പുറന്തോടു പിളര്‍ക്കുന്ന ധാന്യക്കുതിപ്പുകള്‍
കെ.ഇ.എന്‍
കോവിഡ് പുറമെന്നപോലെ അകവും പൂട്ടി. ശാരീരിക അകലത്തിനൊപ്പം പതുക്കെയാണെങ്കിലും മനസ്സകലവുമായി! ആദര്‍ശവേലിയിറക്കങ്ങളില്‍ നടുങ്ങിയത് കര നഷ്ടമായ തീരങ്ങളാണ്. തീരവും ആകാശവുമില്ലാത്തൊരു തീക്കടല്‍ സങ്കല്‍പിക്കാന്‍ ഇന്നത്രയേറെ ഭാവന ആവശ്യമില്ല! ഒരിക്കല്‍ സത്യത്തിനുമപ്പുറം കുതിച്ച ഭാവനകള്‍ ഇപ്പോള്‍ സത്യത്തിന് ഒപ്പമെത്താനാവാതെ കിതയ്ക്കുകയാണ്. എല്ലാം പിടിച്ചുകുലുക്കുന്ന കാലത്തിന്റെ കനത്ത കരങ്ങള്‍ക്കുപോലും വിലങ്ങ് വെക്കുംവിധം ഇതൊരധികാര വേലിയേറ്റ കാലമാണ്. ആസാദിന്റെ കവിതകളില്‍ ആദര്‍ശ വേലിയിറക്കങ്ങള്‍ക്കും അധികാര വേലിയേറ്റങ്ങള്‍ക്കുമിടയിലുള്ളൊരു വിങ്ങല്‍വിസ്‌ഫോടനത്തിന്റെ തിരകളാണുയര്‍ന്ന് താഴുന്നത്. പൂട്ടിച്ച അകം പിളരുന്നതും പൊളിയുന്നതും, പിന്നെ ചേരുന്നതും ചോരുന്നതും, വാക്കുവഴിയുടെ മങ്ങലും തെളിച്ചവുമായി ആ കവിതകളിലൊഴുകുന്നു.
കവിത ഒരകമൊഴുക്കാവുന്നത് അതൊരകമൊഴുക്ക് മാത്രമാവാതെ ആകാശം തൊടുമ്പോഴാണ്. ഭൂമിയുടെയും ആകാശത്തിന്റെയും ആശ്ലേഷങ്ങളില്‍ നിന്നാണ് അകങ്ങള്‍ ഉണ്ടാവുന്നത്. കവിതകളിലെ 'അകം' പതിവ് പുറങ്ങളുടെ വിപരീതമല്ല, വിരോധമറിയാത്ത വിസ്മയമാണ്. ആസാദിന്റെ 'കൊവിഡ്കാല' അകം തുറക്കലില്‍ നിറയുന്നത് തളിരിടലിന്റെ തുടിപ്പും സംഘര്‍ഷങ്ങളുടെ മിടിപ്പുമാണ്. ചിലപ്പോഴത് പലതായി അറിയുന്ന ജീവിതപ്രതീക്ഷകളും മറ്റു ചിലപ്പോഴത് ഒന്നിന്റെ തന്നെ മുറിവുമാണ്. കവിതയ്‌ക്കൊരു മേല്‍വിലാസമുണ്ടെങ്കിലത് പ്രകൃതിയും സമൂഹവും ഭാഷയും ആദര്‍ശവും അജ്ഞാതവും അതെല്ലാമിടകലര്‍ന്ന് കലമ്പുന്നൊരു ഭാഷയുമാണ്. ആസാദിന്റെ ഭാഷയില്‍ മഴയും മഞ്ഞും വെയിലും മഴവില്ലും