത്തിന് ഒരു വർഷത്തെ തടവുശിക്ഷയോ 5,000 രൂപയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ അനുഭവിക്കേണ്ടി വന്നേക്കാം.
ഇതിനെല്ലാം പുറമെയാണ് എം.പി ബേസ്ബറുവ കമ്മിറ്റിയുടെയും ടി.കെ വിശ്വനാഥൻ കമ്മിറ്റിയുടെയും റിപ്പോർട്ടുകളിലെ ശുപാർശകൾ പരിഗണനക്ക് വിധേയമാക്കേണ്ടത്. ഈ രണ്ടു കമ്മിറ്റികളും വർഗാടിസ്ഥാനത്തിലുള്ള വിവേചനത്തിനും വിദ്വേഷം ജനിപ്പിക്കുന്ന പരസ്യപ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കുമെതിരായികൂടി ക്രിമിനൽ കുറ്റം ചുമത്തണമെന്ന് അതിശക്തമായിതന്നെ കേന്ദ്ര, സംസ്ഥാന ഭരണാധികാരികളോട് ആവശ്യപ്പെട്ടെന്നും ഒാർക്കണം. അതേ അവസരത്തിൽതന്നെ, ഒട്ടും താൽപര്യാനുസൃതമല്ലെങ്കിൽ തന്നെയും കേന്ദ്ര സർക്കാർ തന്നെ നിയോഗിച്ച ക്രിമിനൽ നിയമപരിഷ്‌കാര കമ്മിറ്റി ഇപ്പോൾ ബൃഹത്തായ വിധത്തിൽതന്നെ ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട തിരുത്തൽ നിയമങ്ങൾക്ക് കൂടുതൽ അധികാരവും പ്രഹരശേഷിയും നൽകാൻ ഉദ്ദേശിച്ചുകൊണ്ട്, വിദ്വേഷപ്രസംഗങ്ങൾക്കെതിരായി കൃത്യമായ പ്രതിരോധ നടപടികൾക്കായുള്ള ശുപാർശകൾക്ക് രൂപം നൽകുന്നതിനുള്ള കാത്തിരിപ്പാണിന്നും.


ഇതെല്ലാം ഒരുവശത്ത് ത്വരിതഗതിയിൽ നടക്കുന്നുണ്ടെങ്കിൽ തന്നെയും ബി.ജെ.പി- സംഘ്പരിവാർ ശക്തികൾക്ക് ആധിപത്യമുള്ള നിരവധി സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായി വിദ്വേഷപ്രസംഗങ്ങൾ മാത്രമല്ല, മാരകമായ കടന്നാക്രമണങ്ങൾവരെ മുറപോലെ നടന്നുവരുന്നതായും റിപ്പോർട്ടുകൾ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഹരിദ്വാറിലേത് ഇതിനുള്ള തുടക്കം മാത്രമായിരുന്നു. ന്യൂഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ 2022 ജനുവരി ഒന്നിന് ഗാന്ധിജിയെ അധിക്ഷേപിച്ചും ഗോഡ്‌സെയെ വാഴ്ത്തിയും മുദ്രാവാക്യം വിളച്ച് റാലി സംഘടിപ്പിച്ചത് സംഘ്പരിവാർ സംഘടനകളായിരുന്നു. ഗാന്ധിജിയെ പറ്റി മോശം പരാമർശം നടത്തിയ കാളീചരൻ മഹാരാജിനെ അറസ്റ്റുചെയ്ത നടപടിക്കെതിരായും ഇവരുടെ വക മുദ്രാവാക്യങ്ങളുണ്ടായി. ഇതിന്റെ അർഥം വിദ്വേഷ നടപടികൾക്കെതിരായി എന്ത് നിയമസംവിധാനം ഉണ്ടായിട്ടും കാര്യമില്ലെന്നു തന്നെയാണ്. മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അവരുടെ രക്തത്തിനായുള്ള മുറവിളി മോദി സർക്കാർ മാത്രമല്ല, ബി.ജെ.പിയും തള്ളിപ്പറയാൻ തയാറാവുകതന്നെ വേണം. ഇതിനുള്ള സാധ്യതകൾ നന്നേ വിരളമാണെന്നു കരുതേണ്ടിവരുന്നു എന്നതാണ് രാജ്യത്തെ ദീർഘകാലമായി പ്രവർത്തനം നടത്തിവരുന്ന സന്നദ്ധ സംഘടനകളെ ഒരേ ഗണത്തിൽ ഉൾപ്പെടുത്തി അവക്കാകെ വിദേശപണം സ്വീകരിക്കാനുള്ള വിലക്കേർപ്പെടുന്ന നടപടിയിലൂടെ കേന്ദ്രഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.


