സമസ്ത ബഹ്റൈന്‍റെ നിസ്വാര്‍ത്ഥ സേവകര്‍ ഹമീദ്ച്ചയും നാസർക്കയും പ്രവാസജീവിതം അവസാനിപ്പിച്ച് നാളെ നാടണയുന്നു..
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹ്റൈനിലെ പ്രവാസി ഘടകമായ 'സമസ്ത ബഹ്റൈന്‍' രൂപീകൃതമായതു മുതല്‍ നിസ്വാര്‍ത്ഥ സേവകനായി കൂടെയുള്ള കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ഹമീദ്ച്ച എന്ന സി.എച്ച് അബ്ദുല്‍ ഹമീദും ഒപ്പം പാലക്കാട്- മാത്തൂർ പുത്തൻകളം അബ്ദുൽ നാസർ എന്ന നാസർക്കയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാളെ(ജനു.18ന് തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങുന്നു.
മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചവര്‍ക്കും സമസ്തയുടെ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുത്തവര്‍ക്കുമെല്ലാം ഏറെ സുപരിചിതരായ ഇരുവരും അക്ഷരാര്‍ത്ഥത്തില്‍ 'സമസ്തയുടെ ഖാദിമുകളായി' സേവനമനുഷ്ടിക്കുന്നവരാണെന്ന് സമസ്ത ഭാരവാഹികളും പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു..
1982 ഡിസംബർ 14നാണ് അബ്ദുല്‍ ഹമീദ് ആദ്യമായി ബഹ്റൈനിലെത്തിയത്.
തുടര്‍ന്ന് കഴിഞ്ഞ 37 വർഷവും ഒരേ കമ്പനിയിൽ വിവിധ തസ്തികകളിലായി ജോലി ചെയ്ത് വരികയായിരുന്നു.
ഇതിനിടെ പ്രായം 60 പിന്നിട്ടതിനാൽ ബഹ്റൈന്‍ നിയമമനുസരിച്ച് തൊഴില്‍ വീസ ഇനി പുതുക്കാനാവാത്തതിനാലാണ് ഹമീദ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്റൈന്‍ വിടുന്നത്. ഈ സാഹചര്യത്തില്‍ സമസ്ത ബഹ്റൈന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും പിരിയുന്നതിലാണ് തനിക്ക് കൂടുതല്‍ പ്രയാസമെന്ന് അദ്ദേഹം ഇവിടെ സുപ്രഭാതത്തോടു പറഞ്ഞു.
സമസ്തയുമായുള്ള ഈ ആത്മബന്ധത്തിന് ഹമീദിന് മാത്രമായ കാരണങ്ങൾ ഏറെയുണ്ട്..
സമസ്ത ബഹ്റൈനില്‍ രൂപീകൃതമായ ആദ്യ കാലങ്ങളില്‍ ഫളീല ഹോട്ടലിനു മുകളിലും പിന്നീട് സ്കൈ മൊബൈലിനു മുകളിലും ഇപ്പോള്‍ ഗോള്‍ഡ് സിറ്റിയിലുമെല്ലാം തുടരുന്ന വാരാന്ത്യ സ്വലാത്ത് മജ് ലിസുകളോടനുബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ സേവന പ്രവർത്തനങ്ങള്‍ ഇതിൽ ശ്രദ്ദേയമാണ്.
ആഴ്ചകള്‍ തോറും സ്വലാത്ത് മജ് ലിസ് ആരംഭിക്കും മുന്പ് ഹമീദ് ഇവിടെ എത്തി മജ് ലിസുകളില്‍ വിശ്വാസികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും.
ശേഷം അവർക്ക് വിതരണം ചെയ്യാനുള്ള പായസവും മറ്റും തയ്യാറാക്കി വിതരണം ചെയ്യും. ഇതിനിടെ മദ്റസക്ക് വേണ്ടിയുള്ള ബക്കറ്റ് കലക്ഷനും സിഡി/പുസ്തകം എന്നിവയുെടെ വിതരണവും നടത്തും.
എല്ലാം കഴിഞ്ഞ് സ്ഥലം പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷമാണ് റൂമിലേക്ക് മടങ്ങുക. റൂമിലെത്തുന്പോള്‍ ചിലപ്പോള്‍ രാത്രി 2 മണിയെങ്കിലും ആകാറുണ്ടെന്ന് ഹമീദ് പറയുന്നു. ഹമീദ്ക്കക്ക് സഹായിയായി മിക്കപ്പോഴും കൂടെയുണ്ടാകുന്നതും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാസര്‍ക്ക എന്ന പാലക്കാട് -മാത്തൂർ പുത്തൻകളം സ്വദേശി അബ്ദുൽ നാസറാണ്.
നാസര്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത് 32 വര്‍ഷങ്ങള്‍ക്കു മുന്പ് സഊദി അറേബ്യയില്‍ നിന്നാണ്. 24 വര്‍ഷം നീണ്ട സഊദിയിലെ പ്രവാസ ജീവിതത്തിനു ശേഷം ബഹ്റൈനിലെ 8 വര്‍ഷവും പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ പ്രവാസം അവസാനിപ്പിക്കുന്നത്.
ശിഷ്ട കാലം കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണിപ്പോള്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതെന്ന് നിലവില്‍ മനാമ അൽ റീഫ് െഎലൻഡിൽ ഗാർഡനറായി ജോലി ചെയ്യുന്നനാസര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇരുവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ അതുല്യവും മറക്കാനാവാത്തതുമാണെന്ന് സമസ്തയുടെ ബഹ്റൈന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നു.
സമസ്ത ബഹ്റൈന്‍ ഓഫീസും ഹാളും മദ്റസാ ക്ലാസ് റൂമുകളുമെല്ലാം എപ്പോഴും വൃത്തിയിരിക്കാനും ഇവിടെ എത്തുന്നലവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ഇരുവരും ബന്ദ ശ്രദ്ധരാണെന്നും എണ്ണയിട്ട യന്ത്രം പോലെയാണ് ഇരുവരുടെയും മദ്റസയിലെ സേവനങ്ങളെന്നും പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
നാട്ടിലും ബഹ്റൈനിലുമായി സമസ്തയുടെ നേതാക്കളും പ്രവര്‍ത്തകരുമായി വിപുലമായ ഒരു സൗഹൃദ നിര തന്നെ ഇപ്പോള്‍ ഇരുവര്‍ക്കുമുണ്ട്. സമസ്ത നേതാക്കളുമായുള്ള ഈ അടുപ്പവും ബന്ധവും തത്ഫലമായി അവരില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനകളുമാണ് ഇരു ലോകത്തും തങ്ങളുടെ ഏക പ്രതീക്ഷയും മുതല്‍കൂട്ടുമെന്നാണ് ഇരുവര്‍ക്കും പറയാനുള്ളത്.
ഇരുവര്‍ക്കുമായി സമസ്ത ബഹ്റൈന്‍ ഒരുക്കുന്ന യാത്രയയപ്പ് സംഗമം ഇന്ന് (ഞായര്‍) പ്രാദേശിക സമയം വൈകിട്ട് 7.മണിക്ക് ഓണ്‍ലൈനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി, ജംഇയ്യത്തുൽ മുഅല്ലമീൻ , എസ്.കെ.എസ് .എസ് .എഫ് കമ്മറ്റികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സംഗമത്തിന്‍റെ തല്‍സമയ സംപ്രേഷണം https://www.facebook.com/SamasthaBahrain എന്ന പേജില്‍ ലഭ്യമായിരിക്കും
Zoom Meeting Link: https://bit.ly/39DWsND, Meeting ID: 858 2707 7372, Passcode: samastha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."