എഴുതാന്‍ ആഗ്രഹിക്കാത്ത കുറിപ്പാണിത്
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരു പറയുന്നതാണ് ശരിയെന്ന് അറിയില്ല. ഒരുപക്ഷേ, പിതാവ് പറയുന്നതാവാം ശരി. അതല്ലെങ്കില്‍ മാതാവിന്റേതാവാം ശരിയുടെ പക്ഷം.
മനുഷ്യത്വമുള്ള, ധാര്‍മികമൂല്യങ്ങള്‍ക്കു വിലമതിക്കുന്ന ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത കേട്ടതുമുതല്‍ എന്താണു സത്യത്തില്‍ സംഭവിച്ചതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണു നാട്ടുകാര്‍. അവരുടെ ആശയക്കുഴപ്പത്തിന് ആഴം വര്‍ധിപ്പിച്ചുകൊണ്ട് ശിശുക്ഷേമ സമിതി ചെയര്‍പേഴസണും പൊലിസും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവരികയും ചെയ്തിരിക്കുന്നു.
ഏതു പക്ഷമാണു ശരിയെന്നതല്ല നമ്മെ അസ്വസ്ഥമാക്കേണ്ട പ്രശ്‌നം, ഇരുപക്ഷത്തായി നില്‍ക്കുന്ന രക്ഷിതാക്കളിലൊരാള്‍ പറയുന്നത് കളവാണെന്നതാണ്. ആരു പറയുന്നതാണു കളവെങ്കിലും അതില്‍ ഇരകളാക്കപ്പെട്ടത് അവരിരുവരും ജന്മം നല്‍കിയ മക്കളാണെന്നതാണ് കടയ്ക്കാവൂര്‍ സംഭവത്തിലെ ഏറ്റവും ഭീതിദമായ കാര്യം.
മാതാവോ പിതാവോ മക്കളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന സംഭവം പറയാനോ കേള്‍ക്കാനോ, മനുഷ്യത്വം മനസില്‍ ഇത്തിരിയെങ്കിലും അവശേഷിക്കുന്നവര്‍ ആഗ്രഹിക്കില്ല. കടയ്ക്കാവൂര്‍ പോക്‌സോ കേസ് വാര്‍ത്തയില്‍ ഇടംപിടിച്ചിട്ട് ആഴ്ചകള്‍ ഏറെയായെങ്കിലും വീണ്ടുവിചാരത്തില്‍ അതു വിഷയമാക്കാന്‍ മനസ്സുവന്നില്ല. പറയാന്‍ പാടില്ലാത്ത വിഷയം എന്ന തോന്നലാണ് ഉണ്ടായിരുന്നത്.
പക്ഷേ.., വിവാദങ്ങള്‍ക്കു നടുവില്‍ ഒരു തെറ്റും ചെയ്യാതെ കൗതുകക്കാഴ്ചകളോ പരിഹാസപാത്രങ്ങളോ ആയി ജീവിക്കാന്‍ വിധിക്കപ്പെട്ട നാലു കുഞ്ഞുങ്ങളുടെ, ഇതുവരെ കണ്ടിട്ടില്ലാത്ത ദയനീയ മുഖങ്ങള്‍ മനസില്‍ നിന്നു മാഞ്ഞുപോകുന്നില്ല. മാതാപിതാക്കള്‍ക്കിടയില്‍ നിയമപ്പോരിനിടയില്‍ ഇരയായി മാറുന്ന നിരവധി കിടാങ്ങളുടെ മുഖങ്ങളും ഹൃദയം കീറിമുറിച്ചുകൊണ്ടു കടന്നുവരികയും ഉറക്കം കെടുത്തുകയും ചെയ്യുകയാണ്.
അതുകൊണ്ടാണ്.., അതുകൊണ്ടു മാത്രമാണ് എഴുതാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത വിഷയത്തെക്കുറിച്ച് ഇങ്ങനെയൊരു കുറിപ്പെഴുതുന്നത്. നാല്‍പ്പത്തഞ്ചുകാരിയായ മാതാവ് പതിമൂന്നു വയസുള്ള മകനെ ഏറെക്കാലം ലൈംഗികമായി ചൂഷണം ചെയ്തുവെന്നതാണു കടയ്ക്കാവൂര്‍ കേസ്. കേസിന് ഗൗരവവും ബലവും നല്‍കുന്നത് ആ ബാലകന്‍ കൗണ്‍സലിങ്ങിനിടയില്‍ നടത്തിയ വെളിപ്പെടുത്തലും അതു സംബന്ധിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടുമാണ്.
സി.ഡബ്ല്യു.സി നല്‍കിയ റിപ്പോര്‍ട്ട് പരാതിയായി കണക്കാക്കി പൊലിസ് ഉടനടി കേസെടുത്തു. മാതാവിനെ അറസ്റ്റു ചെയ്തു. ഏതാണ്ടൊരു മാസക്കാലമായി ആ മാതാവ് ജയിലിലാണ്.
മാതാവ് ലൈംഗികപീഡനം നടത്തിയെന്ന കേസ് കേരളത്തില്‍ ആദ്യമായാണു കേള്‍ക്കുന്നതെന്നു തോന്നുന്നു. അതിനാല്‍ അതിപ്പോഴും വിശ്വസിക്കാന്‍ നമുക്കൊന്നും ആവുന്നില്ല. ആ കേട്ടതു ശരിയാവാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുകയാണു നമ്മള്‍.
പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന കുട്ടിയുടെ പേരു സ്വാഭാവികമായും വാര്‍ത്തകളില്‍ വന്നിട്ടില്ല, വരികയുമില്ല. പക്ഷേ, അതുകൊണ്ട് ആ കുട്ടിയും അവന്റെ സഹോദരങ്ങളും അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ഇല്ലാതാവുന്നില്ലല്ലോ. ടെലിവിഷന്‍ ചാനലുകളിലും പത്രത്താളുകളിലും വളരെ വിശദമായി ആ വാര്‍ത്ത നിരന്തരം വന്നുകൊണ്ടിരിക്കുമ്പോള്‍, അതില്‍ തന്റെ പേരില്ലെങ്കിലും എത്ര മാത്രം മാനസിക വ്യഥ ആ പതിമൂന്നുകാരന്‍ അനുഭവിക്കുന്നുണ്ടാകും. ബന്ധുക്കളുടെയും അയല്‍ക്കാരുടെയുമൊക്കെ മനസിലും വാക്കിലും അവര്‍ തിരിച്ചറിയപ്പെടുന്ന പേരുകള്‍ തന്നെയായിരിക്കുമല്ലോ.
മാതാവ് മകനെ പീഡിപ്പിച്ചുവെന്നതു തെളിയിക്കാന്‍ വാശിയോടെ പിതാവും അദ്ദേഹത്തിന്റെ ബന്ധുക്കളും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സത്യം തെളിയിക്കാന്‍ മകനെ ഏതൊക്കെ വിധത്തില്‍ ചോദ്യം ചെയ്യാനും സമ്മതമാണെന്നു പിതാവ് പ്രഖ്യാപിച്ചു കഴിഞ്ഞു. മകനെ നുണപരിശോധന നടത്തണമെങ്കില്‍ അതിനും തയാറാണെന്നു പറയുന്നു പിതാവും പക്ഷവും.
പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവരുടെ മാതാപിതാക്കളും ബന്ധുക്കളും അതേ വാശിയില്‍ രംഗത്തുണ്ട്. മാതാവിനു നീതി എന്ന മുദ്രാവാക്യത്തോടെ അവരുടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇരുപക്ഷവും രംഗം കൊഴുപ്പിക്കുമെന്നര്‍ഥം.
