കേരള ബജറ്റ്; പ്രവാസികൾക്കുള്ള പ്രഖ്യാപനങ്ങൾ എന്തൊക്കെ? അറിയാം
കേരള നിയമ സഭയിൽ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രവാസികളുടെ പുനരധിവാസം ഉൾപ്പെടെ വിവിധ മേഖലകൾക്കായി നിരവധി ഉത്തേജക പാക്കേജുകളും പദ്ധതികളുമാണ് സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലങ്ങളിലായി സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രവാസികൾക്ക് ഇത്ര കൂടുതലായി പ്രഖ്യാപനങ്ങൾ നൽകിയ ബജറ്റ് ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ. എന്നാൽ, മുൻകാല പ്രഖ്യാപനങ്ങൾ പോലെ അർഹരായ പ്രവാസികളിലേക്ക് ഇത് എത്രത്തോളം എത്തുമെന്നും അതിനായി ഇറങ്ങി തിരിക്കുമ്പോൾ ഉണ്ടാകുന്ന നിബന്ധനകളും കൂട്ടിവായിക്കേണ്ടതും മുൻകാല പ്രഖ്യാപനങ്ങളിൽ എത്രത്തോളം പ്രവാസികൾക്ക് ലഭിച്ചുവെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.
പെൻഷൻ വർധിപ്പിച്ചതടക്കം പ്രവാസികൾക്ക് വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ നൽകിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ നൈപുണ്യമുള്ളവരാക്കി വീണ്ടും വിദേശത്തേക്ക് പോകാൻ പ്രാപ്താരാക്കാനുള്ള പദ്ധതിയും ഏറെ ശ്രദ്ധേയമാണ്. പുതിയ കാല തൊഴിലുകളിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികൾക്ക് നിർണ്ണായക പങ്കു വഹിക്കാനുണ്ടെന്നും വിദേശ വരുമാനത്തിന്റെ 25 മുതൽ 30 ശതമാനം വരെ സംസ്ഥാന ആഭ്യന്തര വരുമാനത്തിലെത്തുന്നുണ്ടെന്നും ബജറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രവാസികളുടെ കഴിവും നൈപുണ്യവും സമ്പാദ്യവും ലോക പരിചയവും ഉപയോഗപ്പെടുത്താനാവണമെന്നും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെയും കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നവരെ സംരക്ഷിക്കുകയും വേണമെന്നും ബജറ്റിൽ പറയുന്നുണ്ട്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്ക് 3500 രൂപയും വിദേശത്ത് തുടരുന്നവർക്ക് 3000 രൂപയും പെൻഷൻ, തൊഴിൽ രഹിതരാകുന്ന പ്രവാസികൾക്കായി ഏകോപിത പ്രവാസി തൊഴിൽ പദ്ധതി, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു സമാശ്വാസ പ്രവർത്തനങ്ങൾ, മടങ്ങി വരുന്ന പ്രവാസികൾക്ക് പ്രത്യേകം നൈപുണ്യ പരിശീലനം നൽകി വീണ്ടും വിദേശത്ത് തൊഴിൽ തേടിപ്പോകുന്നതിനുള്ള സഹായം,
പ്രവാസി ക്ഷേമ നിധിക്കായി അധിക ധന സഹായം, വായ്പകളുടെ അടിസ്ഥാനത്തിലുള്ള സംരംഭത്വക പദ്ധതിയിലും മറ്റും പ്രവാസികൾക്ക് മുൻഗണന, കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തും തുടങ്ങിയുള്ള വാഗ്‌ദാനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം, അഭ്യസ്ഥവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രധാന സംഘങ്ങൾ, വിപണന ശ്രംഖല തുടങ്ങി നാല് സ്‌കീമുകളിലായി മടങ്ങി വരുന്ന പ്രവാസികൾക്ക് മുൻഗണ നൽകുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
പ്രഖ്യാപനങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുൻകാല പ്രഖ്യാപനങ്ങൾ കൊട്ടിഘോഷിച്ച പോലെ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണെന്നും പ്രവാസികൾ പറയുന്നു. 2017 ൽ വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനുമായി 180 കോടി രൂപ, പ്രവാസികളുടെ ഓൺലൈൻ ഡാറ്റാ ബെയ്സ് തയ്യാറാക്കലും അതിൽ രജിസ്റ്റര് ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ് നൽകുന്നതിനായുമുള്ള പ്രഖ്യാപനം, 2019 ലെ ബജറ്റിൽ ഉൾപ്പെട്ടിരുന്ന, തിരിച്ചു വരുന്ന പ്രവാസകളുടെ പുനരധിവാസമുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ, വിദേശ ജോലിക്ക് പ്രോൽസാഹനം നൽകുക എന്ന ലക്ഷ്യത്തോടെ വിദഗദ് സംഘത്തിന്റെ സഹായേത്തോടെ ജോബ് പോർട്ടൽ സമ്രഗമാക്കുന്നതിനും വൈദഗ്‌ദ്ധ്യ പോഷണത്തിനും നഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിംഗ് കോഴ്സിനായും നീക്കി വെച്ച കോടികൾ, 2020 ൽ പുനരധിവാസവുമായി ബന്ധപ്പെട്ട സാന്ത്വനം പദ്ധതി തുടങ്ങിയവ എത്രത്തോളം പ്രവാസികൾക്ക് പ്രയോജനപ്പെട്ടു എന്നതും പരിശോധിക്കണമെന്നും പ്രവാസികൾ അഭിപ്രായപ്പെട്ടു.
വർഷങ്ങൾ മരുഭൂമിയിൽ സമ്പാദിച്ച് നാട്ടിൽ സംരഭങ്ങൾ തുടങ്ങുമ്പോൾ നേരിടുന്ന എതിർപ്പുകളും അവസാനം ഗതിയില്ലാതെ ആത്മഹത്യ ചെയ്‌ത സംഭവങ്ങളും കേരളം കണ്ടതാണെന്നും ഇതിനെല്ലാം തടയിടാനുള്ള ശക്തമായ നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടാകുന്നതോടൊപ്പം എത്രത്തോളം പ്രവാസികൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് കൂടി പരിശോധിക്കാൻ പ്രത്യേക സംവിധാനങ്ങളും നടപ്പാക്കുകയും വേണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."