ഗസലുകളൊരുക്കും. പഴയ ചില്ലകളില്‍ ചിലപ്പോള്‍ ഇലകള്‍ പൂവുകളാവും. കൂട്ടലിനും കിഴിക്കലിനുമപ്പുറം വാതുറക്കാതെ വാക്കുകള്‍ നിശ്ശബ്ദതയില്‍ സംസാരിക്കും. അവസ്ഥാനുഭവ ആശയ അനുഭൂതി വിഭജനങ്ങള്‍ അസാധ്യമാക്കും. ജീവിതമെന്നപോലെ ഭാഷയും ബന്ധങ്ങളിലാണ് പടരുന്നത്. ആസാദിന് ഭാഷ പ്രതിഭാസമ്പന്നരായ കവികളികളിലെന്നപോലെ വേരു ഭൂമിയും ചിറക് ആകാശവുമാണ്. വാക്കുകള്‍ പ്രത്യേക രീതികളില്‍ കൂടിച്ചേരുമ്പോള്‍ കുളിരും തീയുമുണ്ടാവും! അസ്വസ്ഥ ചോദ്യങ്ങള്‍ക്കൊപ്പം ആശ്ചര്യങ്ങളിലുമാണ് ഒരാസാദുണ്ടാവുന്നത്. താളം പൂക്കുന്ന കുറുകിയ ആസാദ് വാക്കുകളില്‍ കവിയുന്നത് സൂക്ഷ്മ സംവേദനത്തിന്റെ സ്പന്ദനങ്ങളാണ്. കവിതകളിലുദിക്കുന്നത് സംഘര്‍ഷങ്ങളിരമ്പുന്നൊരു സൂര്യനാണ്.
ഉടലഴിക്കുമ്പോഴും ബാക്കിയാവുന്നത് ഉടലാണ്. പ്രവര്‍ത്തനസജ്ജമാവുന്ന ഉടല്‍ തന്നെയാണ് മനസ്സ്. മനസ്സിനെക്കുറിച്ചുള്ള കാല്‍പനിക മിഥ്യകളെ കൂടിയാണ് 'ഉടലഴിക്കുമ്പോള്‍' എന്ന കവിതാസമാഹാരം കോലാഹലപ്പെടുത്തുന്നത്. സത്യത്തില്‍ ആസാദിന്റെ നിശ്ശബ്ദസാന്ദ്രത അനുഭൂതിപ്പെടുത്തുന്ന ആവിഷ്‌കാരങ്ങളോട് കോലാഹലം എന്ന 'ബഹളനെ' ചേര്‍ക്കുന്നത് ഉചിതമല്ല. എന്നിട്ടും 'കോലാഹലം' എന്ന വാക്ക് ബോധപൂര്‍വം ചേര്‍ത്തത് ബഹളമയമായി മാറിയ ഒരു കാലംകൂടി ആസാദ്കവിതകളിലൂടെ കടന്നുപോവുന്നത് അനുഭവപ്പെട്ടതിനാലാണ്. സുന്ദര്‍സരൂക്കായ് എന്ന ഇന്ത്യന്‍ സമകാല തത്വചിന്തകന്‍, സ്വന്തം കാലത്തെ ഗുരുതരമാലിന്യങ്ങളില്‍ ഒന്നായി ശബ്ദമാലിന്യത്തെ അടയാളപ്പെടുത്തിയത് ഓര്‍ക്കുന്നു. ധ്യാനാത്മകമായ മനസ്സ് നഷ്ടം നിലപാട് നഷ്ടത്തിനിടയാക്കും. ബഹളം ഉച്ചത്തിലുള്ള ശബ്ദമല്ല, ഉയിര്‍ നഷ്ടമായ വാക്കുകളുടെ മൃതഭാരങ്ങളുടെ പതന 'ഒച്ചഭീകരത'യാണ്.
