ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന: വെര്‍ജീനിയില്‍ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കി. വ്യാഴാഴ്ച അര്‍ധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു സംഭവം. ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്.
1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്. 45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്.
പതിമൂന്നാം വയസില്‍ മയക്കുമരുന്നിനടിമയായ മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ജോണ്‍സന്‍ പതിനെട്ടു വയസുവരെ വളര്‍ന്നത് കുട്ടികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഫെസിലിറ്റിയിലായിരുന്നു. 18 വയസില്‍ അവിടെ നിന്നും സമൂഹത്തിലേക്കിറങ്ങുമ്പോള്‍ ജീവിക്കാന്‍ ഒരു തൊഴിലും പരിശീലിക്കാതെയായിരുന്നു. മാനസിക വളര്‍ച്ചയെത്താത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു. കോവിഡിനുശേഷം ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന വാദവും കോടതി നിരാകരിച്ചു.
വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. അവസാനത്തെ ഭക്ഷണമായി പിസായും സ്‌ട്രോബറി ഷേക്കും കഴിച്ചാണ് ഡെത്ത് ചേംബറിലേക്ക് പ്രവേശിച്ചത്. വിഷം കുത്തിവെച്ചു 20 മിനിറ്റിനുശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന്‍ അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."