ഔദ്യോഗിക തലത്തിൽ ഇത്തരം നടപടികൾ വരുന്നത്, ഹരിദ്വാറിൽ തുടക്കം കുറിച്ച ന്യൂനപക്ഷ ദ്രോഹ നടപടി, ഗുരുഗ്രാമിലെ മുസ്‌ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനകൾക്കെതിരായി മാത്രമല്ല, ഹരിയാനയിലെയും കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ സമുദായംഗങ്ങളുടെ ഞായറാഴ്ച പ്രാർഥനകൾക്കെതിരായും സംഘടിതമായ ആക്രമണങ്ങളാണ് ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ് തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകൾ തുടർന്നുവരുന്നതെന്ന യാഥാർഥ്യം കൂടി ചേർത്തുകാണേണ്ടതാണ്. ഉത്തരാഖണ്ഡ് പൊലിസ് തയാറാക്കിയ എഫ്.ഐ. ആറനുസരിച്ച് ഐ.പി.സി 295 എ അനുസരിച്ചുള്ള ഗുരുതരമായ കുറ്റമാണ് മുസ്‌ലിംവിരുദ്ധ പ്രചാരണം നടത്തി അറസ്റ്റിലായവർക്കെതിരായി ചുമത്തിയിരിക്കുന്നതത്രെ. ഹരിദ്വാർ യോഗത്തിൽ പങ്കെടുത്ത സംഘ്പരിവാർ നേതാക്കൾ ഹിന്ദു യുവാക്കളോട് പ്രഭാകരനോ ഭിദ്രൻവാലയോ ആവാനാണ് ആഹ്വാനം ചെയ്തതെന്നതാണ് ഡി.ജി.പി റിപ്പോർട്ടിൽ പറയുന്നത്.
ഹരിയാനയിലും മധ്യപ്രദേശിലും കർണാടകയിലും ന്യൂനപക്ഷ സമുദായങ്ങൾ സ്തുത്യർഹമായ നിലയിൽ നടത്തിവരുന്ന വിദ്യാലയങ്ങൾക്കെതിരായും മതപരിവർത്തനത്തിന്റെ ലേബൽ ഒട്ടിച്ച് വ്യാപകമായ വിദ്വേഷപ്രചാരണങ്ങൾ നടത്തുകയും നിരക്ഷരരായ ഹിന്ദുമത വിശ്വാസികളെ വഴിതെറ്റിക്കുകയും അവരെ ആക്രമത്തിനു പ്രേരിപ്പിക്കുകയും കരുക്കളാക്കുകയുമാണ് ചെയ്തുവരുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന നിലയിൽ കാണുന്ന പതിവ് പരിപാടിയാണ് ബി.ജെ.പി സംസ്ഥാന ഭരണകൂടങ്ങൾ സ്വീകരിച്ചുകാണുന്നത്. ഇത് ശരിയല്ല.


ഇടതുപക്ഷ ഭരണകൂടം കഴിഞ്ഞ അഞ്ചര വർഷക്കാലമായി അധികാരത്തിലിരിക്കുന്ന കേരള സംസ്ഥാനത്തുതന്നെ രാഷ്ട്രീയ ഭരണകർത്താക്കളുടെ ഒപ്പം നിൽക്കുന്നവരെന്ന ധാരണ സൃഷ്ടിക്കുന്നതോടൊപ്പം സംഘ്പരിവാർ താൽപര്യങ്ങൾ സംരക്ഷിക്കുന്നവരായി ഒരു വിഭാഗം ബ്യൂറോക്രാറ്റുകളുണ്ടെന്നത് സമീപകാലത്ത് തന്നെ അനുഭവപ്പെട്ടിട്ടുള്ളതാണല്ലോ.സംസ്ഥാന പൊലിസ് സേനയിലും ആർ.എസ്.എസ് അനുകൂലികൾ നുഴഞ്ഞുകയറ്റം നടത്തി ഇടതുമുന്നണി സർക്കാരിന്റെ പ്രതിഛായക്ക് കോട്ടം വരുത്തന്ന നടപടികൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്ന സംശയം സി.പി.ഐ മഹിളാ സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറിയും പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ ആനിരാജ അഭിപ്രായപ്പെട്ടപ്പോൾ, അതിനെതിരായി നിലപാടെടുത്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് നമുക്കറിയാവുന്നതാണ്. മുമ്പൊരിക്കൽ ആനി രാജ പറഞ്ഞ അതേ കാര്യംതന്നെ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചപ്പോൾ എന്തേ കാനം മൗനം പാലിക്കുന്നു?നേരത്തെ ഈ വിഷയത്തിൽ വേണ്ടത്ര ജ്ഞാനമില്ലാതിരുന്ന കാനം രാജേന്ദ്രന് ഇപ്പോൾ ജ്ഞാനോദയം ഉണ്ടായോ? അറിയില്ല.
ബി.ജെ.പി, സംഘ്പരിവാർ സ്വാധീനത്തിന് കടിഞ്ഞാണിടാൻ ഇന്ത്യയിലെ ഇടതുപക്ഷം തനിച്ചുനിന്ന് എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നും കോൺഗ്രസിന്റെ സ്വാധീനശക്തിക്കു കോട്ടംതട്ടുന്ന നിരവധി സംസ്ഥാനങ്ങളിൽ കയറിക്കൂടുന്നത് സംഘ്പരിവാർ ശക്തികളാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടുന്ന ബാധ്യത ഇന്ത്യയിലെ ഇടതുപക്ഷത്തിന്റേതാണെന്നും സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം തുറന്നുപറയാൻ സന്നദ്ധനായത് സ്വാഗതാർഹം തന്നെയാണ്. ഇപ്പോൾ ഇത്രമാത്രമേ പറയാനുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago