കൊല്ലത്ത് കേരളാ കോണ്‍ഗ്രസ് ബിയും യൂത്ത് കോണ്‍ഗ്രസും നേര്‍ക്കുനേര്‍
കൊല്ലം: കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് പത്തനാപുരത്ത് കെ.ബി ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ കൊല്ലത്ത് കേരളാ കോണ്‍ഗ്രസ് ബിയും യൂത്തുകോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരില്‍. എം.എല്‍.എയ്‌ക്കെതിരേ വെട്ടിക്കവല പഞ്ചായത്തിലെ കോക്കാടായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരം നടത്തിയത്.
സമരക്കാര്‍ക്കെതിരേ എം.എല്‍.എയുടെ പി.എയും ഗുണ്ടകളും ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയില്‍വാസത്തിനു ശേഷം ജാമ്യത്തില്‍ കഴിയുന്ന എം.എല്‍.എയുടെ പി.എ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നാണ് മര്‍ദനമേറ്റവരുടെ പരാതിയില്‍ പറയുന്നത്. പ്രവര്‍ത്തകരെ മര്‍ദിക്കുന്ന സമയത്ത് കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന് എം.എല്‍.എ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്നെന്നും ആക്രമികള്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് തയാറായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പ്രതിഷേധിച്ച് വെട്ടിക്കവല പൊലിസ് സ്‌റ്റേഷനിലേക്ക് ഇന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. കോക്കാട് ക്ഷീരോല്‍പാദക സംഘം കെട്ടിടോദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസുകാരായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെംബറെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇത് എം.എല്‍.എയുടെ പി.എയുടെ നേതൃത്വത്തില്‍ കീറിക്കളഞ്ഞതായി കോണ്‍ഗ്രസ് ആരോപിച്ചു. ചടങ്ങിന് എം.എല്‍.എ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. എം.എല്‍.എയുടെ പി.എ പ്രദീപിന് ഉപാധികളോടെ കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."