കൊവിഷീല്‍ഡ് വാക്സിന് എടുക്കേണ്ടത് രണ്ടു ഡോസുകളായി
കോഴിക്കോട്: കൊവിഡ് പ്രതിരോധ കൊവിഷീല്‍ഡ് വാക്സിന് എടുക്കേണ്ടത് രണ്ടു ഡോസുകളായി. 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകള്‍ കൈയിലെ ഡെല്‍റ്റോയിഡ് മസിലിലാണ് കുത്തിവയ്ക്കുക. ആദ്യ ഡോസ് എടുത്ത് നാലു മുതല്‍ ആറ് ആഴ്ചകള്‍ക്കുശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്സിനെടുത്ത് നാല് ആഴ്ചകള്‍കകം ശരീരത്തിന് പ്രതിരോധശേഷി ലഭിക്കും. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു വാക്സിന്‍ ഉപയോഗിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ ഈ വാക്സിന് നിയന്ത്രിത ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നിരവധി പേര്‍ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിച്ചുണ്ട്. ഇതിന് മാര്‍ക്കറ്റിങ് അംഗീകാരമില്ലെങ്കിലും കൊവിഡ് 19 രോഗം തടയുന്നതിനു 18 വയസിനു മുകളിലുള്ളവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ നിയന്ത്രിച്ച് കൊവിഷീല്‍ഡ് വാക്സിന്‍ ഉപയോഗിക്കാം.
എന്തെങ്കിലും മരുന്നുകളും വാക്‌സിനുകളും സ്വീകരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അലര്‍ജിയുണ്ടെങ്കിലും രക്തസ്രാവമോ രക്തം കനം കുറയുന്നതായ ആരോഗ്യ പ്രശ്നമോ
ഉണ്ടെങ്കിലും കൊവിഡ് 19 വാക്സിന്‍ നേരത്തെ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്സിന്‍ എടുക്കുന്നതിനു മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഗര്‍ഭിണിയാണെങ്കിലും ആകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും മുലയൂട്ടുന്ന അമ്മയാണെങ്കിലും ആ വിവരവും അറിയിക്കണം.
നേരത്തെ ഒരു ഡോസ് വാക്സിന്‍ ഉപയോഗിച്ചപ്പോള്‍ അലര്‍ജി ഉണ്ടായവരും മറ്റെന്തെങ്കിലും വാക്സിനോ മരുന്നോ അലര്‍ജിയുള്ളവരും കൊവിഷീല്‍ഡ് ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ഡോസ് എടുത്തിലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും എത്രയും പെട്ടെന്ന് അവരുടെ നിര്‍ദേശ പ്രകാരം വാക്സിന്‍ സ്വീകരിക്കുകയും ചെയ്യണം.
വാക്സിനെടുത്ത 10ല്‍ ഒരാള്‍ക്ക് കുത്തിവപ്പ് എടുത്ത സ്ഥലത്ത് ആര്‍ദ്രത, വേദന, ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം അല്ലെങ്കില്‍ ചതവ്, ക്ഷീണം അസുഖം ഉള്ളതുപോലുള്ള തോന്നല്‍ തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും 100 പേരില്‍ ഒരാള്‍ക്ക് തലവേദന, സന്ധിവേദന, ഛര്‍ദ്ദിക്കാന്‍ തോന്നുക, പനി, ജലദോഷം, ചുമ ,തണ്ണുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയിലേതെങ്കിലും ലക്ഷണങ്ങളും കാണാറുണ്ട്. തലകറക്കം, വിശപ്പിലായ്മ, വയറുവേദന, അമിത വിയര്‍പ്പ്, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വളരെ വിരളമായി കണ്ടുവരുന്നു.
വാക്സിന്‍ എടുത്ത ശേഷം കടുത്ത അലര്‍ജി അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പോവുകയോ ചെയ്യണം. വാക്സിന്‍ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആരോഗ്യപ്രവര്‍ത്തരുടെ ഉപദേശം തേടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.
വാക്സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്ക്കുകയും വാക്സിന്‍ ലഭിച്ച വിവരം ഡിജിറ്റല്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയുട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."