'ഉടലഴിക്കുമ്പോള്‍' എന്ന കവിതാസമാഹത്തിലെ കവിതകള്‍ പൊതുവില്‍ പ്രതിരോധിക്കുന്നത് ശബ്ദമാലിന്യങ്ങളുടെ ലഹളലോകങ്ങളെയാണ്. ജടിലോക്തികള്‍ എന്ന ക്ലീഷേകളെ മറികടന്നുപോവുന്ന ക്ലേശകരമായ ശ്രമത്തിനൊപ്പം, നവ്യബന്ധങ്ങളുടെ വൈവിധ്യ വഴികളിലേക്കാണ് കവിതകളൊക്കെയും മിഴി തുറക്കുന്നത്. ഏകമാതൃകകളില്‍നിന്ന് ബഹുമാതൃകകളിലേക്കുള്ള, കേന്ദ്രങ്ങളില്‍നിന്ന് ഓരങ്ങളിലേക്കുള്ള ഒളിച്ചോട്ടങ്ങളില്‍നിന്ന് തുറന്നോട്ടങ്ങളിലേക്കുള്ള വിസ്തൃതികളാണ് 'ഉടലഴിക്കുമ്പോള്‍' തെളിയുന്നത്. അങ്ങനെത്തന്നെ, അങ്ങനെത്തന്നെ എന്ന ആരവങ്ങള്‍ക്കിടയില്‍, അതു മാത്രമല്ലോ എന്നൊരു വിനയമാണ്; ഇങ്ങനെയല്ലേ എന്ന ചോദ്യത്തിനുമുമ്പില്‍ ഇങ്ങനെയുമാവാമല്ലോ എന്നൊരു വിവേകമാണ്, പറയാനില്ലേ എന്നൊരന്വേഷണത്തിന് പറക്കുകയുമാവാമല്ലോ എന്നൊരു വിസ്മയമാണ്, 'ഉടലഴിക്കുമ്പോള്‍' കവിതകളില്‍ കാണുന്നത്. ഉടുപ്പഴിക്കുമ്പോള്‍, ഉടുപ്പ് ഉപേക്ഷിക്കുമ്പോള്‍, ഉടുപ്പൂരിയെറിയുമ്പോള്‍, ഉടുപ്പ് വലിച്ച് കീറപ്പെടുമ്പോള്‍, എന്തുടുപ്പ് എന്ന് രോഷപ്പെടുമ്പോള്‍ സംഭവിക്കുന്നതിനൊക്കെയുമപ്പുറമാണ് ഉടലഴിക്കുമ്പോള്‍ ഉണ്ടാവുന്നത്. ഒന്നുമില്ലായ്മയിലും എല്ലാമുണ്ടാവുംവിധം ഭാഷയാണ് കീഴ്‌മേല്‍ മറിയുന്നത്. അധികാരം കുറ്റിയടിച്ചുറപ്പിച്ച അതിര്‍ത്തികളാണ് പൊളിയുന്നത്. 'ഉടലഴിക്കുമ്പോള്‍' വെളിപ്പെടുത്തുന്നത് പൊളിയലും പുതുക്കലും പൂക്കലുമാണ്. മുകളിലൂടെ കാലമഴയേറെയൊഴുകിയിട്ടും 'മിനുസപ്പെടാത്തൊരു കല്ല്' പോലെ കവിതകളിലൊരു കാഴ്ച തുളുമ്പുന്നു. വൈവിധ്യങ്ങളുടെ പച്ചപ്പിനെയത് നിര്‍വൃതമാക്കും.
