പാവങ്ങളുടെ അബ്ബാ..
പ്പൂ..' എന്ന് കണ്ണീര്‍വാര്‍ത്തുള്ള നാസറിന്റെ ഉച്ചത്തിലുള്ള നീട്ടിവിളി കേട്ടു കൊല്ലം പള്ളിമുക്കിലെ കടവരാന്തയുടെ ഒഴിഞ്ഞ മൂലയില്‍ ഇരുള്‍ മൂടിയ കണ്ണുകളുമായി ഞെട്ടിത്തിരിഞ്ഞ യാചകനായ പിതാവ് 'എന്റെ പൊന്നുമോനെ നീ എവിടെയായിരുന്നെടാ ഇത്രയും നാള്‍, നിന്നെ ഒന്നു കാണാന്‍ എനിക്കാവുന്നില്ലല്ലോ റബ്ബേ...' എന്നു പൊട്ടിക്കരഞ്ഞു തപ്പിത്തടയുമ്പോള്‍ മകനെ അവിടെയെത്തിച്ച അബ്ബാ മോഹന്റെയും സുഹൃത്തുക്കളുടേയും മനസ് വല്ലാതെ പിടഞ്ഞു. മാനസിക അസ്വാസ്ഥ്യത്തെത്തുടര്‍ന്നു ദീര്‍ഘനാളായി ഓച്ചിറ പ്രദേശത്തു കറങ്ങിനടക്കുകയും ഇരുട്ട് വ്യാപിക്കുന്നതോടെ പഴയ ബസ്‌സ്റ്റാന്റില്‍ കിടന്നുറങ്ങുകയും ചെയ്തിരുന്ന നാസര്‍ ഒരിക്കല്‍ തറയില്‍വീണു എഴുന്നേല്‍ക്കാനാവാത്ത വിധത്തില്‍ പരുക്കേറ്റു വിസര്‍ജ്യത്തില്‍ കുളിച്ചു കിടക്കുമ്പോഴാണ് അബ്ബാ മോഹന്‍ വിവരം അറിയുന്നത.് തുടര്‍ന്ന് അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നു സമീപത്തെ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗജന്യമായി ചികിത്സിച്ച ആശുപത്രി ഉടമ അസുഖം ഭേദമായതിനെത്തുടര്‍ന്നു ഡിസ്ചാര്‍ജു ചെയ്തു. അങ്ങനെയാണ് നാസറിനെ പിതാവിന്റെ അടുത്ത് മോഹന്‍ എത്തിച്ചത്.
അരയ്ക്കു താഴെ അനക്കമില്ലാത്ത അരജീവനുമായി തന്റെ ചക്രക്കസേരയിലും തനിക്കു ഓടിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ കാര്‍ സ്വയം ഓടിച്ചും നഗര-ഗ്രാമവീഥികളിലൂടെ ചലിക്കുകയാണ് ഓച്ചിറ അബ്ബ മോഹന്‍ എന്ന വിജയമോഹനന്‍. വേദനയും യാതനയും അനുഭവിക്കുന്നവരുടെ നീറുന്ന പാതയിലൂടെ അഗഥി-അനാഥമന്ദിരങ്ങളിലേക്കും തെരുവോരങ്ങളില്‍ നിന്നും വീടുകളിലേക്കും. ജീവകാരുണ്യരംഗത്തെ വേറിട്ട മുഖമാണ് ഈ 64കാരന്‍.
