സ്‌കൂളുകളില്‍ ജനുവരി പത്തൊമ്പത് മുതല്‍ വാക്‌സിനേഷന്‍, ആംബുലന്‍സ് ഉള്‍പെടെ ക്രമീകരണമൊരുക്കും; നല്‍കുക രക്ഷിതാക്കളുടെ സമ്മതമുള്ളവര്‍ക്കു മാത്രം- വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 ന് മുകളില്‍ വാക്‌സിന്‍ അര്‍ഹത ഉള്ള കുട്ടികള്‍ ഉള്ള സ്‌കൂളുകളാണ് വാക്‌സിന്‍ കേന്ദ്രമായി കണക്കാക്കുന്നത്. 967 സ്‌കൂളുകളാണ് അത്തരത്തില്‍ വാക്‌സീന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 8.14 ലക്ഷം കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് വാക്‌സിന് അര്‍ഹതയുള്ളത്. നിലവില്‍ 51% കുട്ടികള്‍ വാക്‌സിന്‍ നല്‍കി- അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ നടക്കുന്ന സ്‌കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. ഇവിടങ്ങളില്‍ ആംബുലന്‍സ് ഉള്‍പെടെയുള്ള സൊകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സ്‌കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്‌സിനേഷന്‍ കേന്ദ്രമുള്ള സ്‌കൂളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കുക.
ഭിന്ന ശേഷിക്കാര്‍ക്ക് വാക്‌സിന്‍ വേണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. രക്ഷിതാക്കളുടെ സമ്മതം ഉള്ള കുട്ടികള്‍ക്കേ വാക്‌സിന്‍ നല്‍കൂ. വാക്‌സിന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്‌കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 10,11,12 ക്ലാസുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ക്‌ളീനിംഗ് നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്‌കൂളില്‍ വരേണ്ട. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്‌കൂളുകളില്‍ വരണം. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടരും.
ഈ മാസം 22, 23 തിയ്യതികളില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ശുചീകരണ യജ്ഞം നടത്തും. കൊവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ സ്‌കൂള്‍ തുറക്കുമ്പോള്‍ നല്‍കിയിരുന്നു. മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."