സി.ബി.ഐ റെയ്ഡിന് പിന്നാലെ കരിപ്പൂരില്‍ സൂപ്രണ്ട് ഉള്‍പ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ സി.ബി.ഐ റെയ്ഡിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സസ്‌പെന്‍ഡ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ വിശദമായി ചോദ്യംചെയ്യും. ഇതിനായി കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ഉദ്യോഗസ്ഥരോട് സി.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തില്‍ സി.ബി.ഐ സംഘം നടത്തിയ പരിശോധനയില്‍ 1.2 കോടിക്ക് തുല്യമായ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കൊച്ചി സി.ബി.ഐ യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും വിദേശനിര്‍മിത സിഗരറ്റുകളും പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) സഹായത്തോടെയായിരുന്നു നടപടി.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണവും സിഗരറ്റുകളും പിടിച്ചത്. കര്‍ണാടക ഭട്കല്‍ സ്വദേശികളായ 22 യാത്രക്കാരില്‍ നിന്നാണ് 35 ലക്ഷത്തിന്റെ സിഗരറ്റുകള്‍ കണ്ടെടുത്തത്. 43 ലക്ഷത്തിന്റെ 856 ഗ്രാം സ്വര്‍ണവും പിടിച്ചു. കസ്റ്റംസ് ഏരിയയില്‍ നിന്നാണ് പണം കണ്ടെത്തിയത്. രണ്ടര ലക്ഷത്തോളം രൂപയാണ് ഇവിടെനിന്ന് ലഭിച്ചത്.
ബുധനാഴ്ച കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും കണക്കില്‍പെടാത്ത പണം കണ്ടെടുത്തതായാണ് വിവരം. പരിശോധനയുടെ വിശദറിപ്പോര്‍ട്ട് വ്യാഴാഴ്ച സി.ബി.ഐ തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."