ഇതര സംസ്ഥാനത്തു നിന്നും ഒറ്റപ്പെട്ട് എത്തിയ ഒരു 14കാരി പെണ്‍കുട്ടി ഓച്ചിറ ബസ് സ്റ്റാന്റില്‍ തനിയെ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടവര്‍ അബ്ബ മോഹനെ അറിയിച്ചതിനെ തുടര്‍ന്ന് ഉര്‍ദു സംസാരിക്കുന്ന ആ കുട്ടിയെ മയ്യനാട് എസ്.എസ് സമിതിയില്‍ എത്തിച്ചതായിരുന്നു ആദ്യ സംഭവം. തുടര്‍ന്നങ്ങോട്ടു മുന്നില്‍ ശൂന്യത മാത്രം കണ്ടു ഇരുളടഞ്ഞ ജീവിതവുമായി കഴിഞ്ഞിരുന്ന നിരവധിപേര്‍ക്കു പ്രകാശം പകരാന്‍ അബ്ബാ മോഹനു കഴിഞ്ഞു. ഒന്നിനു പിന്നാലെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ജീവിതം തകര്‍ത്ത അപകടം
2003 ഫെബ്രുവരി 28 തിങ്കളാഴ്ച. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിതാവ് ശ്രീധരനെ (കാവിന്റെകന്നേല്‍) മടക്കിക്കൊണ്ടുവരാന്‍ കാറില്‍ പോവുകയായിരുന്നു മോഹന്‍. ഹൈവേയില്‍ പതിവു തിരക്ക് ആരംഭിക്കുന്നതേയുള്ളൂ. രാവിലെ എട്ടുമണി. ബെല്‍റ്റ് ഇട്ടിരുന്നില്ലെങ്കിലും വലിയ വേഗത്തിലായിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. മംഗലപുരം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഒരു സ്ത്രീ കാറിനു കുറുകെ ചാടി. ഓര്‍ക്കാപ്പുറത്തുണ്ടായ ആ സംഭവത്തില്‍ വിറങ്ങലിച്ച മോഹന്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണംവിട്ടു താഴ്ചയിലേക്കു പലവട്ടം മറിയുന്നു. പരുക്കുകളുമായി അദ്ദേഹത്തെ ഹൈവേ പൊലിസും മറ്റും ചേര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നു. ചുരുട്ടിക്കൂട്ടിയ നിലയിലായിരുന്നു അവിടെ എത്തിച്ചത്.
തുടര്‍ന്നു മെഡിക്കല്‍ കോളജിലെ പരിമിതികള്‍ മനസിലാക്കിയ മോഹനന്‍ സ്വകാര്യ ആശുപത്രിയിലേക്കു ചികിത്സ മാറ്റി. പിന്നീടാണ് സ്‌പൈനല്‍കോഡിനു തകരാറു സംഭവിച്ചതായി കണ്ടെത്തിയതെങ്കിലും ശരിയായ ചികിത്സയ്ക്കുള്ള സമയം അതിക്രമിച്ചിരുന്നു. തുടര്‍ന്നു വിവിധ ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതോടെ അരയ്ക്കു താഴെ പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയായി.
ജനങ്ങള്‍ക്കിടയിലേക്ക്
മുന്നില്‍ ശൂന്യത മാത്രം കണ്ട മോഹനന്‍ പക്ഷേ നിരാശനായി ജീവിക്കാന്‍ തയാറായിരുന്നില്ല. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ സ്റ്റുഡിയോ വീട്ടിലേക്കു മാറ്റി. അച്ഛന്‍ എന്ന അര്‍ഥം വരുന്ന 'അബ്ബാ' എന്ന പേരില്‍ ആരംഭിച്ച അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതു പ്രസിദ്ധ മജീഷ്യനായ സാമ്രാട്ടായിരുന്നു. തന്റെ കാമറയും കൈയിലേന്തി വീല്‍ചെയറില്‍ പിന്നീട് ഗ്രാമവീഥികളിലേക്കിറങ്ങുകയായിരുന്നു. ഒപ്പം നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങായി മാറി. നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിനുള്‍പ്പെടെ സാഹായം ചെയ്യാനും കടത്തിണ്ണകളില്‍ അഭിയംതേടിയവരെയും അലഞ്ഞുതിരിഞ്ഞു നടന്നവരെയും അഗതി-അഭയകേന്ദ്രങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു.
