123 ക്ലസ്റ്ററുകളിൽ കൂടുതൽ സ്‌കൂളുകളും കോളജുകളും ; കോളജുകൾ അടച്ചേക്കും; തീരുമാനം നാളെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളജുകൾ അടച്ചിടുന്നത് സർക്കാർ പരിഗണനയിൽ.
തലസ്ഥാനത്തെ സ്വകാര്യ കോളജ് ഒമിക്രോൺ ക്ലസ്റ്ററും സംസ്ഥാനത്തെ വിവിധ കോളജുകൾ കൊവിഡ് ക്ലസ്റ്ററുമായി മാറിയ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കോളജുകളും അടച്ചിടാൻ ആലോചിക്കുന്നത്. നാളെ നടക്കുന്ന കൊവിഡ് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്‌കൂളുകളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ കാര്യത്തിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് രൂപപ്പെട്ട 123 കൊവിഡ് ക്ലസ്റ്ററുകളിൽ സ്‌കൂളുകളും കോളജുകളും കൂടുതലായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നത്. കോളജുകൾ അടച്ചിടുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആർ.ബിന്ദു പറഞ്ഞു. പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ തലസ്ഥാനത്ത് മാത്രം നാല് കോളജുകൾ ഇതിനോടകം അടച്ചു.
■ മന്ത്രി
ശിവൻകുട്ടിക്ക് കൊവിഡ്
മന്ത്രി വി.ശിവൻകുട്ടിക്കു കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."