നമുക്കൊന്നും പറയാനില്ലാതെ വരുമ്പോഴാണ് പലപ്പോഴും നാം മഴയേയും വെയിലിനേയും പറ്റി മാത്രം സംസാരിക്കുന്നത്. എന്തൊരു മഴ, വല്ലാത്ത വെയില് എന്നുള്ളത് മഴയ്ക്കും വെയിലിനുമുള്ള അഭിവാദ്യമല്ല; നമ്മുടെ അകംശൂന്യത ഉച്ചരിക്കുന്ന വിരസഭാഷയിലെ മൊഴികളാണ്. അല്ലെങ്കിലത് 'ഔപചാരികത'യുടെ തുടക്കമാണ്. മഴസംബന്ധിയായ 'എന്തൊരു മഴ'യിലും 'മരംപെയ്യലിലും' മുമ്പ് ആശ്ചര്യവും കവിതയുമുണ്ടായിട്ടുണ്ടാവും. എന്നാല്‍ പിന്നീടതും ഒരു 'ക്ലീഷേ'യായി! 'മഴ തോരുമ്പോള്‍' എന്ന ആസാദ് കവിത അകതണുപ്പും ഒഴുക്കും അടയാളപ്പെടുത്തുന്നത് മഴയെ ക്ലീഷേകളില്‍നിന്ന് പുറത്തെറിഞ്ഞാണ്. എന്തൊരു ചൈതന്യമാണ് തോരുമ്പോഴും തോരാതിരിക്കുമ്പോഴും ആ മഴയ്ക്ക്. ഉടലുടക്കുവോളം തിമിര്‍ത്ത് പെയ്യും മഴ. ബഹുഭാഷകള്‍ക്കൊപ്പം മറുഭാഷ ചൊല്ലും മഴ. പുറത്തിങ്ങനെ ഒഴുകി പുളകിതമാവാനാവുമോ അതകത്തിങ്ങനെ നിത്യവും വന്നു നിറയുന്നത്. പെയ്‌തൊഴിയാത്ത വിഷാദവുമായി ഒരു ഘനീഭവിച്ച മേഘമായും അസ്വസ്ഥതകളുടെ ഇടിമിന്നലായും തളിരായും പൂവായും വന്നെത്തുന്ന ജീവിതമാണ് മഴയെഴുത്തായി 'മഴക്കവിതയില്‍' പ്രണയമായി പെയ്തിറങ്ങുന്നത്. നമ്മുടെ ഒരൊറ്റ മഴയെ കവിത നിരവധി മഴയും മഴക്കപ്പുറമുള്ള ജീവതവുമാക്കി വിപുലപ്പെടുത്തുന്ന വിസ്മയവുമാണ് 'മഴ തോരുമ്പോള്‍' വായിച്ചു കഴിയുമ്പോള്‍ ബാക്കിയാവുന്നത്.
കുഞ്ഞു പ്രാണികളുടെ കുളിര്‍മഴ, കുഞ്ഞാല്‍മഴ, മാവുമഴ, പ്ലാമഴ, നെല്ലിമഴ, മേളംകൂട്ടുമിലഞ്ഞിമഴ...എത്രയെത്ര വ്യത്യസ്ത മഴകള്‍. എന്നിട്ടും നാം സാമാന്യഭാഷ പ്രഥമികവിനിമയാവശ്യാര്‍ഥം മരവിപ്പിച്ചു നിര്‍ത്തിയ വിശേഷ മഴകളെ കാണാനാവാതെ 'കവിത'യില്ലാതെ കഴിയുന്നു! 'മഴപ്പേച്ചെത്ര വിചിത്രം' എന്ന് ആസാദ്. മലയാളത്തിന് മുമ്പിലേക്ക് മഹാകാവ്യമായി മാറിയൊരു മഴ സ്വന്തം കിനാക്കള്‍ കുറുകി കറുത്ത് കരുത്താര്‍ന്ന് കുതിച്ചൊഴുകി വന്നിരിക്കുന്നു. മുമ്പെഴുതപ്പെട്ട മഴക്കവിതകളുടെ തുടര്‍ച്ചയിലും സ്വന്തമായി സൃഷ്ടിച്ചെടുത്ത സര്‍ഗാത്മമായൊരിടര്‍ച്ചയിലൂടെയും കവി നമ്മെ വിളിക്കുന്നത്, ക്ലബ്ബ്ഹൗസിലെ ആല്‍ത്തണലില്‍ അന്ത്യവിശ്രമം കൊള്ളാനല്ല, 'പുറന്തോടു പിളര്‍ക്കും ആ ധാന്യക്കുതിപ്പില്‍' പങ്കെടുക്കാനാണ്. പുറന്തോടു പിളര്‍ക്കുന്ന ധാന്യക്കുതിപ്പില്‍ ഭൂമിയിലെ മുഴുവന്‍ പച്ചപ്പുകളുടെ കള്ളമില്ലാത്ത പുഞ്ചിരികളും കളങ്കമില്ലാത്ത സ്‌നേഹവും കരുതലുമാണ്, പ്രത്യേകിച്ച് വിളിക്കാതെതന്നെ എവിടെനിന്നൊക്കെയോ വന്നുചേരുന്നത്. പല മഴകളെ ഒരു മഴയാക്കി ഒതുക്കുന്നത് അധികാരം. പല മഴകളായത് സ്വയം ഒഴുകി ഒന്നിക്കുമ്പോഴുള്ളൊരു ഒരുമയായ ആ ഒത്തൊരുമ സൗന്ദര്യവും! ആ 'പലമ' പ്രതിരോധമെന്നൊരു പ്രത്യേക പരസ്യവുമില്ലാതെതന്നെ കവിതയിലെ പ്രതിരോധമായി പ്രവര്‍ത്തിക്കും. അങ്ങനെ കണ്ടതിനേക്കാളേറെ കാണാനിരിക്കുന്നതിന്റെ അനുഭൂതി അതില്‍ നിറയും.