കായിക താരം
പഠിക്കുന്ന കാലം മുതല്‍ കലാകായിക മേഖലകളിലും മോഹന്‍ കൈയാപ്പു ചാര്‍ത്തിയിരുന്നു. കൊച്ചിന്‍ റിഫൈനറി, ഗോവ ഷിപ്പ്‌യാര്‍ഡ് എന്നിവിടങ്ങളിലും മറ്റും ജോലി ചെയ്യേണ്ടിവന്ന മോഹന്‍ ഗോവ വാസ്‌കോ പാരമൗണ്ട് ക്ലബ്ബിന്റെ വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്നു. നിരവധി കായിക സംഘടനകളിലും അംഗമായിരുന്നിട്ടുണ്ട്. 1984ല്‍ കൊല്ലം ജില്ലാ ടീം അംഗമായിരിക്കെ ഒരു മത്സരത്തില്‍ എതിര്‍ ടീമിലുണ്ടായിരുന്നത് ജിമ്മി ജോര്‍ജും ജോസ് ജോര്‍ജും പില്‍ക്കാലത്തു പൊലിസ് ഓഫിസറായി മാറിയ ഗോപിനാഥുമൊക്കെയായിരുന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു. 1987ല്‍ ഇന്ത്യയിലെ മികച്ച സാംസ്‌കാരിക സംഘടനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡും പ്രശസ്തിപത്രവും ഓച്ചിറ നാസ്‌ക നേടിയപ്പോള്‍ അതു വാങ്ങാനായി ഡല്‍ഹിയില്‍ പോയവരില്‍ മോഹനും ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു സമ്മാനം നല്‍കിയത്. തുടര്‍ന്നു രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന്റെ ക്ഷണപ്രകാരം രാഷ്ട്രപതിഭവനില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനുമായി.
ഭക്ഷണ അലമാര
പത്തനാപുരം ഗാന്ധിഭവന്‍ കോഓ-ഡിനേറ്റര്‍ കൂടിയായ അദ്ദേഹം അസോസിയേഷന്‍ ഓഫ് ചാരിറ്റബിള്‍ കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയുമാണ്. സമൂഹത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഒരുനേരമെങ്കിലും ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ നിസ്വാര്‍ഥമതികളുടെ സഹകരണത്തോടെ പട്ടണങ്ങളില്‍ 'ഭക്ഷണ അലമാര' സ്ഥാപിച്ചുവരുകയാണ്. വിശപ്പുള്ള ആര്‍ക്കും അതില്‍ നിന്നും ഭക്ഷണം സൗജന്യമായി കഴിക്കാം. പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലുമാണ് സംഘടന. ഗന്ധിഭവന്‍ സോമരാജന്‍, മേളം കുര്യന്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ ഉള്‍പ്പെട്ട 'വോയിസ് ഓഫ് ലവ് ഇന്റര്‍നാഷനല്‍' എന്ന സംഘടനയുടെ ഭാരവാഹി കൂടിയാണ്. രക്തദാനം ഉള്‍പ്പെടെ നിരാലംബരെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. നിരാശയെത്തുടര്‍ന്നു ആത്മഹത്യ ചെയ്യാനുറച്ച പലരേയും സന്ദര്‍ഭോചിതമായി പിന്തിരിപ്പിക്കാനും അബ്ബാ മോഹനായിട്ടുണ്ട്. അതില്‍ സോറിയായിസ്, കിഡ്‌നി, ഹൃദ്രോഗം എന്നിവ ബാധിച്ച ഒരു വീട്ടിലെ മൂന്നുപേരും പാമ്പുകടിയേറ്റു കാലുമുറിക്കപ്പെട്ട ഒരാളും ഉള്‍പ്പെടും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ ലോക മലയാളി കൗണ്‍സില്‍ ഒരുലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ആ തുക ഉപയോഗിച്ചു വാങ്ങിയ കാര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാറുമില്ല.
