നാലു പതിറ്റാണ്ടോളമായി; ഇരിക്കൂര്‍ വിടാന്‍ കെ.സി ജോസഫ്
കണ്ണൂര്‍: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തെ നാലു പതിറ്റാണ്ടോളം പ്രതിനിധീകരിച്ച കെ.സി ജോസഫ് ഇക്കുറി കോട്ടയത്തേക്കെന്നു സൂചന. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് കെ.സി ജോസഫിനെ ചങ്ങനാശേരിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
കേരളാ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണ് ചങ്ങനാശേരി. ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തിലാണ് കെ.സി കൂടി മുന്‍കൈയെടുത്തുള്ള കോണ്‍ഗ്രസിന്റെ ഈ നീക്കം. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എ വിഭാഗത്തിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന കെ.സിക്കു പകരം കെ.പി.സി.സി ജനറല്‍സെക്രട്ടറി സോണി സെബാസ്റ്റ്യനെയാണ് എ വിഭാഗം ഇത്തവണ ഇരിക്കൂറിലേക്ക് പരിഗണിക്കുന്നത്. എ വിഭാഗത്തെ ജില്ലയില്‍ നയിക്കുന്ന സോണി ഇരിക്കൂര്‍ മണ്ഡലത്തില്‍പ്പെട്ട കരുവഞ്ചാല്‍ സ്വദേശിയാണ്.
1982ലാണ് സ്വന്തം നാടായ കോട്ടയത്തു നിന്ന് കെ.സി ആദ്യമായി ഇരിക്കൂരിലെത്തിയത്. തുടര്‍ന്നു പരാജയമറിയാതെ തുടര്‍ച്ചയായി എട്ടുതവണ കെ.സി ഇരിക്കൂരില്‍ നിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി കോട്ടയത്തേക്കു തിരികെ മടങ്ങാന്‍ കെ.സി തയാറെടുത്തെന്നാണ് പാര്‍ട്ടിയിലെ അണിയറ സംസാരം.
കഴിഞ്ഞതവണ പാര്‍ട്ടിയില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ കെ.സിക്കു നേരിടേണ്ടി വന്നിരുന്നു. അതെല്ലാം അതിജീവിച്ചാണ് 9,647 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന് കൂടിയായ കെ.സിയുടെ വിജയം. ഇക്കുറി വീണ്ടുമെത്തിയാല്‍ പാര്‍ട്ടിക്കു പുറമെ സ്വന്തം ഗ്രൂപ്പിനുള്ളിലും പടയൊരുക്കമുണ്ടാകുമെന്നു നേതൃത്വം കരുതുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇരിക്കൂര്‍ വിടാന്‍ കെ.സി തയാറെടുക്കുന്നത്.
മണ്ഡലം മാറിയാലും കെ.സി നിര്ദേശിക്കുന്നയാള്ക്കു തന്നെയാവും ഇരിക്കൂറില്‍ സ്ഥാനാര്‍ഥി സാധ്യത. അദ്ദേഹത്തിന്റെ വിശ്വസ്തനാണ് സോണി സെബാസ്റ്റ്യന്‍. എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."