സൂചി ഇല്ലാത്ത ക്ലോക്ക്
അവളുടെ കവിത വായിക്കുമ്പോള്‍ അയാളെ ഉറുമ്പു കടിച്ചു. പണ്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയില്‍ മജീദിനെ കടിച്ച അതേ ചോണനുറുമ്പ്. എന്തൊരു വേദന. സുഹറായുടെ മുമ്പില്‍ ധീരനാണെന്ന് കാണിക്കാനല്ലേ മജീദ് അന്നു മാവില്‍ കയറിയത്. മാങ്ങയ്ക്കു പകരം കിട്ടിയത് ഉറുമ്പിന്റെ കടിയായിരുന്നു. ഉറുമ്പു കടിച്ചപ്പോള്‍ ആ വേദനയ്ക്ക് എന്തൊരു സുഖമായിരുന്നു.
എഴുതുന്നതിനേക്കാള്‍ അതച്ചടിച്ചു വരുമ്പോഴാണ്, വായിക്കുമ്പോഴാണ് ആഹ്ലാദം. ഉള്ളിലെ നീറ്റല്‍ സര്‍ഗസൃഷ്ടിയായി അച്ചടിച്ചു വരുമ്പോള്‍. മജീദ് അനുഭവിച്ച ഉറുമ്പിന്‍കടിയുടെ ആനന്ദം. എഴുത്തുകാരുടെ ഏറ്റവും വലിയ പ്രതിഫലം വായനക്കാരാണ്. അവരുടെ വായനയാണ്. അതിനോളം വരുന്ന ഒരു സമ്പത്തും ഒരെഴുത്തുകാരനും ഉണ്ടാവില്ല. എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. നിരോധിത മേഖലയില്‍ നിന്നും ആനുകാലികത്തില്‍ അച്ചടിച്ചുവന്ന സ്വന്തം കവിത കാണാന്‍ നുഴഞ്ഞു കയറിയ ഒരു കവിയുടെ സാഹസം.
അവളുടെ കവിത വായിക്കുമ്പോള്‍ കടിച്ച ഉറുമ്പിനെപ്പോലും അയാള്‍ക്കു വെറുക്കാന്‍ കഴിയുന്നില്ല. വായന അത്രയ്ക്കും സുഖമുണ്ട്. എന്നാലും അവളെ വിമര്‍ശിക്കുന്നതിലാണ്, ചൊടിപ്പിക്കുന്നതിലാണ് അയാള്‍ക്കു താല്‍പ്പര്യം. ചൊടിപ്പിച്ച് കൂടുതല്‍ എഴുതിക്കുക. വിമര്‍ശിച്ച് നന്നാക്കുക. വാസ്തവത്തില്‍ അവള്‍ക്ക് അയാളോടോ അയാള്‍ക്ക് അവളോടോ യാതൊരു അടുപ്പവുമില്ല. എഴുത്തിന്റേയും വായനയുടേയും സ്‌നേഹമല്ലാതെ, സന്തോഷമല്ലാതെ.
അഞ്ചാം ക്ലാസിലെ പരീക്ഷയ്ക്ക് അഞ്ച് മാര്‍ക്ക് മതിയെന്നായിരുന്നു കരുതിയത്. ആറാം ക്ലാസിലെ പരീക്ഷയ്ക്ക് ആറു മാര്‍ക്കും. പിന്നെങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് 11 മാര്‍ക്ക് കിട്ടിയിട്ടും അവള്‍ തോറ്റത്.
പ്രഥമ രാത്രിയില്‍ അവളും കെട്ട്യോനും ഇങ്ങനെ മാര്‍ക്കു കൂട്ടുന്നതിനിടയില്‍ നേരം വെളുത്തത് അവര്‍ അറിയാതെ പോയി. അങ്ങനെയാണ് പാലുകുടി പിറ്റേദിവസമാക്കിയത്. ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ ഒരുദിവസം എന്നും പിറകിലാണ്. പിറകോട്ടോടുന്ന ക്ലോക്ക് അന്വേഷിച്ചാണ് ഒരിക്കല്‍ അവര്‍ അയാളുടെ കടയിലേക്കു വന്നത്. കടയില്‍ നിറയെ ഘടികാരം ഉണ്ട്. നടക്കുന്നതും നടക്കാത്തതും. കൂട്ടത്തില്‍ ബാറ്ററി അഴിച്ചു ചാവി കൊടുക്കുന്നതും ചാവിയും ബാറ്ററിയുമില്ലാത്തതും ഉണ്ട്. ഇതൊന്നുമല്ല തമാശ. അവര്‍ തിരഞ്ഞെടുത്തത് സൂചി ഇല്ലാത്ത ക്ലോക്കായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."