കലാകാരന്‍
ഒരു നാടക അഭിനേതാവുമായ അദ്ദേഹത്തിനു സിബി മലയില്‍ സംവിധാനം ചെയ്ത 'എഴുതാപ്പുറങ്ങള്‍' എന്ന ചിത്രത്തില്‍ മുഖംകാണിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. സിനിമാ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം എടുത്ത പാര്‍വതി, സുഹാസിനി, അംബിക തുടങ്ങിയവരുടെ ചിത്രങ്ങള്‍ മുഖചിത്രങ്ങളായി. നിരവധി ചിത്രങ്ങള്‍ക്കു അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അബ്ബാ പബ്ലിക്കേഷന്‍ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല. ഒ.എന്‍.വി കുറുപ്പ്, പെരുമ്പടം ശ്രീധരന്‍, ദയാബായി, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, എഴുമറ്റൂര്‍ രാജരാജവര്‍മ തുടങ്ങിയവര്‍ തന്റെ വീടു സന്ദര്‍ശിച്ചിട്ടുള്ളതും ഏറെ സന്തോഷത്തോടെയാണ് മോഹന്‍ സ്മരിക്കുന്നത്. മേധാ പട്കര്‍, സമദാനി തുടങ്ങിയ പ്രഗത്ഭവ്യക്തികളുമായി അടുത്തിഴപഴകാന്‍ അവസരം ലഭിച്ചു. അദ്ദേഹം എടുത്ത നൂറിലധികം ചിത്രങ്ങള്‍ കോര്‍ത്തിണക്കി 'മലദൈവങ്ങള്‍' എന്ന പേരില്‍ ദൂരദര്‍ശന്‍ ഫോട്ടോ ഫീച്ചര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പുതുപ്പള്ളി രാഘവനെക്കുറിച്ചു വള്ളിക്കാവ് മോഹന്‍ദാസ് എഴുതിയ 'പുതുപ്പള്ളി സ്മരണകള്‍' എന്ന പുസ്തകത്തിലും അബ്ബാ മോഹനനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
സമരരംഗത്ത്
സി.കെ ജാനു നടത്തിയ നില്‍പ്പുസമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രമുഖര്‍ക്കൊപ്പം പങ്കെടുത്തിരുന്നു അബ്ബാ മോഹന്‍. വീല്‍ചെയര്‍ യൂത്ത് അസോസിയേഷന്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത മോഹന്‍ കീടനാശിനിക്കെതിരെയുള്ള ജനാരോഗ്യപ്രസ്ഥാനം സംഘടിപ്പിച്ച സിംബോളിക് കുരിശുമരണത്തിലും ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെയുള്ള ഉപവാസത്തിലും പങ്കാളിയായി. വാളയാര്‍ പെണ്‍കുട്ടിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സംഘടിപ്പിച്ച കാല്‍നടജാഥയിലും പങ്കെടുത്തു. മട്ടാഞ്ചേരി കൂവപ്പാടത്ത് ആരംഭിച്ച മദ്യഷാപ്പു പൂട്ടിക്കാന്‍ നടത്തിയ ഐതിഹാസമായ സമരം മറക്കാനാവാത്തതാണ്. മദ്യവിരുദ്ധ സമരത്തില്‍ പ്രഫ. മന്മഥന്‍,. ജി കുമാരപിള്ള, എന്‍.എസ് പണിക്കര്‍ എന്നിവര്‍ക്കൊപ്പവും പങ്കെടുത്തിട്ടുണ്ട്. സുഭാഷ് പലേക്കറുടെ സീറോബജറ്റ് കൃഷിരീതി പ്രചരിപ്പിക്കുന്നതില്‍ സജീവമായ ഇദ്ദേഹം തന്റെ വിലകൂടിയ വീല്‍ചെയര്‍ മറ്റൊരാള്‍ക്കായി സംഭാവന നല്‍കിയതും ഏറെ സന്തോഷത്തോടെയാണ് സ്മരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."