ഇതിനിടയില്‍ വാര്‍ത്തയ്ക്കു മുകളില്‍ വാര്‍ത്തയുമായി ശിശുക്ഷേമ സമിതിയും പൊലിസും ഈ പീഡനവിഷയത്തില്‍ കൊമ്പുകോര്‍ക്കാനും തുടങ്ങി. കാര്യമന്വേഷിക്കാതെ പൊലിസ് അനാവശ്യമായ ധൃതി കാട്ടി പ്രശ്‌നം വഷളാക്കിയെന്നാണ് ശിശു ക്ഷേമ സമിതി അധ്യക്ഷയുടെ ആരോപണം. ഈ കേസില്‍ തന്നെ പരാതിക്കാരിയാക്കി അപമാനിച്ചെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
ശിശുക്ഷേമസമിതി നല്‍കിയ കൗണ്‍സലിങ് റിപ്പോര്‍ട്ടും കത്തും പുറത്തുവിട്ടുകൊണ്ടാണ് അതിനു പൊലിസ് മറുപടി നല്‍കിയത്. ശിശുക്ഷേമസമിതി പോലുള്ള ആധികാരിക പ്രസ്ഥാനം കൗണ്‍സലിങ് നടത്തി പീഡനം നടന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും കേസെടുത്തില്ലെങ്കില്‍ എല്ലാവരും പൊലിസിനെ കടിച്ചുകീറാന്‍ വരില്ലേ എന്നതാണ് അവരുടെ നിലപാട്.
ഇപ്പറയുന്നതില്‍ ഏതൊക്കെയാണു സത്യം ഏതൊക്കെയാണു കളവ് എന്നറിയാന്‍ ഉന്നത തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലിസ് മേധാവി. അന്വേഷണവും നിറമുള്ള കഥകളും ഇനിയും നീളുമെന്നര്‍ഥം.
അതൊക്കെ നീളുവോളവും തീരുവോളവും പീഡിപ്പിക്കപ്പെട്ട ആ കുട്ടിയും അവന്റെ പതിനേഴും പതിനൊന്നും വയസായ സഹോദരന്മാരും ആറുവയസുള്ള സഹോദരിയും സമൂഹത്തിനു മുന്നില്‍ ഇരകളായും പരിഹാസ പാത്രങ്ങളായും കഴിയേണ്ടിവരും.
ഒരുപക്ഷേ, സമീപഭാവിയില്‍ ഈ കേസ് വാര്‍ത്തകളില്‍ നിന്നു മറഞ്ഞേയ്ക്കാം. എന്നാലും, ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുങ്ങള്‍ക്കു മേല്‍ പതിച്ച കറുത്ത ചായം മാഞ്ഞുപോകില്ല. ജീവിതാന്ത്യം വരെ അതവരെ വേട്ടയാടിയേക്കാം.പിതാവിനാല്‍, സഹോദരനാല്‍, ഉറ്റബന്ധുക്കളാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈ കേരളത്തില്‍ അടുത്തകാലത്തായി നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ആ വാര്‍ത്തകളോരോന്നും വായിക്കാന്‍ വിധിക്കപ്പെടുമ്പോള്‍.., ദൈവമേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ഥനയാണു മിക്ക മനുഷ്യരുടെയും മനസിലുണ്ടാവുക.
എങ്കിലും... അത്തരം വാര്‍ത്തകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. ദമ്പതികള്‍ക്കിടയിലെ പിണക്കവും കലഹവും വിവാഹബന്ധം വേര്‍പെടുത്തലിലേയ്ക്കു നീങ്ങുമ്പോള്‍ അവിടെ ആയുധമാക്കപ്പെടുന്നതു മക്കളെ പീഡിപ്പിച്ച കഥകളാണ്. മിക്കപ്പോഴും പിതാവ്..., കടയ്ക്കാവൂര്‍ കേസിലെന്നപോലെ അത്യപൂര്‍വായി മാതാവ് പീഡകവേഷത്തില്‍ എത്തുകയോ ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നു.
അത്തരം പീഡനക്കേസുകളില്‍ പലതും വിവാഹബന്ധവിച്ഛേദത്തിനുള്ള തുരുപ്പുചീട്ടുകള്‍ മാത്രമാണെന്നു കോടതികള്‍ കണ്ടെത്തിയിട്ടുണ്ട്. കടയ്ക്കാവൂര്‍ കേസിലും പീഡനം ഒരുപക്ഷേ, ഉണ്ടാക്കപ്പെട്ട തുരുപ്പുചീട്ടാകാം. സത്യവുമാകാം.
രണ്ടായാലും... നാം ഓര്‍ക്കേണ്ടത് ചെയ്യാത്ത കുറ്റത്തിനു ഇരകളും പരിഹാസപാത്രങ്ങളുമാക്കപ്പെടുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."