പുതിയ ഡി.സി.പി മഫ്തിയിലെത്തി; അറിയാതെ തടഞ്ഞ വനിതാ പൊലിസിന് പണിഷ്‌മെന്റ്
കൊച്ചി: പുതുതായി ചാര്‍ജെടുത്ത ഡി.സി.പി മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാതെ സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലിസിന് പണിഷ്‌മെന്റ്. തന്നെ തടഞ്ഞ പൊലിസ് ഉദ്യോഗസ്ഥയെ ശിക്ഷാ നടപടിയായി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ ട്രാഫിലേക്ക് മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടിയെ ന്യായീകരിച്ച് ഡി.സി.പി രംഗത്തെത്തി. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലിസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി എന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡി.സി.പി വിശദീകരിച്ചത്. അവിടെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും അഭിനന്ദനാര്‍ഹമായ രീതിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡി.സി.പി പറഞ്ഞു.
കഴിഞ്ഞദിവസം എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാന്‍ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലിസ് തടഞ്ഞത്. വന്നയാള്‍ മഫ്തിയില്‍ ആയിരുന്നതിനാലും പുതുതായി ചുമതലയേറ്റ ഡി.സി.പിയെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിര്‍ത്തിയത്.കൊവിഡ് കാലമായതിനാല്‍ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുന്‍പ് വിവരങ്ങള്‍ ആരായേണ്ടതുമുണ്ട് എന്നതും തടയാന്‍ കാരണമായി.
പിന്നീടാണ്, വനിതാ പൊലിസ് സ്റ്റേഷന്‍ പരിശോധിക്കാനെത്തിയ ഡി.സി.പിയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നു വ്യക്തമായത്. സംഭവത്തില്‍ പ്രകോപിതയായ ഡി.സി.പി വനിതാ പൊലിസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാല്‍ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡി.സി.പി വാഹനത്തില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.
സംഭവം പൊലിസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂനിഫോമില്‍ അല്ലാതെ എത്തിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കൊവിഡ് വിലക്കുകളുടെ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമാവില്ലെയെന്നും പൊലിസുകാര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."