പ്രണയിനിയും കാമുകനും
ഒരു കാമുകന്‍ അദമ്യമായ പ്രണയത്തോടെ തന്റെ പ്രണയിനിയുടെ വാതിലില്‍ മുട്ടി. 'ആരാണ്?' പ്രണയിനി അകത്തുനിന്നു ചോദിച്ചു. 'ഞാനാണ്' കാമുകന്‍ പ്രതീക്ഷാപൂര്‍വ്വം മറുപടി പറഞ്ഞു. 'പൊയ്‌ക്കോളൂ. നിങ്ങളെ പോലുള്ള ഒരാള്‍ക്ക് ഈ വീട്ടില്‍ സ്ഥലമില്ല'. പ്രണയിനി പറഞ്ഞു. സങ്കടത്തോടെ അവള്‍ ഇത്രകൂടി മൊഴിഞ്ഞു. 'നിങ്ങള്‍ ഇനിയും പക്വത നേടിയിട്ടില്ല. വേവാത്ത ഭക്ഷണം പോലെയാണ് നിങ്ങള്‍. നിങ്ങള്‍ നിങ്ങളെ നിങ്ങളായി കാണുകയും അതേസമയം എന്നോട് പ്രേമമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അവനവനെ മാത്രം കാണുന്ന കാമുകന്‍ എങ്ങനെ കാമുകനാവും? ശരിക്കും വെന്തു പാകമാകുന്നത് വരെ അയാള്‍ വിരഹ വേദനയുടെ തീയില്‍ ഉരുകണം'.
അവള്‍ വാതില്‍ തുറന്നില്ല.
വ്യഥിതനായ കാമുകന്‍ പതുക്കെ അവിടെ നിന്ന് പിന്‍വാങ്ങി. പെട്ടെന്ന് തന്നെ അവന്‍ നഗരം വിട്ട് എങ്ങോട്ടോ പോയി. പന്ത്രണ്ട് മാസത്തോളം പല ദേശങ്ങളില്‍ അലഞ്ഞതിനു ശേഷം വിരഹം സഹിക്കാനാവാതെ, ശക്തി സംഭരിച്ച് അവന്‍ ഒരിക്കല്‍ കൂടി പ്രണയിനിയുടെ വീട്ടുപടിക്കല്‍ എത്തി. അവന്‍ പ്രതീക്ഷാപൂര്‍വ്വം വാതിലില്‍ മുട്ടി. 'ആരാണ്' അകത്ത് നിന്ന് ചോദ്യമുയര്‍ന്നു.
'മറ്റാരുമല്ല നീ തന്നെ': വിനയ പുരസരം അവന്‍ ഉരിയാടി.
'ഹോ! ഇപ്പോള്‍ നീ നിന്നെ മാത്രം കാണുന്ന അവസ്ഥയില്‍ നിന്ന് മോചിതനായിരിക്കുന്നു. നീ ഞാനായി മാറിയിരിക്കുന്നു. ഈ വീട്ടില്‍ ഒരേ സമയം രണ്ടാള്‍ക്ക് താമസിക്കാന്‍ പറ്റുകയില്ല. നീ ഞാനും ഞാന്‍ നീയും ആയ സ്ഥിതിക്ക് ഇപ്പോള്‍ നിനക്ക് പ്രവേശിക്കാം'.
അവള്‍ ശ്രദ്ധാപൂര്‍വ്വം വാതില്‍ തുറന്ന് അവനെ അകത്ത് പ്രവേശിപ്പിച്ചു. 'ഇനി മുതല്‍ നാം രണ്ടല്ല. ഒന്നാണ്' അവള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."