മഴ തോരുമ്പോഴും തോരാതിരിക്കുന്നൊരു സ്വപ്‌നമഴ പെയ്യുന്നൊരനുഭവം തുടരും. കുറുകിയൊഴുകുന്ന മഴവരികളില്‍ വെള്ളത്തിന്റെ തണുപ്പും കാലത്തിന്റെ ചൂടും ജീവിതവൈവിധ്യത്തിന്റെ ചൂരും ഒന്നിക്കുന്നുണ്ട്. മഴയായിരിക്കുമ്പോഴും മഴ മാത്രമാവാതെ പലയിടത്തേക്കും പ്രത്യക്ഷത്തില്‍ കണ്ണില്‍പെടാത്ത ഊടുവഴികളിലൂടെ അത് കുതിക്കുന്നുണ്ട്. എങ്കിലും പെയ്ത് കഴിഞ്ഞ മഴയെ പിന്തുടരുക എളുപ്പമല്ല, അതിന്റെ വഴി കണ്ടെത്തുക അതിലേറെ പ്രയാസവും!
മനുഷ്യര്‍ ചിന്തിക്കുന്നവരും നിര്‍മിക്കുന്നവരും നാനാതരം ബന്ധങ്ങളിലേക്ക് പടരുന്നവരുമായിരിക്കേ പലതരം കളികളില്‍ വ്യാപൃതരാവുന്നവരുമാണ്. സാമൂഹ്യബന്ധങ്ങളുടെ തുടര്‍ച്ചയില്‍ മാത്രം വാക്ക്ബന്ധവും ബന്ധുത്വവും സാധ്യമാവും. അത് കാര്യമാത്രപ്രസക്തമെന്നപോലെ കളികളുടെ ലോകവുമാണ്. വര്‍ത്തമാനത്തിലുള്ള നില്‍പിനും ഭാവിയിലേക്കുള്ള കുതിപ്പിനും കുട്ടിക്കാലത്തേക്കുള്ള പോക്കുവരവുകള്‍ക്കും എങ്ങുമില്ലാത്ത പറക്കലിനും മനുഷ്യരെ പ്രാപ്തമാക്കുന്നത് ഭാഷകൂടിയാണ്. ബന്ധതീവ്രതകളുടെ തോതിനെ താളമാക്കുന്നത് ഭാഷയാണ്.
കയ്യാങ്കളികളെ ഇളിഭ്യമാക്കുന്ന വാക്കാങ്കളിയുടെ വേറൊരു ലോകമാണ് 'വാസ്തവം' എന്ന കവിത ആവിഷ്‌കരിക്കുന്നത്. ആരും കാണാതെ പോവുന്ന വെള്ളത്തിലെ വരയെ കണ്ടെടുക്കുകയാണ് കവി! അസാധ്യതയിലെ സാധ്യതയേയാണ്, ശരാശരി സത്യങ്ങള്‍ക്കപ്പുറമുള്ള സൂക്ഷ്മസത്യങ്ങളെയാണ്, വെറുതെയായിപ്പോവുമെന്നറിഞ്ഞിട്ടും വെറുതെയായിപ്പോവാത്ത മോഹങ്ങളാണ് ആ 'വെള്ളത്തിലെ വര'യില്‍ തെളിയുന്നത്. ഇത് പഴയ ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിംപൂച്ചയെ തിരയുന്ന വ്യര്‍ഥ ചിന്തയുടെ തുടര്‍ച്ചയല്ല. ബന്ധ സങ്കീര്‍ണതകളുടെ ഭ്രമാത്മക സഞ്ചാര പഥങ്ങളെയാണ് 'വാസ്തവം' എന്ന കവിത പിന്തുടരുന്നത്.
