പെരിയ ഇരട്ടക്കൊല ക്യാംപ് ചെയ്തുള്ള അന്വേഷണത്തിന് സി.ബി.ഐ ഇന്ന് കാസര്‍ക്കോട്ടെത്തും
കാസര്‍കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസ് അന്വേഷണത്തിന് സി.ബി.ഐ സംഘം ഇന്ന് കാസര്‍ക്കോട്ടെത്തും. അന്വേഷണ സംഘത്തിലെ സി.ഐ ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് ഇന്ന് കാസര്‍ക്കോട്ടെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ക്യാംപ് ഓഫിസില്‍ എത്തുന്നത്. കാസര്‍കോട്ട് ക്യാംപ് ചെയ്തു കേസന്വേഷണം നടത്തുന്നതിനാണ് സി.ബി.ഐ സംഘം എത്തുന്നത്.
വരുന്ന തിങ്കളാഴ്ചയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ കേസന്വേഷണ ചുമതലയുള്ള സി.ബി.ഐ ഡിവൈ.എസ്.പിയും മറ്റു ഉദ്യോഗസ്ഥരും കാസര്‍ക്കോട്ടെത്തും. ഇവര്‍ക്ക് പുറമെ സി.ബി.ഐയുടെ ഡല്‍ഹിയില്‍ നിന്നുള്ള ജോയിന്റ് ഡയരക്ടറും പ്രസ്തുത ദിവസത്തില്‍ കാസര്‍ക്കോട്ടെത്തുമെന്നാണ് വിവരം. ഇതോടെ കേസില്‍ സി.ബി.ഐ ഊര്‍ജിത അന്വേഷണം തുടങ്ങും.
പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ 2019 ഫെബ്രുവരി 17 നു വൈകുന്നേരം ഏഴോടെ ഒരുകൂട്ടം സി.പി.എം നേതാക്കളും പ്രവര്‍ത്തകരും അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സുപ്രിം കോടതി വരെ നീണ്ട നിയമയുദ്ധത്തിന് ശേഷം സി.ബി.ഐ അന്വേഷണം നടത്തുന്നത്.
യാതൊരു പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ വളരെ ആസൂത്രിതമായി ഇരുവരെയും വക വരുത്തിയത്. ശരത് ലാലിന്റെ വീട്ടിലേക്കു പോകുന്ന വഴിയിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്. കേസില്‍ സി.പി.എം പെരിയ ബ്രാഞ്ച് കമ്മിറ്റിയംഗം പീതാംബരന്‍,ഉദുമ ഏരിയ മുന്‍ സെക്രട്ടറി കെ,മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ 14 പേരെ പൊലി സും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ അറസ്റ്റു ചെയ്തിരുന്നു.
പീതാംബരനെ അറസ്റ്റു ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. കേസിലെ പ്രതികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും ആയുധങ്ങള്‍ ഉള്‍പ്പെടെ ഒളിപ്പിച്ചു വെക്കാനും സംഭവ സമയത്ത് ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠന്‍ സഹായിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.
അറസ്റ്റിലായ മണികണ്ഠന്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്നതിന് വേണ്ടി മണികണ്ഠന്‍ ഉദുമ ഏരിയാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ജില്ലയിലെ ഒരു ജനപ്രതിനിധിക്കും സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കും കൊലപാതക സംഭവത്തില്‍ പങ്കുണ്ടെന്നു ആരോപിച്ചു കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ വാദികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്ന് ഇതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി വരെ നിയമയുദ്ധം നടത്തിയെങ്കിലും സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായില്ല.സംസ്ഥാന ഖജനാവില്‍ നിന്നും അഭിഭാഷക ഫീസിനത്തില്‍ ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതി വരെ കയറി ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."