'വെള്ളത്തിലെ വര/ മാഞ്ഞു പോയിരുന്നല്ലോ/ അതിനുമീതെ ഒരു മീന്‍/ നൃത്തം വെച്ചുവല്ലോ/ അതിന്റെ നൃത്തത്തില്‍/ വെള്ളമല്ലേ മാഞ്ഞുപോയതീ/ വരമാത്രമല്ലേ ബാക്കിയായത്? (വാസ്തവം). വിഡ്ഢിത്തം, സാമര്‍ഥ്യം എന്നീ വിപരീതങ്ങളെ വിസ്മയത്തിലേക്ക് ഉയര്‍ത്തുന്നൊരു കവിതയില്‍ നഷ്ടങ്ങളില്ല; എന്തുകൊണ്ടെന്നാല്‍ കവിതകളില്‍ നഷ്ടങ്ങളുമൊരു നിര്‍വൃതിയാവും! കാഴ്ചപ്പുറങ്ങള്‍ക്കപ്പുറം നിന്നൊരു നക്ഷത്രം മറിഞ്ഞുവീഴുന്നത് കവിത നിറഞ്ഞൊരു മനസ്സിലേക്കാണെങ്കില്‍ ആ വീഴ്ചയുമൊരു വിസ്മയമാവും! എന്നാല്‍ അധികാരം സ്വന്തം വീഴ്ചയിലും വിഷം വമിക്കും. 'മെതിയടിപ്പക' എന്ന കവിത അത്തരമൊരധികാരത്തിന്റെ അഴുക്കാണ്. ആ കവിതയിലെ 'മെതിയടിത്തിരുവടികളും' 'വെറും കാല്‍പരിഷകളും' മേല്‍കീഴ്ബന്ധത്തിന്റെ അധികാരമാതൃകകളെയാണ് അടയാളപ്പെടുത്തുന്നത്. ഒരമ്പട ഞാനാണ് മെതിയടിയുയരത്തില്‍ ഞെളിയുന്നത്. 'മെതിയടികളെത്തൊഴു-/ മധോമുഖരസംഖ്യമാകുന്നു' എന്ന് കവി.
'അവനവനെഴുതിയ കാവ്യങ്ങള്‍/ അവനെ തീയിട്ടു കൊന്നു/ അവന്‍ വെച്ച തണലിന്‍മീതെ/ ശിഖരങ്ങളിടിഞ്ഞു വീണു...' എന്ന തലചുറ്റിക്കുന്ന തിരിച്ചറിവായി, 'എങ്കിലും ചിലരിടുമ്പോള്‍ പഴയ മെതിയടി/പ്പക പരത്തുന്നു' എന്ന മുന്നറിയിപ്പായി, 'അലച്ചിലിന്‍ ദൈവമകത്തിരിക്കുമ്പോള്‍/ ഇരിപ്പുറയ്ക്കാമോ ക്ഷണ നേരത്തേയ്ക്ക്' എന്ന വിങ്ങലായി, 'ഉടല്‍പോലെ ഭ്രമിപ്പിക്കുന്നില്ല മറ്റൊന്നു, മതു വാസനാ പാഠങ്ങളെ മൂടുമൊരു മേല്‍ഭാഷ' എന്ന ശരീര സത്യവാങ്മൂലമായി, 'എന്റെ ശബ്ദത്തില്‍/ എനിക്കു വിശ്വാസമില്ല/ അതെത്രയോ ദൂര്‍ബലം' എന്ന നടപ്പുശീല വിമര്‍ശമായി, 'ഗാന്ധിക്കു മോതിരം നല്‍കിയോള്‍ക്കു/ വീട്ടിലിരിപ്പുണ്ടു പൊന്നുവേറെ' എന്ന ഐറണിയായി, 'ചോദ്യങ്ങളിലേ അയാള്‍ ജീവിക്കൂ/ ഉത്തരങ്ങള്‍ അയാള്‍ക്ക് ചിതയാകും' എന്ന ആത്മനൊമ്പരമായി വായനയില്‍ ഉള്ളിളക്കുന്ന ആസാദിന്റെ 'ഉടലഴിക്കുമ്പോള്‍' എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ കൊവിഡ് കാലയളവിലെ മനുഷ്യരെയാണ് പ്രത്യേകമായി അഭിമുഖീകരിക്കുന്നത്. പ്രത്യക്ഷ രാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ്, ഏകശാസനകള്‍ക്കു പകരം ബഹുത്വത്തിന്റെ സൗന്ദര്യമാണ്, ശാഠ്യങ്ങളുടെ നിരാകരണമാണ്, അകത്തെ പൊള്ളലും പുളകവുമാണ്, നാടെന്നപോലെ വീടുമാണ്, ഞാനിലെ 'ഞാനുകളുമാണ്', ഭാഷയുടെ അടിയൊഴുക്കാണ്, അനുഭൂതിയായി തീര്‍ന്ന അന്വേഷണങ്ങളുടെ അഗ്നിയാണ് ആസാദ് കവിതാവായനയില്‍ നിറയുന്നത്.
ഇവന്‍ എനിക്കാര് എന്നെഴുതാതെ ഈ കുറിപ്പവസാനിപ്പിക്കുന്നത് അനുചിതമാവും. പക്ഷേ അതെഴുതുന്നത് അതിലേറെ അനുചിതവുമാവും. സംഘര്‍ഷഭരിതമാവുന്ന സൗഹൃദതീവ്രതകള്‍ വിശദീകരണങ്ങളെ സ്വാഗതം ചെയ്യില്ല. എന്തുകൊണ്ടെന്നാല്‍ അതിനെന്നും സ്വന്തം സത്യങ്ങളെ കാത്തുസൂക്ഷിക്കാനുള്ള കഴിവുണ്ട്. ഒന്നിച്ചിരുപ്പുകള്‍, യാത്രകള്‍, മൗനമധുരങ്ങള്‍, വിനിമയ വിസ്‌ഫോടനങ്ങള്‍, തര്‍ക്കങ്ങള്‍, വഴിപിരിയല്‍, അപ്പോഴും പൊട്ടാത്ത സൗഹൃദഇഴകളിലെ തളിര്‍ക്കലുകള്‍, തുടരുന്ന സംവാദങ്ങള്‍, ഇടയുമ്പോഴും കുതിച്ചെത്തുന്ന നിറപ്പകിട്ടുള്ള നിനവുകള്‍, കണ്ട കിനാവുകളിലെ കൊഴിഞ്ഞുപോയ പച്ചകള്‍, സൗഹൃദസംഘം, പുകസ..., കാലമഴയില്‍ വിയര്‍ത്തും അനൗപചാരികതകളില്‍ തളിര്‍ത്തും കത്തിനിന്ന നാളുകള്‍..., കവിതതന്നെയായി ജീവിതം മാറുന്ന വസന്തങ്ങള്‍, സര്‍ഗസ്പര്‍ശമേല്‍ക്കുന്ന വാക്കുകള്‍ പകരുന്ന പുളകങ്ങള്‍, പിന്നിട്ടതൊന്നും പിന്നിട്ടതല്ലെന്നോര്‍മിച്ചെത്തുന്ന സ്മരണകള്‍... 'ഉടലഴിക്കുമ്പോള്‍' എന്ന കവിതാസമാഹാരത്തിലെ കവിതകളിലേക്കുള്ള നിരവധി വഴികളില്‍ ഒന്നില്‍ നിന്നുകൊണ്ട്; ഒര്‍ധവിരാമം പോലുമില്ലാതെ ഒരാശ്ചര്യചിഹ്നം മാത്രം ബാക്കിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."